നിതീഷിനെ ‘വെട്ടിലാക്കി’ നായിഡു, എൻ.ഡി.എയിൽ തുടരും, മോദിക്ക് മുന്നിൽ ഇനി തടസ്സങ്ങളില്ല

നിതീഷിനെ ‘വെട്ടിലാക്കി’ നായിഡു, എൻ.ഡി.എയിൽ തുടരും, മോദിക്ക് മുന്നിൽ ഇനി തടസ്സങ്ങളില്ല
നിതീഷിനെ ‘വെട്ടിലാക്കി’ നായിഡു, എൻ.ഡി.എയിൽ തുടരും, മോദിക്ക് മുന്നിൽ ഇനി തടസ്സങ്ങളില്ല

രാജ്യം നരേന്ദ്രമോദി ഭരിക്കണമോ എന്ന് തീരുമാനിക്കുന്നത് ജെ.ഡിയു നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറും ആന്ധ്ര മുന്‍ മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ചന്ദ്രബാബു നായിഡുവുമാണ്. എന്‍.ഡി.എ ഘടകകക്ഷികളായ ഇരു പാര്‍ട്ടികളെയും പ്രതിപക്ഷ മുന്നണിയായ ഇന്ത്യാ മുന്നണിയില്‍ എത്തിക്കാന്‍ തിരക്കിട്ട നീക്കങ്ങളാണ് അണിയറയില്‍ നടത്തിയതെങ്കിലും ആ നീക്കം പാളിയിട്ടുണ്ട്. തല്‍ക്കാലം എന്‍.ഡി.എയില്‍ തുടരാനാണ് ജെ.ഡിയുവും ടി.ഡി.പിയും തീരുമാനിച്ചിരിക്കുന്നത്. അവസരം മുതലാക്കി മന്ത്രിസ്ഥാനത്തിന് വിലപേശി കൂടുതല്‍ അധികാരം നേടിയെടുക്കാനാണ് നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും ശ്രമിക്കുന്നത്. ഇത് മന്ത്രിസഭാ രൂപീകരണത്തില്‍ ബി.ജെ.പിക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കാന്‍ പോകുന്നത്. നാനൂറിലധികം സീറ്റുമായി മൂന്നാം തവണ പ്രധാനമന്ത്രി പദത്തിലേറുമെന്ന നരേന്ദ്രമോഡിയുടെ അവകാശവാദം എന്തായാലും ഇപ്പോള്‍ പൊളിഞ്ഞു കഴിഞ്ഞു. ഇനി ബി.ജെ.പിക്കും മോദിക്കും സര്‍ക്കാര്‍ ഉണ്ടാക്കണമെങ്കില്‍ ഈ ഘടക കക്ഷികളെ അമിതമായി ആശ്രയിക്കേണ്ട സാഹചര്യം തന്നെയാണ് ഉള്ളത്. ബി.ജെ.പിക്ക് തനിച്ച് കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിലാണ് നിധീഷും നായിഡുവും ഇപ്പോള്‍ കിങ് മേക്കര്‍മാരായി മാറിയിരിക്കുന്നത്.

