വെറും അലങ്കാരച്ചെടി മാത്രമല്ല നന്ത്യാര്‍വട്ടം

വെറും അലങ്കാരച്ചെടി മാത്രമല്ല നന്ത്യാര്‍വട്ടം

കേരളത്തില്‍ എല്ലാ പ്രദേശങ്ങളിലും തന്നെ സുലഭമായി വളരുന്ന ചെടിയാണ് നന്ത്യാര്‍വട്ടം. രണ്ടരമീറ്ററോളം ഉയരത്തില്‍ കുറ്റിച്ചെടിയായാണ് ഇതു വളരുന്നത്. ദീര്‍ഘവൃത്താകൃതിയിലുള്ള ഇലകളോടുകൂടിയ ഈ ചെടിയില്‍ നിറയെ വെള്ള നിറത്തിലുള്ള പൂക്കള്‍ ഉണ്ടാകുന്നു. ഇവയ്ക്ക് വെളുപ്പുനിറത്തിലുള്ള കറ ഉണ്ട്. മരക്കറയില്‍ റെസിനുകളും ആല്‍ക്കലോയിഡുകളും അടങ്ങിയിരിക്കുന്നു. നന്ത്യാര്‍വട്ടം എല്ലാക്കാലങ്ങളിലും പുഷ്പിക്കും. ശാഖാഗ്രങ്ങളില്‍ 6-8 എണ്ണം വീതമുള്ള കുലകളായാണ് പുഷ്പങ്ങളുണ്ടാകുന്നത്. തൂവെള്ള നിറവും സുഗന്ധവുമുള്ള ഇതിന്റെ പുഷ്പങ്ങള്‍ വിടരുന്നത് രാത്രികാലങ്ങളിലാണ്. കമ്പുകള്‍ മുറിച്ചുനട്ടാണ് ആണ് പുതിയ ചെടികളുണ്ടാക്കുന്നത്. ഒരുവര്‍ഷം പ്രായമെത്തുമ്പോഴേക്കും നന്ത്യാര്‍വട്ടം പൂവിടും.

നന്ത്യാര്‍വട്ടത്തിന്റെ വേര്, കറ, പുഷ്പം, എന്നിവ ഔഷധങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. നേത്ര രോഗങ്ങള്‍ക്കും ചര്‍മ്മ രോഗങ്ങള്‍ക്കും നല്ല ഒരു ഔഷധമാണ് നന്ത്യാര്‍വട്ടം. വേര്, തൊലി, തടി എന്നിവയില്‍ ടാര്‍ബണേ മൊണ്ടാനിന്‍ എന്ന ആല്‍ക്കലോയ്ഡും അടങ്ങിയിരിക്കുന്നു. വേരു ചവയ്ക്കുന്നത് പല്ലുവേദന കുറയാന്‍ സഹായകമാണ്. വേരിന്‍തൊലി വെള്ളത്തില്‍ അരച്ചു കഴിച്ചാല്‍ വിരശല്യം ശമിക്കും. ഇല പിഴിഞ്ഞ് നേത്രരോഗങ്ങള്‍ക്ക് ഔഷധമായി ഉപയോഗിക്കാറുണ്ട്. ഇതിന്റെ പൂവും ഔഷധയോഗ്യമായ ഭാഗമാണ്. പുഷ്പങ്ങള്‍ പിഴിഞ്ഞ് എണ്ണയുമായി ചേര്‍ത്ത് നേത്രരോഗങ്ങള്‍ക്കും ത്വക്ക് രോഗങ്ങള്‍ക്കും ഔഷധങ്ങളുണ്ടാക്കുന്നു.

Top