വെളിച്ചെണ്ണ പോലെ തന്നെ മലയാളിൾക്ക് ഏറെ പ്രിയപ്പെട്ട എണ്ണയാണ് കടുകെണ്ണയും. നിരവധി ആരോഗ്യ ഗുണങ്ങൾ കടുകെണ്ണയ്ക്കുണ്ട്. കടുകെണ്ണയിൽ ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ചർമ്മത്തിൻ്റെയും മുടിയുടെയും പ്രശ്‌നങ്ങൾ തടയാൻ സഹായിക്കുന്നു. കടുകെണ്ണ ഉപയോഗിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങളറിയാം.
ഹൃദയാരോഗ്യം
മോണോ അൺസാച്ചുറേറ്റഡ് കൊഴുപ്പും ഒലേയ്ക്ക് ആസിഡും കടുകെണ്ണയിൽ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തെ ആരോഗ്യമുള്ളതും കൊളസ്ട്രോൾ നിയന്ത്രിക്കുകയും ചെയ്യുന്നു. ഇത് ഹൃദയാഘാതവും പക്ഷാഘാതവും വരാനുള്ള സാധ്യത കുറയ്ക്കുന്നു.
തലമുടിക്ക് നല്ലത്
കടുകെണ്ണ മുടി വളർച്ച വേഗത്തിലാക്കുന്നു. മുടിയുടെ പോഷണത്തിനും ജലാംശത്തിനും ആവശ്യമായ വിറ്റാമിൻ എ, ഇ എന്നിവ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയിൽ മസാജ് ചെയ്യുന്നത് രക്തചംക്രമണം വർദ്ധിപ്പിക്കുകയും മുടിക്ക് കരുത്തും തിളക്കവും നൽകുകയും ചെയ്യും. കടുകെണ്ണ പോലുള്ള എണ്ണകൾക്ക് മുടി കൊഴിച്ചിൽ ഗണ്യമായി കുറയ്ക്കാനും മുടിയുടെ വേരുകൾ ശക്തിപ്പെടുത്താനും കഴിയുമെന്ന് ഇൻ്റർനാഷണൽ ജേണൽ ഓഫ് ട്രൈക്കോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
ദഹനം
കടകെണ്ണ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. മലബന്ധം, ബ്ലോട്ടിങ്ങ്, ഗ്യാസ് തുടങ്ങിയ ദഹനപ്രശ്നങ്ങൾ തടയാനും കടുകെണ്ണ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. അന്നനാളത്തിലെ ഇൻഫ്ലമേഷൻ കുറയ്ക്കാനും ഇത് സഹായിക്കുന്നു.
ആന്റി ഓക്സിഡന്റുകൾ
കടുകെണ്ണയിൽ സെലെനിയം ഉൾപ്പെടയുള്ള ആന്റ് ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ ഉപദ്രവകാരികളായ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്നു. ഫ്രീ റാഡിക്കലുകൾ കോശങ്ങൾക്കും കലകൾക്കും ഓക്സീകരണനാശമുണ്ടാക്കുകയും ഇത് ഗുരുതര രോഗങ്ങൾക്കും അകാലവാർധക്യത്തിനും കാരണമാകും. കടുകെണ്ണ ഉപയോഗിക്കുന്നതു വഴി കോശങ്ങളിലെ ഓക്സീകരണ സമ്മർദം കുറച്ച് ആരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കും.
ഫാറ്റി ആസിഡുകൾ
ഒമേഗ3, ഒമേഗ6 ഫാറ്റി ആസിഡുകളുടെ ഉറവിടമാണ് കടുകെണ്ണ. തലച്ചോറിന്റെ പ്രവർത്തനം, ഹോർമോണുകളുടെ ഉൽപാദനം, ഇൻഫ്ലമേഷന്റെ നിയന്ത്രണം തുടങ്ങിയവയിൽ ഫാറ്റി ആസിഡുകൾ പ്രധാന പങ്ക് വഹിക്കുന്നു. കടുകെണ്ണ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ഈ അവശ്യ പോഷകങ്ങൾ ലഭിക്കും.