മുന്‍പ് ഇന്ത്യ മുന്നണിക്കായി മുന്‍കൈയ്യെടുത്ത ബീഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാറിനെ ഒപ്പം നിര്‍ത്താന്‍ നിതീഷുമായി ഏറെ അടുപ്പമുള്ള സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സഹായം കോണ്‍ഗ്രസ്സ് തേടിയിരുന്നെങ്കിലും ഇപ്പോള്‍ അത്തരം ഒരു നീക്കം നടത്തുന്നതിനോട് പ്രസക്തിയില്ലന്ന നിലപാടാണ് യെച്ചൂരി സ്വീകരിച്ചിരിക്കുന്നത്. എന്‍.ഡി.എയില്‍ ഭിന്നത വരുമ്പോള്‍ മാത്രം ഇടപെടാം എന്ന നിലപാടിലാണ് യെച്ചൂരിയുള്ളത്. നിതീഷ് ഇന്ത്യാ മുന്നണിയില്‍ ആയിരിക്കെ അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടണമെന്ന് ആദ്യം ആവശ്യപ്പെട്ടതും സീതാറാം യെച്ചൂരിയാണ്. മുന്‍പ് മുന്നാം മുന്നണി സര്‍ക്കാറിന്റെ കാലം മുതല്‍ ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് സീതാറാം യെച്ചൂരി. ചന്ദ്രബാബു നായിഡുവിന്റെയും ടി.ഡി.പി സഖ്യകക്ഷിയും ജനസേന നേതാവുമായ പവന്‍ കല്യാണിന്റെ പിന്തുണ ഉറപ്പിക്കാനും സീതാറാം യെച്ചൂരിയെ ആണ് കോണ്‍ഗ്രസ്സ് ആശ്രയിച്ചിരുന്നത്. മുന്‍ സി.പി.എം നേതാവിന്റെ മകന്‍ കൂടിയായ തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടി മുന്‍പ് നടന്ന തിരഞ്ഞെടുപ്പുകളില്‍ സി.പി.എമ്മുമായി സഹകരിച്ചാണ് ആന്ധ്രയില്‍ തിരഞ്ഞെടുപ്പിനെ നേരിട്ടിരുന്നത്. ആന്ധ്ര സ്വദേശി കൂടിയായ സീതാറാം യെച്ചൂരിക്ക് ഈ എന്‍.ഡി.എ ഘടകകക്ഷികളെ സ്വാധീനിക്കാന്‍ കഴിയുമെന്ന് തന്നെയാണ് ഇപ്പോഴും കോണ്‍ഗ്രസ്സ് നേതൃത്വം കരുതുന്നത്.

അതേസമയം ഇത്തരമൊരു രാഷ്ട്രീയ അട്ടിമറി മുന്നില്‍ കണ്ടാണ് ഘടക കക്ഷികളെ ഒപ്പം നിര്‍ത്താന്‍ ബി.ജെ.പിയും മോദിയും ശക്തമായ ഇടപെടല്‍ നടത്തിയിട്ടുണ്ട്. പെട്ടന്ന് തന്നെ എന്‍.ഡി.എ യോഗം വിളിച്ചതും എന്‍.ഡി.എയില്‍ ഉറച്ചു നില്‍ക്കുമെന്ന് ചന്ദ്രബാബു നായിഡുവിനെ കൊണ്ട് പറയിപ്പിച്ചതും ബി.ജെ.പിയുടെ തന്ത്രമാണ്. പിടി കൊടുക്കാതെ വഴുതി മാറിയിരുന്ന നിതീഷ് കുമാറിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു ഈ നീക്കം. നിതീഷിന് ഉപപ്രധാനമന്ത്രി സ്ഥാനം വരെ വാഗ്ദാനം ചെയ്ത് ഒപ്പം നിര്‍ത്താനാണ് ബി.ജെ.പി നേതൃത്വം ശ്രമിക്കുന്നതെങ്കിലും ഇക്കാര്യത്തില്‍ ശക്തമായ എതിര്‍പ്പ് മോദിക്ക് ഉള്ളതിനാല്‍ അത് നടക്കാന്‍ സാധ്യത കുറവാണ്. നിതീഷിനും പുതിയ സാഹചര്യത്തില്‍ ഇനി വീട്ടുവീഴ്ച ചെയ്യേണ്ടി വരും. ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ ഇന്ത്യാ സഖ്യം മികച്ച മുന്നേറ്റം പ്രതീക്ഷിച്ചിരുന്ന ബീഹാറില്‍ നിധീഷ് കുമാറും ബി.ജെ.പിയും ലോക്ജനശക്തി പാര്‍ട്ടിയുമാണ് മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്നത്. ഇവിടെ കോണ്‍ഗ്രസും ആര്‍.ജെ.ഡിയും ഇടതുപക്ഷവും നിലമെച്ചപ്പെടുത്തിയെങ്കിലും എന്‍.ഡി.എക്ക് കാര്യമായ കോട്ടമുണ്ടായിട്ടില്ല.

