നാഗ്പൂര്‍: പാവപ്പെട്ടവന്‍ പ്രധാനമന്ത്രിയാവുമ്പോഴാണ് ജനാധിപത്യം ഭീഷണിയിലാണെന്ന ആരോപണം പ്രതിപക്ഷം ഉയര്‍ത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാവപ്പെട്ട ഒരു അമ്മയുടെ മകന്‍ ഉന്നതിയിലെത്തുന്നത് പ്രതിപക്ഷത്തിന് കാണാനാവുന്നില്ല. പക്ഷെ നരേന്ദ്രമോദി ജനങ്ങളെ സേവിക്കാന്‍ പ്രതിജ്ഞാബദ്ധനാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ബി ആര്‍ അംബേദ്കറുടെ ആത്മാവ് അനുഗ്രഹിക്കണമെന്നും മോദി പറഞ്ഞു. ഇന്‍ഡ്യാ സഖ്യം ജനങ്ങളെ ഭിന്നിപ്പിക്കുന്നെന്നും നരേന്ദ്രമോദി ആരോപിച്ചു.
‘ജനങ്ങള്‍ ഒറ്റക്കെട്ടായാല്‍ അവരുടെ രാഷ്ട്രീയം അവസാനിക്കും. രാജ്യത്തിനായി നിങ്ങള്‍ വോട്ട് ചെയ്യണം. ഇന്‍ഡ്യാ സഖ്യം ശക്തി പ്രാപിച്ചാല്‍ അത് രാജ്യത്തെ തകര്‍ക്കും. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുമൂലം കേന്ദ്രഭരണ പ്രദേശത്തെ ദളിതര്‍ക്കും ആദിവാസികള്‍ക്കും ഇപ്പോള്‍ ഭരണഘടനാപരമായ അവകാശങ്ങള്‍ ലഭിക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് ഭരണത്തില്‍ വോട്ടുബാങ്ക് രാഷ്ട്രീയത്തിനുവേണ്ടി അവര്‍ അവഗണിക്കപ്പെട്ടുവെന്നും മോദി പറഞ്ഞു.
കഴിഞ്ഞ പത്ത് വര്‍ഷത്തെ മോദി ഭരണം സ്റ്റാര്‍ട്ടര്‍ മാത്രമാണെന്നും മെയിന്‍ കോഴ്സ് വരാനിരിക്കുന്നേയുള്ളൂവെന്നും മോദി പറഞ്ഞു. അടുത്ത അഞ്ച് വര്‍ഷക്കാലം തന്റെ ഓരോ മിനിറ്റും രാജ്യത്തെ ജനങ്ങളുടെ വികസനത്തിനും പുരോഗതിക്കും വേണ്ടിയുള്ളതാണെന്നും മോദി അവകാശപ്പെട്ടു. എംപിമാരെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി മാത്രമല്ല, മറിച്ച് അടുത്ത 1000 വര്‍ഷത്തേക്ക് ഇന്ത്യയെ ശക്തിപ്പെടുത്താനുള്ള നാഴികക്കല്ലാണെന്നും മോദി പറഞ്ഞു.