സ്‌കൂള്‍ വാഹനത്തിലെ ഡ്രൈവിംഗ് രീതികള്‍ കുട്ടികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും, ഇത് അവരെ തീര്‍ച്ചയായും സ്വാധീനിക്കുമെന്നും ഡ്രൈവിംഗ് സംസ്‌കാരം വളരുന്നത് മുതിര്‍ന്നവരുടെ ഡ്രൈവിംഗിനെ ആശ്രയിച്ചാണെന്നും, അതുകൊണ്ടുതന്നെ മാതൃകാപരമായി വാഹനങ്ങള്‍ ഓടിക്കാന്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കണം എന്നും എംവിഡി പറയുന്നു. സംസ്ഥാനത്ത് പുതിയ അധ്യയനവര്‍ഷം ആരംഭിച്ചിരിക്കുന്നു. സ്‌കൂളുകള്‍ ഇന്ന് തുറന്നുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ ശ്രദ്ധേയമാകുകയാണ് സ്‌കൂള്‍ വാഹനങ്ങളെപ്പറ്റി മോട്ടോര്‍ വാഹനവകുപ്പ് തയ്യാറാക്കിയിരിക്കുന്ന ഒരു വീഡിയോ. അദ്ധ്യാപകര്‍, സ്‌കൂള്‍ അധികൃതര്‍, രക്ഷകര്‍ത്താക്കള്‍, ബസ് ഡ്രൈവര്‍മാര്‍, കുട്ടികള്‍ ഒക്കെ തീര്‍ച്ചയായും കണ്ട് മനസ്സിലാക്കേണ്ട കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മാവേലിക്കര സബ് ആര്‍ടി ഓഫീസ് തയ്യാറാക്കിയ ഈ വീഡിയോയില്‍ വിദ്യാര്‍ത്ഥികളുടെ യാത്രാസുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള സമഗ്രമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയിരിക്കുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളുടെ മുമ്പിലും പുറകിലും വശങ്ങളിലും എജുക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ വാഹനം എന്ന് വ്യക്തമായി പ്രദര്‍ശിപ്പിക്കണം എന്ന് എംവിഡി പറയുന്നു. സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന മറ്റ് വാഹനങ്ങളില്‍ ഓണ്‍ സ്‌കൂള്‍ ഡ്യൂട്ടി എന്ന ബോര്‍ഡ് വയ്ക്കണം. സ്‌കൂള്‍ പരിസരങ്ങളില്‍ മണിക്കൂറില്‍ 30 കിലോമീറ്ററും മറ്റ് റോഡുകളില്‍ പരമാവധി 50 കിലോമീറ്ററുമാണ് സ്‌കൂള്‍ വാഹനങ്ങളുടെ പരമാവധി വേഗത. സ്പീഡ് ഗവര്‍ണറും ജിപിഎസ് സംവിധാനവും വാനത്തില്‍ സ്ഥാപിക്കണം. ഈ ജിപിഎസ് എംവിഡിയുടെ സുരക്ഷാമിത്രയുമായി ടാഗ് ചെയ്യണം.
രക്ഷകര്‍ത്താക്കള്‍ക്ക് വിദ്യാവാഹന്‍ ആപ്പിലേക്കുള്ള അനുമതി സ്‌കൂള്‍ അധികൃതര്‍ നല്‍കണം. സ്‌കൂള്‍ വാഹനം ഓടിക്കുന്ന ഡ്രൈവര്‍ക്ക് കുറഞ്ഞത് പത്തു വര്‍ഷത്തെയെങ്കിലും ഡ്രൈവിംഗ് പരിചയം വേണം. ഡ്രൈവര്‍മാര്‍ വെള്ള ഷര്‍ട്ടും കറുപ്പ് പാന്റും ഐഡന്റിറ്റി കാര്‍ഡും ധരിച്ചിരിക്കണം. സ്‌കൂള്‍ വാഹനത്തിന്റെ ഡ്രൈവറായി ജോലി ചെയ്യുന്നവര്‍ക്ക് മദ്യപിച്ച് വാഹനമോടിച്ചതിനോ അമിതവേഗതക്കോ അപകടകരമായി വാഹനമോടിച്ചതിനോ മറ്റ് കുറ്റകൃത്യങ്ങള്‍ക്കോ ശിക്ഷിക്കപ്പെട്ടവരല്ലെന്ന് ഉറപ്പാക്കണം. വെറ്റില മുറുക്ക്, മദ്യപാനം, ലഹരി വസ്തുക്കളുടെ ഉപയോഗം എന്നീ ദുശീലങ്ങളില്ലാത്തവരാണെന്നും ബന്ധപ്പെട്ടവര്‍ ഉറപ്പ് വരുത്തണം.ഡോറുകള്‍ക്ക് ലോക്കുകളും ജനലുകള്‍ക്ക് ഷട്ടറുകളും സൈഡ് റെയിലുകളും ഉണ്ടായിരിക്കണം. ഫസ്റ്റ് എയ്ഡ് ബോക്‌സ് എല്ലാ സ്‌കൂള്‍ വാഹനത്തിലും നിര്‍ബന്ധമായും സൂക്ഷിക്കണം. വേദനസംഹാരികള്‍, ഡെറ്റോള്‍ തുടങ്ങിയവ ഫസ്റ്റ് എയ്ഡ് ബോക്‌സില്‍ ഉണ്ടായിരിക്കണം. വാഹനത്തിനകത്ത് ഫയര്‍ എക്സ്റ്റിന്‍ഷര്‍ ഘടിപ്പിച്ചിരിക്കണം. ഡോര്‍ ലോക്കുകളും വിന്‍ഡോ ലോക്കുകളും പ്രവര്‍ത്തനക്ഷമമാണോയെന്ന് ഇടയ്ക്കിടെ പരിശോധിക്കമെന്നും എമര്‍ജന്‍സി എക്‌സിറ്റ് ഉണ്ടായിരിക്കണമെന്നും എംവിഡി പറയുന്നു. സ്‌കൂള്‍ വാഹനത്തിലെ ഡ്രൈവിംഗ് രീതികള്‍ കുട്ടികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ഇതവരെ സ്വാധീനിക്കുമെന്നും ഡ്രൈവിംഗ് സംസ്‌ക്കാരം വളരുന്നത് മുതിര്‍ന്നവരുടെ ഡ്രൈവിംഗിനെ ആശ്രയിച്ചാണെന്നും അതുകൊണ്ടുതന്നെ മാതൃകാപരമായി വാഹനങ്ങള്‍ ഓടിക്കാന്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കണം എന്നും എംവിഡി പറയുന്നു.