തിരുവനന്തപുരം: അഡീഷണല്‍ ചീഫ് സെക്രട്ടറിക്കെതിരായ പരസ്യ അധിക്ഷേപത്തില്‍ സസ്‌പെന്‍ഷന്‍ നടപടി നേരിട്ട വിഷയത്തില്‍ പ്രതികരണവുമായി എന്‍ പ്രശാന്ത്. തന്റെ വിശദീകരണം കേള്‍ക്കാതെയാണ് നടപടി. സര്‍ക്കാരിന്റെ നടപടിയില്‍ അത്ഭുതം തോന്നുന്നുവെന്നും പ്രശാന്ത് പ്രതികരണത്തില്‍ വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പുകളില്‍ ചട്ടലംഘനമില്ലെന്നും സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടില്ലെന്നും പ്രശാന്ത് പറഞ്ഞു. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളാണ് ചെയ്തത്. ആരെയും സുഖിപ്പിക്കാനല്ല തനിക്ക് ശമ്പളം നല്‍കുന്നതെന്ന് പറഞ്ഞ പ്രശാന്ത് തന്റെ കുറിപ്പുകളെ എന്തിനാണ് ഭയക്കുന്നതെന്നും ചോദിച്ചു.
ഇന്ത്യയില്‍ ഭരണഘടനയൊക്കെ ഉണ്ടല്ലോ എന്ന് പ്രശാന്ത് ചോദിച്ചു. വ്യക്തിവൈരാഗ്യം തീര്‍ക്കാനല്ല ഇത്തരം സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. മറുഭാഗം കേള്‍ക്കുക എന്നതുപോലും ചെയ്തിട്ടില്ല. തനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് പോലും ലഭിച്ചില്ലെന്നും എന്‍ പ്രശാന്ത് പറഞ്ഞു.