ഭൂമിയില്‍ മാത്രമല്ല ഇപ്പോഴിതാ ചന്ദ്രനിലും റെയില്‍ പദ്ധതിയുമായി വന്നിരിക്കുകയാണ് അമേരിക്കന്‍ ബഹിരാകാശ സ്ഥാപനമായ നാസ. ഫ്‌ലോട്ട് അഥവാ ഫ്‌ലെക്‌സിബിള്‍ ലെവിറ്റേഷന്‍ ഓണ്‍ എ ട്രാക്ക് എന്നാണ് നാസയുടെ പദ്ധതിയുടെ പേര്. നാസയുടെ ഇന്നവേറ്റീവ് അഡ്വാന്‍സ്ഡ് കണ്‍സപ്റ്റ്‌സ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ പദ്ധതി. നമ്മള്‍ സയന്‍സ് ഫിക്ഷന്‍ സിനിമകളിലൊക്കെ കാണുന്നതരം കിടിലന്‍ പദ്ധതികള്‍ തയാറാക്കുന്ന വിഭാഗമാണ് ഇത്. എന്നാല്‍ നമ്മള്‍ വിചാരിക്കുന്നതുപോലെ ഒരു യാത്രാ ട്രെയിനല്ല ഫ്‌ലോട്ട്. മറിച്ച് നമ്മുടെ നാട്ടിലെ ഗുഡ്സ് ട്രെയിനുകളെപ്പോലെ സാധനങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും നീക്കാനുള്ള ഒരു ചരക്കുട്രെയിനാണ്. ഒറ്റനോട്ടത്തില്‍ കണ്ടാല്‍ നീങ്ങുന്ന ഒരു ട്രാക്ക് മാതിരിയാകും ഇതിരിക്കുക, 2030ല്‍ ഈ പദ്ധതി യാഥാര്‍ഥ്യമാക്കുമെന്നാണ് നാസ പറയുന്നത്.
ചന്ദ്രനെ അടിസ്ഥാനപ്പെടുത്തി വമ്പന്‍ പദ്ധതികളാണ് ലോകത്തെ പല ബഹിരാകാശ ശക്തികളും അണിയറയില്‍ ഒരുക്കുന്നത്. അമേരിക്ക ഈ മേഖലയില്‍ മുന്‍പന്തിയിലുണ്ട്. ആദ്യമായി മനുഷ്യരെ ചന്ദ്രനിലെത്തിച്ച അപ്പോളോ ദൗത്യത്തിന് ഒരു പിന്‍തുടര്‍ച്ചയെന്നവണ്ണമാണ് അമേരിക്ക ആര്‍ട്ടിമിസ് ദൗത്യം പദ്ധതിയിടുന്നത്. മാഗ്‌നറ്റിക് ലെവിറ്റേഷന്‍ സാങ്കേതികവിദ്യയിലാകും ഈ റോബട്ടിക് ട്രെയിന്‍ പ്രവര്‍ത്തിക്കുക. മണിക്കൂറില്‍ 1.61 കിലോമീറ്റര്‍ എന്ന ചെറിയ വേഗത്തിലാകും ട്രെയിന്‍ ട്രാക്ക് നീങ്ങുക.