CMDRF

ജയലളിതയെ അനുസ്മരിച്ച് നരേന്ദ്ര മോദി; ഡിഎംകെ സ്ത്രീകളെ അനാദരിക്കുന്നെന്ന് വിമര്‍ശനം

ജയലളിതയെ അനുസ്മരിച്ച് നരേന്ദ്ര മോദി; ഡിഎംകെ സ്ത്രീകളെ അനാദരിക്കുന്നെന്ന് വിമര്‍ശനം
ജയലളിതയെ അനുസ്മരിച്ച് നരേന്ദ്ര മോദി; ഡിഎംകെ സ്ത്രീകളെ അനാദരിക്കുന്നെന്ന് വിമര്‍ശനം

സേലം: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെ അനുസ്മരിച്ച് നരേന്ദ്രമോദി. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഏട്ടാം തവണ തമിഴ്നാട് സന്ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ജയലളിതയെ അനുസ്മരിച്ചത്. ഡിഎംകെ സ്ത്രീകളെ അനാദരിക്കുകയും തമിഴ്നാടിനെ പഴയചിന്താഗതികളില്‍ കുടുക്കുകയുമാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം.

ഡിഎംകെ ജയലളിതയോട് പെരുമാറിയത് എങ്ങനെയാണെന്ന് ഞങ്ങള്‍ക്കറിയാം. അവരെക്കുറിച്ച് അസഭ്യകരമായ പ്രമേയങ്ങള്‍ പാസാക്കി എന്നായിരുന്നു മോദിയുടെ പരാമര്‍ശം. തമിഴ്നാട് സ്ത്രീകളെ ബഹുമാനിക്കുന്നു എന്നാല്‍ ഇന്ത്യന്‍ സഖ്യം അങ്ങനെയല്ല, ഡിഎംകെ അങ്ങനെയല്ല. താന്‍ ശക്തിയെ നശിപ്പിക്കും എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു, മറ്റൊരാള്‍ സനാതന ധര്‍മ്മം ഇല്ലാതാക്കുമെന്ന് പറയുന്നുവെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശത്തെക്കുറിച്ചായിരുന്നു മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തല്‍. ഡിഎംകെ ഒരു കുടുംബത്തിന്റെ കമ്പനിയായി മാറിയെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം സ്ഥാപകന്‍ എം ജി രാമചന്ദ്രന്‍ കുടുംബ രാഷ്ട്രീയം ഇല്ലാതെ ഭരണം നടത്തിയെന്നും മോദി പ്രശംസിച്ചു.

ഇന്‍ഡ്യ മുന്നണി നേതാക്കളെ കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി മുന്‍ മുഖ്യമന്തി ജയലളിതയെ മൂന്ന് പതിറ്റാണ്ട് മുന്‍പ് നടന്ന ഒരു സംഭവം ചൂണ്ടിക്കാണിച്ച് പരാമര്‍ശിച്ചതാണ് രാഷ്ട്രീയകേന്ദ്രങ്ങളെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. നേരത്തെ ഫെബ്രുവരിയില്‍ തമിഴകത്തെത്തിയ സമയത്ത് ജയലളിതയെ യഥാര്‍ത്ഥ നേതാവ് എന്നും മോദി വിശേഷിപ്പിച്ചിരുന്നു.

ഇത്തവണ എഐഎഡിഎംകെയുടെ പിന്തുണയില്ലാതെ ബിജെപി ഒറ്റയ്ക്ക് മത്സരിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പുതിയ നീക്കം. കഴിഞ്ഞ മാസം ബിജെപിയുടെ പ്രചാരണ പോസ്റ്ററുകളിലും ജയലളിതയും എംജിആറും ഇടംപിടിച്ചിരുന്നു. പാര്‍ട്ടി മേധാവി എടപ്പാടി കെ പളനിസ്വാമിയുടെ തട്ടകവുമായ പടിഞ്ഞാറന്‍ തമിഴ്‌നാട്ടിലെ സേലത്തായിരുന്നു പ്രധാനമന്ത്രിയുടെ പ്രചാരണ പരിപാടി.

Top