തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യരുമായി ചർച്ച നടത്തിയിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. ബി.ജെ.പിയുമായി തെറ്റി നിൽക്കുന്ന സന്ദീപ് വാര്യർക്ക് അത്ര പെട്ടെന്ന് സി.പി.എമ്മിലേക്ക് വരാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എ.കെ ബാലനുമായി സന്ദീപ് വാര്യർ ചർച്ച നടത്തിയെന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
കുഴൽപ്പണക്കേസിൽ ബിജെപി എന്ത് വിശദീകരണം നൽകിയാലും കേരളത്തിലെ ജനങ്ങൾ വിശ്വസിക്കാൻ പോകുന്നില്ലെന്ന് ഗോവിന്ദൻ പറഞ്ഞു. എൻഫോഴ്സ്മെന്റ് ഡയറക്ടേററ്റും ഇൻകം ടാക്സുമാണ് കുഴൽപ്പണക്കേസിൽ നടപടി സ്വീകരിക്കേണ്ടത്. കോൺഗ്രസുമായി ബി.ജെ.പിയുടെ ഡീലിലാണ് ഇതെന്ന് ഗോവിന്ദൻ കുറ്റപ്പെടുത്തി.
Also Read: ‘കണ്ണിൽ കണ്ട സത്യങ്ങൾ വിളിച്ച് പറയുന്നത് തുടരും’: തിരൂർ സതീശ്
പാർട്ടിയിലെ അഭിപ്രായ ഭിന്നതകൾ കാരണം സന്ദീപ് വാര്യർ ബി.ജെ.പി വിടാൻ ഒരുങ്ങുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ. അതേസമയം, സി.പി.എമ്മുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ പറഞ്ഞു. വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.
അതേസമയം, മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ സംസ്ഥാന സർക്കാർ ഇടപെടുമെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. ഇക്കാര്യത്തിൽ കൃത്യമായ നിലപാട് സ്വീകരിക്കും. വിഷയത്തിൽ സർക്കാർ പ്രത്യേക യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.