സ്വന്തം മുടി നരയ്ക്കുന്നത് വരെ ആരും നരച്ച മുടി അത്ര പ്രശ്‌നമുള്ള കാര്യമാണെന്ന് സമ്മതിച്ചു തരാറില്ല. ചിലര്‍ നരയെ ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുകയും നരയുമായി സന്ധിയിലെത്തുകയും ചെയ്യുന്നു. എന്നാല്‍ മറ്റു ചിലര്‍ ഇതിനെ സധൈര്യം നേരിടുകയും, വെള്ളി നിറമുള്ള മുടിയിഴകളെ വീണ്ടും പഴയപടിയുള്ള കറുത്ത മുടിയിലേക്ക് മാറ്റുകയും ചെയ്യാറുണ്ട്. പലപ്പോഴും ഉള്ളില്‍ നിന്നുള്ള പ്രശ്നങ്ങളെ പരിഹരിക്കാതെ മുടി കറുപ്പിയ്ക്കാന്‍ ഹെയര്‍ പായ്ക്കുകളും എണ്ണകളുമെല്ലാമാണ് ഉപയോഗിയ്ക്കാറ്. പ്രകൃതിദത്തമായ രീതിയില്‍ മുടിയിലെ നര അകറ്റി, മുടി കറുപ്പിക്കുന്നതിനുള്ള വഴികള്‍ ഏതൊക്കെയെന്ന് നോക്കാം.
നെല്ലിക്ക-മൈലാഞ്ചി കൂട്ട്
ആവശ്യമുള്ള സാധനങ്ങള്‍
1 കപ്പ് മൈലാഞ്ചി അരച്ചത്
3 ടീസ്പൂണ്‍ നെല്ലിക്ക പൊടി
1 ടീസ്പൂണ്‍ കാപ്പിപ്പൊടി
ഗ്ലൗസ്
ബ്രഷ്
ചെയ്യേണ്ട വിധം: ഒരു പ്ലാസ്റ്റിക് പാത്രത്തില്‍ ചേരുവകള്‍ എല്ലാം ചേര്‍ത്ത് നന്നായി യോജിപ്പിച്ച് കുഴമ്പ് പരുവത്തില്‍ ആക്കുക. ഈ മിശ്രിതത്തിന് കട്ടി കൂടുതലാണെന്ന് തോന്നിയാല്‍ വേണമെങ്കില്‍ കുറച്ച് വെള്ളം ചേര്‍ക്കാവുന്നതാണ്. ശേഷം, കൈയ്യില്‍ ഗ്ലൗസ് ഇട്ട്, ബ്രഷ് ഉപയോഗിച്ച് ഈ മിശ്രിതം തലമുടിയില്‍ പുരട്ടുക. നരച്ച മുടിയിലെല്ലാം ഇത് തേച്ചുപിടിപ്പിച്ചു എന്ന് ഉറപ്പുവരുത്തുക. ഇത് ഒരു മണിക്കൂര്‍, അല്ലെങ്കില്‍, മിശ്രിതം തലയില്‍ ഉണങ്ങുന്നത് വരെ വയ്ക്കുക. ശേഷം, സള്‍ഫേറ്റ് അടങ്ങിയിട്ടില്ലാത്ത ഷാമ്പു ഉപയോഗിച്ച് തല കഴുകുക. മാസത്തില്‍ ഒരിക്കല്‍ ഇങ്ങനെ ചെയ്ത് നോക്കൂ. മുടിയുടെ നര അകറ്റുവാനുള്ള പ്രകൃതിദത്തമായ വഴിയാണ് നെല്ലിക്കയും മൈലാഞ്ചിയും. മാത്രമല്ല, മുടിക്ക് ആവശ്യമായ ജലാംശം നിലനിര്‍ത്തുവാനും പോഷകങ്ങള്‍ പ്രദാനം ചെയ്യുവാനും ഇവ ഏറ്റവും ഉത്തമമായ ചേരുവകളാണ്.
