ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി ജിത്തു മാധവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആവേശം. ബെംഗളൂരുവിലെ ലോക്കല്‍ ഗുണ്ടയായ രംഗന്‍ എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വ്യത്യസ്തമായ ഗെറ്റപ്പില്‍ ഫഹദ് എത്തുന്ന ചിത്രം മുഴു നീള എന്റെര്‍ടൈനര്‍ ആണെന്നാണ് പുറത്തിറങ്ങിയ ട്രെയിലറും പാട്ടുകളും നല്‍കുന്ന സൂചന. ചിത്രം നാളെ തിയേറ്ററുകളില്‍ എത്തും.
താരങ്ങള്‍ സ്വന്തം പ്രൊഡക്ഷനില്‍ ഇറങ്ങുന്ന ചിത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയും മറ്റു ചിത്രങ്ങളുടെ പ്രൊമോഷന് പോലും എത്താതിരിക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ അടുത്തിടെ ഉയര്‍ന്നിരുന്നു. ഇതിനു മറുപടി നല്‍കിയിരിക്കുകയാണ് ഫഹദ് ഫാസില്‍. ഞാന്‍ പ്രകാശന്‍ പോലെയുള്ള സിനിമയ്ക്ക് പ്രൊമോഷന്‍ ആവശ്യമില്ലെന്നും, പുതുതായി ഒരുകാര്യം ചെയ്യുമ്പോഴാണ് പ്രൊമോഷന്‍ ആവശ്യം എന്നുമാണ് ഫഹദ് പറയുന്നത്.
‘ഞാന്‍ നിലവില്‍ ഹൈദരാബാദിലാണ് ഉള്ളത്. പുഷ്പയുടെ ഷൂട്ടിലാണ്, ഇന്ന് തന്നെ മടങ്ങി പോകും. ഇതുവരെ കൈകാര്യം ചെയ്യാത്ത ഒരു വേഷമാണ് ഈ ചിത്രത്തില്‍. ചിത്രത്തിന്റെ റിലീസ് ദിവസമാണ് ഞാന്‍ തിരിച്ചെത്തുക. മറ്റൊരു കാര്യം രണ്ടു ദിവസം മുന്നെയാണ് ഈ ചിത്രം ലോക്കായത്. ഒരു ട്രെയിലര്‍ കട്ട് ചെയ്യാന്‍ പോലും സമയം കിട്ടിയില്ല. എല്ലാവരും തിരക്കിലായിരുന്നു. പിന്നെ പടം ഭംഗിയായി തീര്‍ത്തു തിയേറ്ററില്‍ എത്തിക്കുന്നതിലായിരുന്നു ഫോക്കസ്. പുതുതായി ഒരു കാര്യം ചെയ്യുമ്പോള്‍ കൊടുക്കുന്ന പ്രാധാന്യം ഉണ്ടല്ലോ. ഞാന്‍ സ്ഥിരമായി ചെയ്യുന്ന പരിപാടിയാണെങ്കില്‍ ഇങ്ങനെ വന്ന് പറയണ്ട കാര്യമൊന്നും ഇല്ല’ എന്നാണ് ഫഹദ് പറയുന്നത്
‘ഞാന്‍ പ്രകാശന്‍ പോലുള്ള സിനിമയ്ക്ക് പ്രൊമോഷന്‍ ആവശ്യം ഇല്ല. ഞാനും സത്യേട്ടനും എന്താണ് ആളുകള്‍ക്കു നല്‍കുക എന്ന കാര്യം ക്ലിയര്‍ ആണ്. അത് ഞങ്ങള്‍ രണ്ടു പേര്‍ക്കും അറിയാം. ഈ ചിത്രത്തില്‍ ജിത്തുവും ഒരു പുതിയ സാധനം ട്രൈ ചെയ്യുന്നു. ഞാനും ആദ്യമായാണ് ഇങ്ങനെ ഒരു വേഷം ചെയ്യുന്നത്. അതുകൊണ്ട് ഒരു ഇന്‍ട്രോ നല്‍കേണ്ടത് ആവശ്യമെന്ന് തോന്നി. പിന്നെ ഇതിലൊന്നുമല്ല ഞാന്‍ വിശ്വസിക്കുന്നത്. എന്റെ ജോലി സിനിമ ചെയ്യുക എന്നതാണ്. നല്ല സിനിമയാണെങ്കില്‍ അത് സിനിമ തന്നെ പ്രൂവ് ചെയ്‌തോളും’ എന്നും ഫഹദ് പറഞ്ഞു.