CMDRF

വിനേഷ് ഫോഗട്ടിന് നാഡ നോട്ടീസ്

കഴിഞ്ഞ മാസം ഉത്തേജ പരിശോധന നടത്താനായി പോയപ്പോള്‍ സ്ഥലത്ത് വിനേഷ് ഫോഗട്ട് ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി

വിനേഷ് ഫോഗട്ടിന് നാഡ നോട്ടീസ്
വിനേഷ് ഫോഗട്ടിന് നാഡ നോട്ടീസ്

ന്യൂഡല്‍ഹി: ഉത്തേജക പരിശോധനക്ക് ഹാജരായില്ലെന്നാരോപിച്ച് കായികതാരം വിനേഷ് ഫോഗട്ടിന് നാഡയുടെ നോട്ടീസ്. കഴിഞ്ഞ മാസം ഉത്തേജ പരിശോധന നടത്താനായി പോയപ്പോള്‍ സ്ഥലത്ത് വിനേഷ് ഫോഗട്ട് ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സെപ്തംബര്‍ ഒമ്പതാം തീയതി ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയായ നാഡ വിനേഷിന്റെ ഹരിയാനയിലെ ഖാര്‍ഖോഡയിലെ വീട്ടിലെത്തിയിരുന്നു. എന്നാല്‍, അവിടെ അപ്പോള്‍ അവര്‍ ഉണ്ടായിരുന്നില്ല.

തുടര്‍ന്ന് ഉത്തേജക പരിശോധനക്കായി സാമ്പിളുകള്‍ എടുക്കാനും സാധിച്ചില്ല. ഇതേ തുടര്‍ന്ന് 14 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് ഉത്തേജക വിരുദ്ധ ഏജന്‍സി വിനേഷ് ഫോഗട്ടിന് നോട്ടീസ് അയക്കുകയായിരിക്കുന്നു. ഇതാദ്യമായാണ് ഇത്തരത്തില്‍ ഒരു നോട്ടീസ് വിനേഷ് ഫോഗട്ടിന് ലഭിക്കുന്നത്.അതേസമയം, വിനേഷ് ഫോഗട്ടിനെതിരെ നിലവില്‍ നടപടികളൊന്നും ഉണ്ടാവില്ലെന്നാണ് സൂചന. 12 മാസത്തിനിടെ മൂന്ന് തവണ ഉത്തേജക പരിശോധനക്ക് സാമ്പിളുകള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍ മാത്രമാണ് നാഡ നടപടിയെടുക്കുക.

നേരത്തെ പാരീസ് ഒളിമ്പിക്‌സിലെ മെഡല്‍ നഷ്ടത്തിന് പിന്നാലെ വിനേഷ് ഫോഗട്ട് ഗുസ്തിയില്‍ നിന്നും വിരമിച്ചിരുന്നു. 50 കിലോ ഗ്രാം വിഭാഗത്തിലാണ് വിനേഷ് മത്സരിച്ചിരുന്നത്. എന്നാല്‍, ഭാരം 100 ഗ്രാം കൂടിയതിനെ തുടര്‍ന്ന് അവരെ അയോഗ്യയാക്കുകയായിരുന്നു. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വിനേഷ് ഫോഗട്ട് മത്സരിച്ചിരുന്നു.

Top