ബെംഗളൂരു/കോഴിക്കോട്: കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ ദൗത്യത്തിനായി കേരളം ഉദ്യോഗസ്ഥരെ ഉടന്‍ അയക്കും. കാസര്‍കോട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെ നേതൃത്വത്തില്‍ മൂന്ന് അംഗ സംഘം ഉടന്‍ ഷിരൂരിലേക്ക് തിരിക്കും. സംഭവത്തില്‍ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് സെക്രട്ടറി ഡോ. വി വേണുവിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദൗത്യം ഏകോപിപ്പിക്കാന്‍ കോഴിക്കോട് കളക്ടറെ ചുമതലപ്പെടുത്തിയതായി മന്ത്രി പി എ മുഹമ്മദ് റിയാസും അറിയിച്ചു. അതേസമയം, കനത്ത മഴയെ തുടര്‍ന്ന് തല്‍ക്കാലികമായി നിര്‍ത്തിവെച്ച രക്ഷാപ്രവര്‍ത്തനം വീണ്ടും തുടങ്ങി. കുന്നിടിഞ്ഞ ഭാഗത്തെ മണ്ണ് നീക്കിത്തുടങ്ങി.
കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലാണ് കോഴിക്കോട് സ്വദേശി അര്‍ജുന്‍ കുടുങ്ങിക്കിടക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായി മേഖലയില്‍ കനത്ത മഴ തുടരുകയാണ്. ഗംഗാവലി പുഴ നിറഞ്ഞൊഴുകുന്നതും രക്ഷാ പ്രവര്‍ത്തനത്തിന് തിരിച്ചടിയാവുകയാണ്. എന്‍ഡിആര്‍എഫും പൊലീസും തെരച്ചില്‍ ഇപ്പോള്‍ തല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. നാവികസേനയുടെ ഹെലികോപ്റ്ററുകള്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഡൈവര്‍മാര്‍ ഹെലികോപ്റ്ററുകള്‍ വഴി പുഴയിലേക്കിറങ്ങി പരിശോധിക്കാന്‍ ആലോചിക്കുന്നുണ്ട്. കാര്‍വാര്‍ നാവികസേന ബേസ് കളക്ടറുടെ അഭ്യര്‍ത്ഥന പ്രകാരം ഗോവ നേവല്‍ ബേസില്‍ അനുമതി തേടി.
അര്‍ജുനെ രക്ഷിക്കാന്‍ കേരള സര്‍ക്കാരും പ്രതിപക്ഷവും ഇടപെടല്‍ ശക്തമാക്കിയിരിക്കുകയാണ്. മന്ത്രി കെ ബി ഗണേഷ് കുമാറും കെ സി വേണുഗോപാലും അടക്കമുള്ളവര്‍ ഇടപെട്ടതോടെ രക്ഷാപ്രവര്‍ത്തനം വേഗത്തില്‍ ആക്കാന്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കി. ജിപിഎസ് ലൊക്കേഷന്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് തന്നെ ആണെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ പ്രതികരിച്ചു. കനത്ത മഴയായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. വെള്ളത്തിനടിയില്‍ ലോറി ഉണ്ടോ എന്നറിയാന്‍ നാവികസേനയുടെ സഹായം തേടിയിട്ടുണ്ട്. മണ്ണ് നീക്കല്‍ വേഗത്തിലാക്കിയെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. അര്‍ജുനെ രക്ഷപ്പെടുത്താന്‍ ശ്രമം തുടരുകയാണെന്നും ദുരന്ത നിവാരണ സേന തെരച്ചില്‍ നടത്തുകയാണെന്ന് കര്‍ണാടക സര്‍ക്കാര്‍ കേരളത്തെ അറിയിച്ചുവെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.