മൈലപ്ര സഹകരണ ബാങ്ക് തട്ടിപ്പ്; വിവരാവകാശ അപേക്ഷയ്ക്ക് ഉദ്യോഗസ്ഥര്‍ കൃത്യമായ മറുപടി നല്‍കിയില്ലെന്ന് പരാതി

മൈലപ്ര സഹകരണ ബാങ്ക് തട്ടിപ്പ്; വിവരാവകാശ അപേക്ഷയ്ക്ക് ഉദ്യോഗസ്ഥര്‍ കൃത്യമായ മറുപടി നല്‍കിയില്ലെന്ന് പരാതി
മൈലപ്ര സഹകരണ ബാങ്ക് തട്ടിപ്പ്; വിവരാവകാശ അപേക്ഷയ്ക്ക് ഉദ്യോഗസ്ഥര്‍ കൃത്യമായ മറുപടി നല്‍കിയില്ലെന്ന് പരാതി

പത്തനംതിട്ട: സാമ്പത്തിക ക്രമക്കേട് നടന്ന പത്തനംതിട്ട മൈലപ്ര സര്‍വ്വീസ് സഹകരണ ബാങ്കിനെ സംബന്ധിച്ച് സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് ഉദ്യോഗസ്ഥര്‍ കൃത്യമായ മറുപടി നല്‍കിയില്ലെന്ന് പരാതി. ബാങ്കിന്റെ മുന്‍ ഭരണസമിതിയംഗം ഗീവര്‍ഗീസ് തറയിലാണ് 2018 ഡിസംബര്‍ 28ന് കോന്നി സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍ ഓഫീസിലെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്. സംസ്ഥാന വിവരാവകാശ കമ്മീഷന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സഹകരണ സംഘം കോന്നി അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍ ഓഫീസ് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്.

ചോദ്യങ്ങള്‍ക്ക് മറുപടി ലഭിച്ചില്ലെന്ന് കാണിച്ച് ഗീവര്‍ഗീസ് തറയില്‍ സംസ്ഥാന വിവരാവകാശ കമ്മീഷന് പരാതി നല്‍കി. മറുപടി നല്‍കാതിരുന്നാല്‍ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരെ നടപടികള്‍ക്ക് വിധേയമാക്കുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷനും വ്യക്തമാക്കിയിരുന്നു. പ്രസ്തുത ഓഫീസില്‍ ലഭ്യമായ രേഖകളല്ല ആവശ്യപ്പെട്ടതെന്നാണ് കോന്നി അസിസ്റ്റന്‍ഡ് രജിസ്ട്രാര്‍ ജനറല്‍ ഓഫീസില്‍ നിന്നും ഗീവര്‍ഗീസ് തറയിലിന് മറുപടിയായി ലഭിച്ചത്. അതേസമയം ബാങ്കിലെ സാമ്പത്തിക ക്രമക്കേടില്‍ ആരോപണ വിധേയനായ മുന്‍ ബാങ്ക് പ്രസിഡന്റ് ജെറി ഈശോ ഉമ്മനെ സഹായിക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്ന് ഗീവര്‍ഗീസ് തറയില്‍ ആരോപിച്ചു.

ബാങ്കിന്റെ പ്രവര്‍ത്തന പരിധി വിട്ട് എത്രയാളുകള്‍ക്ക് അംഗത്വം നല്‍കി, എത്രയാളുകള്‍ക്ക് വായ്പ നല്‍കി എന്ന ചോദ്യത്തിന് വിഷയത്തില്‍ സഹകരണ വകുപ്പിന്റെ അന്വേഷണം നടക്കുന്നു എന്ന മറുപടിയാണ് ലഭിച്ചത്. ബാങ്ക് പ്രസിഡന്റ് ബാങ്കിന്റെ പ്രവര്‍ത്തന പരിധിക്ക് പുറത്ത് താമസിക്കുന്ന ആളാണോ എന്നായിരുന്നു രണ്ടാമത്തെ ചോദ്യം. സാമ്പത്തിക മേഖലയില്‍ മത്സരിക്കാനായി പ്രസിഡന്റിന് പതിനായിരം രൂപ ബാങ്കില്‍ നിക്ഷേപമുണ്ടോ എന്നായിരുന്നു മൂന്നാമത്തെ ചോദ്യം. രണ്ടും മൂന്നും ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി തനിക്ക് കിട്ടിയില്ലെന്നാണ് ബാങ്ക് മുന്‍ ഭരണസമിതിയംഗം ഗീവര്‍ഗീസ് തറയിലിന്റെ പരാതി.

Top