പള്‍സര്‍ റെയ്ഞ്ച് ബൈക്കുകള്‍ക്ക് വീണ്ടും അപ്‌ഡേഷന്‍. പള്‍സര്‍ 125, പള്‍സര്‍ 150, പള്‍സര്‍ 220 എഫ്, പള്‍സര്‍ എന്‍ 160 എന്നീ ബൈക്കുകള്‍ക്കാണ് 2024 പതിപ്പുകള്‍ പുറത്തിറങ്ങിയത്. പള്‍സര്‍ N160ക്ക് പുതിയൊരു വേരിയന്റ് തന്നെ പുറത്തിറക്കിയിരിക്കുകയാണ് ബജാജ്. ഏറ്റവും ഉയര്‍ന്ന വേരിയന്റ് ഇനി ഇതായിരിക്കും. 1,39,693 രൂപയാണ് എക്‌സ്-ഷോറൂം വില. ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, ബ്ലൂടൂത്ത് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ തുടങ്ങിയ ഫീച്ചറുകളോടെയാണ് ബൈക്ക് ഇപ്പോള്‍ പുതുക്കിയിരിക്കുന്നത്. ഷാംപെയ്ന്‍ ഗോള്‍ഡില്‍ ഫിനിഷ് ചെയ്ത 33 എംഎം അപ്സൈഡ് ഡൗണ്‍ ഫ്രണ്ട് ഷോക്ക് അബ്‌സോര്‍ബറാണ് പള്‍സര്‍ എന്‍160ക്ക് ലഭിക്കുന്നത്. ഇതുകൂടാതെ, മഴ, റോഡ്, ഓഫ് റോഡ് എന്നീ മൂന്ന് ക്രമീകരണങ്ങളുള്ള ഡ്യുവല്‍-ചാനല്‍ എബിഎസും ബൈക്കില്‍ ചേര്‍ത്തിരിക്കുന്നു. 8,750 ആര്‍പിഎമ്മില്‍ 16 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കുന്ന 164.82 സിസി ഓയില്‍-കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്.
2024 പള്‍സര്‍ 125, 150, 220F മോഡലുകള്‍ക്ക് ബ്ലൂടൂത്ത് കണക്റ്റിവിറ്റി, യുഎസ്ബി ചാര്‍ജര്‍, പുതിയ ഗ്രാഫിക്സ് എന്നിവയോടുകൂടിയ പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും ലഭിക്കും. പള്‍സര്‍ 125ക്ക് 92,883 രൂപയും പള്‍സര്‍ 150ക്ക് 1,13,696 രൂപയുമാണ് വില. 2024 പള്‍സര്‍ 220 എഫിന്റെ വില 1,41,024 രൂപയാണ്. ബജാജ് ഓട്ടോയുടെ വിപണിയിലെ നിലനില്‍പ്പിന്റെ അടിത്തറയെന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം പള്‍സര്‍ റെയ്ഞ്ച് ബൈക്കുകളെ. ഈ ലൈനപ്പില്‍ കമ്മ്യൂട്ടര്‍ ബൈക്കുകള്‍ മുതല്‍, സ്‌പോര്‍ട് ടൂററുകള്‍, റോഡ്സ്റ്ററുകള്‍, നേക്കഡ് സ്ട്രീറ്റ് ഫൈറ്ററുകള്‍ വരെയുണ്ട്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഈ ബൈക്കുകളില്‍ പലവിധ പുതുക്കലുകള്‍ വരുത്തിക്കൊണ്ടിരിക്കുകയാണ് ബജാജ്. പുതിയ കളര്‍ വേരിയന്റുകള്‍ ചേര്‍ത്തും മറ്റും വിപണിയില്‍ സജീവത നിലനിര്‍ത്തിക്കൊണ്ടിരിക്കുന്നു.