ലക്‌നൗ: മുസഫര്‍നഗറിലെ കന്‍വര്‍ യാത്രാവഴിയിലെ ഹോട്ടലുകള്‍ക്ക് മുന്നില്‍ ഉടമകളുടെയും ജീവനക്കാരുടെയും പേര് പ്രദര്‍ശിപ്പിക്കണം എന്ന യുപി പോലീസിന്റെ നിര്‍ദേശം വിവാദത്തില്‍. സമാധാനം തകര്‍ക്കാനുള്ള നടപടിയാണിതെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. സര്‍ക്കാര്‍ താല്പര്യം എന്തെന്ന് കണ്ടെത്താന്‍ കോടതി സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സ്‌പോണ്‍സേഡ് മതഭ്രാന്തെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര ആരോപിച്ചു. തീര്‍ത്ഥാടകര്‍ക്ക് ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാനാണ് നടപടിയെന്നായിരുന്നു യുപി പോലീസ് നല്‍കിയ വിശദീകരണം.