നടന് ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപണവുമായി ബന്ധപ്പെട്ട് സംഗീതസംവിധായകന്‍ രമേശ് നാരായണനെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ഉയരുന്നതിനിടെ വിഷയത്തില്‍ പ്രതികരിച്ച് നടനും സംവിധായകനുമായ നാദിര്‍ഷ. ”സംഗീതബോധം മാത്രം പോരാ അമ്പാനേ, അല്പം സാമാന്യബോധം കൂടി വേണം” എന്നായിരുന്നു നാദിര്‍ഷ തന്റെ ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചത്. എം.ടി കഥകളുടെ ആന്തോളജി സിനിമയായ മനോരഥങ്ങളുടെ ട്രെയിലര്‍ ലോഞ്ചില്‍നടന്‍ ആസിഫ് അലിയെ അപമാനിച്ച് സംഗീത സംവിധായകന്‍ രമേശ് നാരായണന്‍.
ട്രെയിലര്‍ ലോഞ്ചുമായി ബന്ധപ്പെട്ട പുരസ്‌കാര ദാന ചടങ്ങില്‍ ആണ് സംഭവം. രമേശ് നാരായണന് പുരസ്‌കാരം നല്കാന്‍ ആസിഫ് അലിയെ ക്ഷണിച്ചപ്പോള്‍ ആസിഫ് അലിയില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കാന്‍ അദ്ദേഹം വിസമ്മതിക്കുകയും സംവിധായകന്‍ ജയരാജിനെ വിളിച്ചു വരുത്തി അദ്ദേഹത്തിയില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കുകയും ചെയ്യുകയായിരുന്നു. മുഴുവന്‍ അതിഥികള്‍ക്കും മുന്നില്‍വെച്ചുണ്ടായ രമേശ് നാരായണന്റെ പ്രവൃത്തിയില്‍ അതൃപ്തിയറിയിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.