ഡൽഹി: ആഗോള സമാധാനവും വികസനവും ഉറപ്പാക്കാൻ അന്താരാഷ്ട്ര സംഘടനകൾ പരിഷ്‌കരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎൻ പൊതുസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.യുഎൻ രക്ഷാ സമിതിയിൽ ഇന്ത്യയുടെ സ്ഥിരാംഗത്വം സംബന്ധിച്ച പരോക്ഷമായാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
ലോകത്ത് ഏഷ്യൻ – ആഫ്രിക്കൻ രാജ്യങ്ങളുടെ ഐക്യം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഗ്ലോബൽ സൗത്തിന് വേണ്ടി നിലകൊള്ളണം. യുഎന്നിൻറെ ഭാവിക്കായുള്ള ഉച്ചകോടി പരിപാടിയിൽ ആഗോള തലത്തിലെ വെല്ലുവിളികൾ നേരിടുന്നത് എങ്ങനെ എന്ന വിഷയത്തിലായിരുന്നു പ്രസംഗം.
സുസ്ഥിര വികസനം വിജയകരമായി നടപ്പാക്കിയ രാജ്യമാണ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു. 250 ദശലക്ഷം ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റി. ഇന്ത്യയുടെ പൊതു ഡിജിറ്റൽ സംവിധാനങ്ങൾ ലോകവുമായി പങ്കുവെക്കാൻ ഇന്ത്യ സന്നദ്ധമാണ്. ഭീകരവാദം ആഗോള സമാധാനത്തിന് ഭീഷണിയായി തുടരുകയാണ്. സൈബർ, ബഹിരാകാശം, സമുദ്രങ്ങൾ എന്നിവ സംഘർഷത്തിന്റെ പുതിയ ഇടങ്ങളായി മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു.