ഡൽഹി: കോൺഗ്രസിനെ വഞ്ചനാ പാർട്ടിയെന്ന് വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹരിയാനയിൽ സംഘടിപ്പിച്ച് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അയൽരാജ്യമായ ഹിമാചലിലേക്ക് നോക്കൂ, അവരെന്താണ് ചെയ്തത്. തിരഞ്ഞെടുപ്പ് കാലത്ത് അവർ കള്ളങ്ങൾ പറഞ്ഞു. ഭരണത്തിലെത്തിയപ്പോൾ നൽകിയ വാഗ്ദാനങ്ങളിൽ നിന്ന് അവർ ഒളിച്ചോടുകയാണെന്നും ജൻ ആശിർവാദ് റാലിയിൽ പറഞ്ഞു. ഹിമാചൽ പ്രദേശിനെ ഉദാഹരണമാക്കിയാണ് ഹരിയാനയിൽ മോദിയുടെ കോൺഗ്രസിനെതിരെയുള്ള കടന്നാക്രമണം.
ഇപ്പോൾ ഹിമാചലിലെ ജനങ്ങൾ കോൺഗ്രസിനോട് ചോദിക്കുന്നത് ‘എന്താണ് നിങ്ങളുടെ വാഗ്ദാനങ്ങൾക്ക് സംഭവിച്ചത്’ എന്നാണ്. കോൺഗ്രസ് ജനങ്ങളോട് ചോദിക്കുന്നതാകട്ടെ, ‘നിങ്ങൾ ആരാണ്’ എന്നുമാണ്. – മോദി പറഞ്ഞു. ക്യാ ഹുവാ തേരാ വാദാ (എന്താണ് നിങ്ങളുടെ വാഗ്ദാനങ്ങൾക്ക് സംഭവിച്ചത്) എന്ന ഹിന്ദി ഗാനം ആലപിച്ചുകൊണ്ടാണ് പ്രധാനമന്ത്രി കോൺഗ്രസിനെ പരിഹസിച്ചത്.
ഡൽഹിയിലെ റോയൽ ഫാമിലി അവരുടെ നുണകൾകൊണ്ട് ഹിമാചലിലെ ജനങ്ങളെ കുടുക്കിയിരിക്കുന്നു. ഇന്ന് ഹിമാചലിലെ തൊഴിലാളികൾക്ക് ശമ്പളമോ അലവൻസോ ലഭിക്കാൻ ബഡ്ജറ്റില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. എവിടെ കോൺഗ്രസുണ്ടോ അവിടെ സ്ഥിരതയുണ്ടാകില്ലെന്നും മോദി പരിഹസിച്ചു. നേതാക്കൾക്കിടയിൽ ഒരുമ കൊണ്ടുവരാനാകാത്ത പാർട്ടി എങ്ങനെയാണ് സംസ്ഥാനത്ത് സ്ഥിരത കൊണ്ടുവരാനാകുക? ആരാകണം മുഖ്യമന്ത്രി എന്നതിൽ കോൺഗ്രസിൽ ഇപ്പോഴേ തർക്കം തുടങ്ങിയെന്നും എന്നും മോദി പറഞ്ഞു.