അഴിമതി ആരോപണമില്ലാത്തതിന് കാരണം ജനങ്ങളുടെ അനുഗ്രഹം; നരേന്ദ്ര മോദി

അഴിമതി ആരോപണമില്ലാത്തതിന് കാരണം ജനങ്ങളുടെ അനുഗ്രഹം; നരേന്ദ്ര മോദി
അഴിമതി ആരോപണമില്ലാത്തതിന് കാരണം ജനങ്ങളുടെ അനുഗ്രഹം; നരേന്ദ്ര മോദി

റാഞ്ചി: ബിജെപി സര്‍ക്കാര്‍ അഴിമതി രഹിത ഭരണമാണ് നടത്തുന്നതെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ അനുഗ്രഹം കൊണ്ടാണ് തനിക്കെതിരെ അഴിമതി ആരോപണങ്ങളില്ലാത്തതെന്നും അദ്ദേഹം പറഞ്ഞു. ’25 വര്‍ഷമായി ഞാന്‍ മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും രാജ്യത്തെ സേവിക്കുകയാണ്. നിങ്ങളുടെ അനുഗ്രഹമാണ് എനിക്കെതിരെ ഒരു അഴിമതി ആരോപണവുമില്ലാത്തതിന് കാരണം’- ജാര്‍ഖണ്ഡിലെ പലാമുവില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പ്രധാനമന്ത്രി പറഞ്ഞു.

500 വര്‍ഷങ്ങള്‍ക്ക് ശേഷം അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ചതും ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും തന്റെ ഭരണത്തിലെ നാഴികകല്ലുകളാണ്. ജെഎംഎം-കോണ്‍ഗ്രസ് നേതാക്കള്‍ അഴിമതിയിലൂടെ വന്‍തോതില്‍ സ്വത്ത് സമ്പാദിക്കുന്നുവെന്നും തനിക്ക് സ്വന്തമായി ഒരു സൈക്കിള്‍ പോലുമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ബിജെപി സര്‍ക്കാര്‍ നല്‍കിയ സേവനങ്ങള്‍ മോദി എണ്ണിപ്പറഞ്ഞു. ഓരോ ഇന്ത്യക്കാരന്റെയും ക്ഷേമത്തിനായി താന്‍ പ്രവര്‍ത്തിക്കും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും ജനങ്ങളുടെ പിന്തുണ വേണമെന്ന് മോദി അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ജാര്‍ഖണ്ഡില്‍ മെയ് 13, 20, 25, ജൂണ്‍ 1 എന്നിങ്ങനെ നാല് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക.

Top