അമരാവതി; ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി തെലുഗുദേശം പാർട്ടി നേതാവ് എൻ.ചന്ദ്രബാബു നായിഡു ഇന്നു രാവിലെ 11.27ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. വിജയവാഡയിലെ മേധ ഐടി പാർക്കിനു സമീപത്തെ മൈതാനത്താണ് സത്യപ്രതിജ്ഞാ ചടങ്ങ്.
സഖ്യകക്ഷിയായ ജനസേന പാർട്ടി നേതാവ് പവൻ കല്യാൺ ഉപമുഖ്യമന്ത്രി ആയേക്കും. ഇതു നാലാം തവണയാണ് നായിഡു ആന്ധ്ര മുഖ്യമന്ത്രിയാകുന്നത്. 1995– 2004, 2014–19 കാലയളവിലായിരുന്നു നേരത്തെ മുഖ്യമന്ത്രി ആയിരുന്നത്. ഇന്നലെ ചേർന്ന ടിഡിപി, ബിജെപി, ജനസേന പാർട്ടി എംഎൽഎമാരുടെ യോഗം നായിഡുവിനെ നേതാവായി തിരഞ്ഞെടുത്തു. രാവിലെ 10.40ന് ഗണ്ണവാരത്തെത്തുന്ന പ്രധാനമന്ത്രി മോദി ചടങ്ങിനുശേഷം 12–45ന് ഒഡീഷയിലെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ഭുവനേശ്വറിലേക്കു പോകും.