ബിജെപിയുടെ പ്രകടന പത്രിക എന്നാല്‍ മോദിയുടെ ഗ്യാരണ്ടി, കേരളത്തില്‍ വികസനം കൊണ്ടുവരും; നരേന്ദ്ര മോദി

ബിജെപിയുടെ പ്രകടന പത്രിക എന്നാല്‍ മോദിയുടെ ഗ്യാരണ്ടി, കേരളത്തില്‍ വികസനം കൊണ്ടുവരും; നരേന്ദ്ര മോദി
ബിജെപിയുടെ പ്രകടന പത്രിക എന്നാല്‍ മോദിയുടെ ഗ്യാരണ്ടി, കേരളത്തില്‍ വികസനം കൊണ്ടുവരും; നരേന്ദ്ര മോദി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നരേന്ദ്രമോദി തിരുവനന്തപുരം കാട്ടാക്കടയിലെത്തി. മലയാളത്തില്‍ സ്വാഗതം പറഞ്ഞ് പ്രസംഗം ആരംഭിച്ച പ്രധാനമന്ത്രി പത്മനാഭ സ്വാമിയുടെ മണ്ണില്‍ വന്നത് സന്തോഷമാണെന്ന് പറഞ്ഞു. മോദിയുടെ ഗ്യാരണ്ടി എന്ന് ആവര്‍ത്തിച്ച്, ശ്രീനാരായണ ഗുരുവിനെയും അയ്യങ്കാളിയെയും അനുസ്മരിച്ചായിരുന്നു മോദിയുടെ പ്രസംഗം. ബിജെപിയുടെ പ്രകടന പത്രിക എന്നാല്‍ മോദിയുടെ ഗ്യാരണ്ടിയാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി കേരളത്തില്‍ വികസനം കൊണ്ടുവരുമെന്നും പറഞ്ഞു.

അഞ്ചു വര്‍ഷത്തില്‍ ഭാരതത്തെ മൂന്നാം സാമ്പത്തിക ശക്തി ആക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സദസ്സില്‍ കുഞ്ഞുങ്ങളെ കണ്ടതില്‍ സന്തോഷം. അവര്‍ക്ക് നമസ്‌ക്കാരം. കേരളത്തില്‍ വലിയ വികസന പദ്ധതികള്‍ കൊണ്ട് വരും. വിനോദ സഞ്ചാര രംഗത്തു പുത്തന്‍ വികസന പദ്ധതികള്‍ വരും. കൂടുതല്‍ ഹോം സ്റ്റേകള്‍ തുടങ്ങുകയും തീര വികസനത്തിന് മുന്‍ഗണന നല്‍കുകയും ചെയ്യും. മത്സ്യസമ്പത്ത് കൂട്ടാന്‍ പുതിയ പദ്ധതികള്‍ നടപ്പാക്കുമെന്നും പ്രധാനമന്ത്രി വിശദമാക്കി. ദക്ഷിണേന്ത്യയിലും ബുള്ളറ്റ് ട്രെയിന്‍ വരുമെന്നും സര്‍വെ നടപടി പുതിയ സര്‍ക്കാര്‍ തുടങ്ങുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിനും സിപിഎമ്മിനും എതിരെ പ്രധാനമന്ത്രി പ്രസംഗത്തിനിടെ രൂക്ഷ വിമര്‍ശനമുന്നയിച്ചു. ഇവിടെ വലിയ ശത്രുക്കളായവര്‍ ഡല്‍ഹിയില്‍ സുഹൃത്തുക്കളാണ്. ഇടത് വലത് മുന്നണികളുടെ വിശ്വാസ്യത നഷ്ടപ്പെട്ടു കഴിഞ്ഞു. വര്‍ക്കല നെടുമങ്ങാട് പോലുള്ള സ്ഥലങ്ങളില്‍ പോലും മയക്കുമരുന്ന് സംഘം ശക്തമാണ്. ഇതിന്റെ ക്രെഡിറ്റ് ആര്‍ക്കാണെന്നും മോദി ചോദിച്ചു. ഇന്ന് കേരളത്തില്‍ പലയിടത്തും കുടിവെള്ളം കിട്ടാനില്ലെന്നും മോദി ചൂണ്ടിക്കാണിച്ചു. കോണ്‍ഗ്രസിനും ഇടത് പാര്‍ട്ടികള്‍ക്കും ഒരു വ്യത്യാസവും ഇല്ലെന്ന് പറഞ്ഞ മോദി രണ്ട് പേരും അഴിമതിക്കാരാണെന്നും അഴിമതി നടത്താന്‍ മത്സരിക്കുന്നവരാണെന്നും കുറ്റപ്പെടുത്തി. രണ്ടു പേരും വികസന വിരോധികളെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു.

സ്വര്‍ണ്ണക്കടത്തും കരുവന്നൂര്‍ ബാങ്ക് തട്ടിപ്പും മാസപ്പടിയും പ്രധാനമന്ത്രി പ്രസംഗത്തിനിടെ പരാമര്‍ശിച്ചു. സ്വര്‍ണ്ണക്കടത്തില്‍ പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാന്‍ സംവിധാനം പൂര്‍ണ്ണമായും ഉപയോഗിച്ചുവെന്ന് പറഞ്ഞ പ്രധാനമന്ത്രി സഹകരണ ബാങ്ക് അഴിമതികളെക്കുറിച്ചും എടുത്ത് പറഞ്ഞു. സിപിഎം ഭരിക്കുന്ന സഹകരണ സംഘങ്ങള്‍ പാവപ്പെട്ടവരുടെ പണം കൊള്ളയടിക്കുന്നു. ഒരു ലക്ഷം കോടിയുടെ കൊള്ള നടക്കുന്നു. അഴിമതി നടത്തിയ എല്ലാവരെയും തുറുങ്കില്‍ അടക്കുമെന്നും അഴിമതി നടത്തിയ പണം തിരികെ പാവങ്ങള്‍ക്ക് എത്തിക്കുമെന്നും മോദി ഉറപ്പ് നല്‍കി.

ശമ്പളം കൊടുക്കാന്‍ പോലും സംസ്ഥാന സര്‍ക്കാരിന് കഴിയുന്നില്ല. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സംസ്ഥാനമാണ്. എന്നാല്‍ കേന്ദ്രമാണെന്ന് കള്ളം പറയുന്നു. സുപ്രീം കോടതിയില്‍ പോയ സംസ്ഥാനത്തിന് തിരിച്ചടി കിട്ടി. കൊള്ള കാരണമാണ് സാമ്പത്തിക പ്രതിസന്ധിയെന്നും മോദി കുറ്റപ്പെടുത്തി. അഴിമതിക്കാര്‍ മോദിയെ തടയാന്‍ ശ്രമിക്കുന്നു. എന്നാല്‍ മോദി ഇവരെ പേടിക്കില്ല. സഹകരണ ബാങ്കില്‍ നിക്ഷേപിച്ചവര്‍ക്ക് പണം തിരിച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി കള്ളം പറയുന്നു എന്നും മോദി ചൂണ്ടിക്കാട്ടി. ബിജെപിക്ക് ചെയ്യുന്ന ഓരോ വോട്ടും അഴിമതിക്ക് എതിരെയുള്ളതാണെന്നും കേരളത്തിലെ ഓരോ വീടുകളിലും സന്ദേശം എത്തിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. മാസപ്പടി അന്വേഷണത്തിനു തടയിടാന്‍ സംസ്ഥാന സര്‍ക്കാന്‍ ശ്രമിക്കുന്നു എന്നും മോദി കൂട്ടിച്ചേര്‍ത്തു.

Top