‘എന്‍സിഇആര്‍ടി പൊളിറ്റിക്കല്‍ സയന്‍സ് പുസ്തകങ്ങളിലെ മുഖ്യഉപദേഷ്ടാവ് സ്ഥാനത്ത് നിന്നും പേര് മാറ്റണം’: യോഗേന്ദ്ര യാദവ്

‘എന്‍സിഇആര്‍ടി പൊളിറ്റിക്കല്‍ സയന്‍സ് പുസ്തകങ്ങളിലെ മുഖ്യഉപദേഷ്ടാവ് സ്ഥാനത്ത് നിന്നും പേര് മാറ്റണം’: യോഗേന്ദ്ര യാദവ്
‘എന്‍സിഇആര്‍ടി പൊളിറ്റിക്കല്‍ സയന്‍സ് പുസ്തകങ്ങളിലെ മുഖ്യഉപദേഷ്ടാവ് സ്ഥാനത്ത് നിന്നും പേര് മാറ്റണം’: യോഗേന്ദ്ര യാദവ്

ദില്ലി: പുതുക്കിയ പാഠപുസ്തകത്തില്‍ നിന്നും പേരൊഴിവാക്കണമെന്ന് എന്‍സിഇആര്‍ടിയോട് വിദ്യാഭ്യാസ വിദഗ്ദന്‍ യോഗേന്ദ്ര യാദവ് ആവശ്യപ്പെട്ടു. 9,10,11,12 ക്ലാസ് പൊളിറ്റിക്കല്‍ സയന്‍സ് പുസ്തകങ്ങളിലെ മുഖ്യ ഉപദേഷ്ടാവ് സ്ഥാനത്ത് നിന്നും പേര് മാറ്റണമെന്നാണ് ആവശ്യം. യോഗേന്ദ്ര യാദവും സുഹാസ് പല്‍ഷികറും സംയുക്തമായാണ് പേര് മാറ്റാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പേരെടുത്തു കളഞ്ഞില്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് മുന്നറിയിപ്പ്. ഒരു വര്‍ഷം മുന്നേ തന്നെ ആവശ്യമുന്നയിച്ച് എന്‍സിആര്‍ടിക്ക് സന്ദേശം അയച്ചിരുന്നു. പുതിയ പുസ്തകത്തിലും പേര് ചേര്‍ത്തതോടെയാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. പുസ്തകത്തിന്റെ ആത്മാവിനെ തന്നെ ചോര്‍ത്തിക്കളയും വിധമാണ് പുതിയ പരിഷ്‌കരണങ്ങളെന്നും ആക്ഷേപമുണ്ട്.

പുതുക്കിയ 12ആം ക്ലാസ് പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തിലാണ് ഏറെ വിവാദമായ മാറ്റങ്ങള്‍ എന്‍സിഇആര്‍ടി വരുത്തിയിരിക്കുന്നത്. ബാബരി മസ്ജിദ് എന്ന് പുതിയ പുസ്തകത്തില്‍ എവിടേയും പരാമര്‍ശിക്കാതെയാണ് മാറ്റം കൊണ്ടു വന്നത്. മുന്‍പ് നാല് പേജുകളിലോളം വിവരിച്ച അയോധ്യ സംഭവങ്ങള്‍ രണ്ട് പേജുകളിലേക്ക് വെട്ടിച്ചുരുക്കി. ബാബരി മസ്ദജിദ് തകര്‍ത്ത സംഭവം പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ ചുരുക്കി പകരം രാമജന്മഭൂമി പ്രക്ഷോഭത്തിനാണ് പുസ്തകത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയത്. മാറ്റങ്ങള്‍ ഉണ്ടാകുമെന്ന വാര്‍ത്തകള്‍ രണ്ട് മാസം മുന്‍പേ പുറത്ത് വന്നെങ്കിലും പേരടക്കം എടുത്തുകളഞ്ഞതോടെയാണ് വിദ്യാഭ്യാസരംഗം കാവിവത്കരിക്കുന്നു എന്ന ആരോപണം കടുത്തത്. ഇതോടെയാണ് എന്‍സിഇആര്‍ടി ഡയറക്ടര്‍ ദിനേശ് പ്രസാദ് സക്ലാനി വിശദീകരണവുമായെത്തിയത്. എന്തിനാണ് വിദ്യാര്‍ത്ഥികളെ കലാപത്തെക്കുറിച്ച് പഠിപ്പിക്കുന്നതെന്നായിരുന്നു സാക്ലാനിയുടെ ചോദ്യം. പാഠപുസ്തകങ്ങള്‍ പുതുക്കുന്നത് സാധാരണമാണ്. പ്രസക്തിയില്ലാത്ത കാര്യങ്ങള്‍ തീര്‍ച്ചയായും എടുത്തുമാറ്റണമെന്നും സക്ലാനി പറഞ്ഞു . 2014 മുതല്‍ ഇത് നാലാം തവണയാണ് എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ മാറ്റം വരുത്തുന്നത്. സുപ്രീം കോടതി വിധിയുടേയും മാറി വന്ന രാഷ്ട്രീയ വികാസങ്ങളുടേയും പശ്ചാത്തലത്തില്‍ അയോധ്യയെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ പുതുക്കുമെന്ന് ഈ വര്‍ഷം ഏപ്രിലില്‍ തന്നെ എന്‍സിഇആര്‍ടി പ്രഖ്യാപിച്ചിരുന്നു .

Top