തേയില കൂട്ട്
ആവശ്യമുള്ള സാധനങ്ങള്‍
2 ടീസ്പൂണ്‍ തേയില
1 കപ്പ് വെള്ളം
ചെയ്യേണ്ട വിധം: തേയില ഒരു കപ്പ് വെള്ളത്തില്‍ തിളപ്പിച്ച് രണ്ടു മിനിറ്റു നേരം കുതിര്‍ക്കുക. ശേഷം, ഈ മിശ്രിതം ചൂടാറുവാന്‍ വയ്ക്കുക. ചൂടാറിയതിന് ശേഷം, ഇത് നിങ്ങളുടെ മുടിയില്‍ പുരട്ടി ഒരു മണിക്കൂര്‍ വയ്ക്കുക. അതിനുശേഷം തണുത്ത വെള്ളത്തില്‍ മുടി കഴുകുക. ഷാമ്പു ഉപയോഗിക്കുവാന്‍ പാടില്ല. രണ്ടാഴ്ച്ചയില്‍ ഒരിക്കല്‍ ഇത് ആവര്‍ത്തിക്കുക. തേയില മുടി കറുപ്പിക്കാന്‍ സഹായിക്കുന്ന ഏറ്റവും മികച്ച മാര്‍ഗങ്ങളിലൊന്നാണ്. കൂടാതെ, ഇത് നിങ്ങളുടെ മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കുവാനും ജീവനില്ലാത്തതും ശോഷിച്ചതുമായ മുടിയുടെ പ്രശ്നപരിഹാരത്തിന് ഉത്തമ ഒറ്റമൂലിയുമാണ്.
മൈലാഞ്ചി കൂട്ട്
ആവശ്യമുള്ള സാധനങ്ങള്‍
2 ടീസ്പൂണ്‍ തേയില
4 ടേബിള്‍സ്പൂണ്‍ ശുദ്ധമായ മൈലാഞ്ചി പൊടി
1 ടേബിള്‍സ്പൂണ്‍ നാരങ്ങാ നീര്
1 ടേബിള്‍സ്പൂണ്‍ നെല്ലിക്ക പൊടി
ബ്രഷ്
ഗ്ലൗസ്
ചെയ്യേണ്ട വിധം: മൈലാഞ്ചി പൊടി ഒരു കപ്പ് വെള്ളത്തില്‍ ഇട്ട് 8 മണിക്കൂര്‍ വയ്ക്കുക. വേണമെങ്കില്‍ രാത്രി മുഴുവന്‍ വെള്ളത്തിലിട്ട് വയ്ക്കുകയും ചെയ്യാവുന്നതാണ്. രാവിലെ, കറുത്ത തേയില ഇലകള്‍ വെള്ളത്തില്‍ ഇട്ട് രണ്ട് മിനിറ്റു നേരം തിളപ്പിക്കുക. ഇത് ചൂടാറുവാന്‍ മാറ്റി വയ്ക്കുക. ചൂടാറിയതിന് ശേഷം ഇത് മൈലാഞ്ചി മിശ്രിതത്തിലേക്ക് ചേര്‍ക്കുക. ഇതിലേക്ക് നാരങ്ങാനീരും നെല്ലാക്കാ പൊടിയും ചേര്‍ത്ത് യോജിപ്പിച്ച് കുഴമ്പ് പരുവത്തില്‍ ആക്കുക. കൈയ്യില്‍ ഗൗസ് അണിഞ്ഞതിന് ശേഷം, ബ്രഷ് ഉപയോഗിച്ച് ഈ മിശ്രിതം നിങ്ങളുടെ മുടിയില്‍ പുരട്ടുക. നരയുള്ള മുടിയിഴകളില്‍ പുരട്ടുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇത് ഒരു മണിക്കൂര്‍, അല്ലെങ്കില്‍, മിശ്രിതം തലയില്‍ ഉണങ്ങുന്നത് വരെ വയ്ക്കുക. ശേഷം, സള്‍ഫേറ്റ് അടങ്ങിയിട്ടില്ലാത്ത ഷാമ്പു ഉപയോഗിച്ച് തല കഴുകുക. മാസത്തില്‍ ഒരിക്കല്‍ ഇത് ചെയ്യാം. ആന്റിഫംഗല്‍, ആന്റി ബാക്ടീരിയല്‍ സവിശേഷതകള്‍ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത ചായക്കൂട്ടാണ് മൈലാഞ്ചി. ഇത് നിങ്ങളുടെ മുടി കറുപ്പിക്കുക മാത്രമല്ല, മുടിയുടെ ശിരോചര്‍മ്മത്തിന്റെ പി.എച്ച് സന്തുലിതാവസ്ഥ നിലനിര്‍ത്തി, ചര്‍മ്മത്തിലെ എണ്ണ ഉല്‍പാദനം സാധാരണ നിലയിലാക്കുന്നു.