എന്‍.ഡി.എയിലും പിന്നെ മഹാസഖ്യത്തിലും മാറിമാറി ചാഞ്ചാടിയ നിധീഷ് കുമാര്‍ ഇത്തവണ 12സീറ്റാണ് നേടിയത്. ബി.ജെ.പിയ്ക്കും 12 സീറ്റുകളാണ് ലഭിച്ചത്. മറ്റൊരു എന്‍.ഡി.എ ഘടകകക്ഷിയായ ലോക് ജനശക്തിക്ക് 5 സീറ്റുകളും ഹിന്ദുസ്ഥാന്‍ ആവാം മോര്‍ച്ചയ്ക്ക് ഒരു സീറ്റും ലഭിച്ചിട്ടുണ്ട്. ഇന്ത്യാ സഖ്യത്തിന് ലഭിച്ച സീറ്റുകളില്‍ ആര്‍.ജെ.ഡിക്ക് നാലും കോണ്‍ഗ്രസ്സിന് മൂന്നും ഇടതുപക്ഷത്തിന് 2 സീറ്റുകളുമാണ് ലഭിച്ചിരിക്കുന്നത്. പ്രധാനമന്ത്രി പദം സ്വപ്നമായി നടക്കുന്ന നിധീഷ് കുമാര്‍ ഇന്ത്യാ സഖ്യത്തിനൊപ്പം പോകുമോ എന്ന ആശങ്ക ബി.ജെ.പിക്കും മോഡിക്കുമുണ്ട്. ആര്‍ക്കൊപ്പം പോയാലും ബീഹാറില്‍ സ്വന്തം നിലയില്‍ വിജയിക്കാന്‍ ശേഷിയുള്ള നേതാവാണെന്ന് നിധീഷ് പലതെരഞ്ഞെടുപ്പുകളില്‍ തെളിയിച്ചിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പിലും അത് ആവര്‍ത്തിച്ചിരിക്കുകയാണ്.ഇന്ത്യാ സഖ്യം രൂപീകരിക്കുന്നതിനായി ആദ്യ യോഗം വിളിച്ചതും നിധീഷായിരുന്നു. ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവും മകന്‍ തേജസ്വിയാദവുമായി നല്ല ബന്ധമില്ലാത്തതാണ് നിതീഷ് കുമാര്‍ എന്‍.ഡി.എയിലേക്ക് മടങ്ങാന്‍ കാരണം. ആന്ധ്രപ്രദേശില്‍ സംസ്ഥാന ഭരണം കൂടി പിടിച്ച ചന്ദ്രബാബു നായിഡു എന്‍.ഡി.എക്കൊപ്പമായിരുന്നെങ്കിലും ഇന്ത്യാ സഖ്യത്തെ പിന്തുണക്കാനും മറ്റുതടസങ്ങളില്ല. ആന്ധ്രയിലെ 25 സീറ്റുകളില്‍ 16 എണ്ണവും നായിഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടിക്കാണ്. വൈ.എസ്.ആര്‍ കോണ്‍ഗ്രസിന് 4ഉം ജനസേന പാര്‍ട്ടിക്ക് 2 ഉം ബി.ജെ.പിക്ക് മൂന്നും സീറ്റുകളാണ് ലഭിച്ചിരിക്കുന്നത്.

ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരി ശര്‍മിളയെ രംഗത്തിറക്കി മത്സരിപ്പിച്ച കോണ്‍ഗ്രസിന് ആന്ധ്രയില്‍ ഒരു അക്കൗണ്ട് പോലും തുറക്കാനായിട്ടില്ല. 5 സീറ്റുള്ള ബീഹാറിലെ ലോക്ജനശക്തി പാര്‍ട്ടിയിലെ ചിരാഗ് പാസ്വാനും നിലവിലെ സാഹചര്യത്തില്‍ ഇന്ത്യാ സഖ്യത്തിനൊപ്പം നില്‍ക്കാന്‍ തടസങ്ങളില്ല. ചിരാഗിന്റെ പിതാവ് രാംവിലാസ് പാസ്വാന്‍ മുന്‍പ് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് യു.പി.എ സര്‍ക്കാരിലും യു.പി.എ പരാജയപ്പെട്ടപ്പോള്‍ എന്‍.ഡി.എക്കൊപ്പം ചേര്‍ന്നും കേന്ദ്രമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. രാഷ്ട്രീയത്തില്‍ ഒന്നും ഒന്നും രണ്ട് അല്ലാത്തതിനാല്‍ ഇപ്പോള്‍ ബി.ജെ.പിക്ക് മന്ത്രിസഭ രൂപീകരിക്കാന്‍ മറ്റു തടസ്സങ്ങള്‍ ഇല്ലങ്കിലും ഭാവിയില്‍ ഒരു സാധ്യതയും തള്ളിക്കളയാന്‍ കഴിയുകയില്ല. അതു തന്നെയാണ് യാഥാര്‍ത്ഥ്യവും.

Top