CMDRF

ഇന്ത്യൻ താരങ്ങളെ കുറിച്ച് നതാൻ ലിയോൺ

ഇന്ത്യയുടെ കരുത്തിനെ കുറിച്ച് സംസാരിക്കുകയാണ് ലിയോൺ

ഇന്ത്യൻ താരങ്ങളെ കുറിച്ച് നതാൻ ലിയോൺ
ഇന്ത്യൻ താരങ്ങളെ കുറിച്ച് നതാൻ ലിയോൺ

സിഡ്‌നി: കഴിഞ്ഞ ദശാബ്ദത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് സ്പിന്നർമാരിൽ ഒരാളാണ് ഓസ്‌ട്രേലിയയുടെ നതാൻ ലിയോൺ. ഓസ്ട്രേലിയക്കായി പലപ്പോഴായി മാച്ച് വിന്നിംഗ് പ്രകടനം പുറത്തെടുത്തിട്ടുള്ള താരമാണ് ലിയോൺ. ടെസ്റ്റിൽ 500ൽ അധികം വിക്കറ്റുകളും ലിയോൺ വീഴ്ത്തി. ഈ വർഷാവസാനം ബോർഡർ – ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യക്ക് വെല്ലുവിളിയാവുന്ന ഒരാൾ ലിയോണായിരിക്കുമെന്ന് ഉറപ്പാണ്. ഇപ്പോൾ ഇന്ത്യയുടെ കരുത്തിനെ കുറിച്ച് സംസാരിക്കുകയാണ് ലിയോൺ.

ഇന്ത്യൻ ബാറ്റിംഗ് നിര വലിയ വെല്ലുവിളി ഉയർത്തുമെന്നാണ് ലിയോൺ പറയുന്നത്. ”വിരാട് കോലി, രോഹിത് ശർമ, റിഷഭ് പന്ത് എന്നീ മൂന്ന് പേരെ മറികടക്കുക പ്രയാസമായിരിക്കും. ഏറ്റവും വലിയ വെല്ലുവിളിയാണിത്. മാത്രമല്ല യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, രവീന്ദ്ര ജഡേജ എന്നിവരും ടീമിലുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയെ കീഴ്‌പ്പെടുത്തുക വെല്ലുവിളി നിറഞ്ഞതാണ്.” ലിയോൺ പറഞ്ഞു.

നേരത്തെ ഇന്ത്യൻ സ്പിന്നർ ആർ അശ്വിനെ കുറിച്ചും ലിയോൺ പറഞ്ഞിരുന്നു. അശ്വിനോടുള്ള ആരാധന പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട് ലിയോൺ. ഒരിക്കൽകൂടി നേർക്കുനേർ വരുന്നതിന്റെ സന്തോഷവും ഓസ്ട്രേലിയൻ താരത്തിനുണ്ട്. ലിയോണിന്റെ വാക്കുകൾ… ”അശ്വിനും ഞാനും ഏതാണ്ട് ഒരേ സമയത്ത് തന്നെയാണ് അരങ്ങേറ്റം കുറിച്ചത്. നിരവധി പരമ്പരകളിൽ പരസ്പരം മത്സരിച്ചു. എനിക്ക് അദ്ദേഹത്തോട് ബഹുമാനമല്ലാതെ മറ്റൊന്നും തോന്നാറില്ല. അദ്ദേഹം പന്തെറിയുന്നത് കാണാൻ എനിക്ക് ഇഷ്ടമാണ്. ഓഫ് സ്പിൻ ബൗളിംഗിൽ അദ്ദേഹം ഒരു സമ്പൂർണ്ണ മാസ്റ്ററാണ്. അദ്ദേഹത്തിനെതിരെ കളിക്കാനും കൂടുതൽ പഠിക്കാനും സാധിച്ചത് ഒരു പദവിയായിട്ടാണ് എനിക്ക് തോന്നുന്നത്. എനിക്ക് അദ്ദേഹത്തിൽ നിന്ന് ഒരുപാട് പഠിക്കാൻ കഴിഞ്ഞു. അശ്വിന് അറിയില്ലെങ്കിൽ പോലും, അദ്ദേഹം എന്റെ പരിശീലകരിൽ ഒരാളാണ്.” ലിയോൺ പറഞ്ഞു.

Top