CMDRF

ദേശീയ കണ്‍വെന്‍ഷന് ഇന്ന് തുടക്കം: ട്രംപിനെ പിന്നിലാക്കി കമല ഹാരിസ്

ദേശീയ കണ്‍വെന്‍ഷന് ഇന്ന് തുടക്കം: ട്രംപിനെ പിന്നിലാക്കി കമല ഹാരിസ്
ദേശീയ കണ്‍വെന്‍ഷന് ഇന്ന് തുടക്കം: ട്രംപിനെ പിന്നിലാക്കി കമല ഹാരിസ്

വാഷിങ്ടണ്‍ ഡിസി: ജോ ബൈഡന്റെ പിന്മാറ്റത്തിനും മത്സര രംഗത്തേക്കുള്ള കമല ഹാരിസിന്റെ വൈകിയുള്ള കടന്നുവരവിനും ഇടയിൽ ഡെമോക്രാറ്റുകള്‍ക്ക് ആശ്വാസകരമാകുന്ന വാര്‍ത്തകളാണ് അമേരിക്കയില്‍ നിന്ന് ലഭിക്കുന്നത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ നേരിയ പോയിന്റിന് മുന്നിലാണ് നിലവില്‍ കമലയെന്നാണ് പോള്‍ സര്‍വേ സൂചിപ്പിക്കുന്നത്. വാഷിങ്ടണ്‍ പോസ്റ്റ്-എബിസി ന്യൂസ്- ഇപ്‌സോസ് പോള്‍ പ്രകാരം കമലയ്ക്ക് നാല് പോയിൻ്റിൻ്റെ ലീഡാണുള്ളത്.

ഇന്ന് രാത്രിയോടെ ദേശീയ കണ്‍വെന്‍ഷന്‍ ആരംഭിക്കാനിരിക്കെ കമല ഹാരിസിന്റെ മുന്നേറ്റം ഡെമോക്രാറ്റുകള്‍ക്ക് ചെറുതല്ലാത്ത ഊര്‍ജ്ജം നല്‍കുന്നുണ്ട്. ഇന്ന് നടക്കുന്ന കണ്‍വെന്‍ഷനിലാകും കമല ഔദ്യോഗികമായി ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി നോമിനേറ്റ് ചെയ്യപ്പെടുക.

ഏറ്റവും പുതിയ പോള്‍ പ്രകാരം കമല ഹാരിസിന് 49 പോയിന്റാണുള്ളത്. 45 പോയിന്റാണ് ട്രംപിനുള്ളത്. കഴിഞ്ഞ ജൂലൈയിലെ പോളില്‍ ട്രംപിന് 43 പോയിന്റും ബൈഡന് 42 പോയിന്റുമായിരുന്നു ഉണ്ടായിരുന്നത്. പ്രവചനാതീതമായ മിഷിഗണ്‍, പെന്‍സില്‍വാനിയ, വിസ്‌കോയിന്‍, നോര്‍ത്ത് കരോലിന, ജോര്‍ജിയ, അരിസോന, നെവാഡ എന്നീ ഏഴ് സ്‌റ്റേറ്റുകളാകും പ്രസിഡന്റിനെ തീരുമാനിക്കുന്നതില്‍ നിര്‍ണായകമാകുക. ബൈഡന്‍ മത്സരത്തില്‍ നിന്ന് പിന്മാറിയതിന് ശേഷം ഈ സ്റ്റേറ്റുകളിലെല്ലാം അടിത്തട്ടുകളില്‍ നിന്ന് തന്നെ ഹാരിസ് പിന്തുണ നേടിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ന് നടക്കാനിരിക്കുന്ന കണ്‍വെന്‍ഷനും തുടര്‍ സംവാദങ്ങളിലും കമല ഹാരിസിന് നിലവിലെ ലീഡ് നിലനിര്‍ത്താനായാല്‍ പ്രസിഡന്റ് സ്ഥാനം നിലനിര്‍ത്താനാകുമെന്നാണ് ഡ്രെമോക്രാറ്റുകളുടെ കണക്കുകൂട്ടല്‍.

അതേസമയം കമല ഹാരിസിനെതിരെ വ്യക്തി അധിക്ഷേപവുമായി ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഒരു ഇലക്ഷന്‍ റാലിയില്‍ വെച്ച് കമലയുടെ രുപത്തെ പരിഹസിച്ചുകൊണ്ടാണ് ട്രംപ് രംഗത്തെത്തിയത്. ടൈം മാഗസിന്റെ കവര്‍ചിത്രമായി വന്ന കമലയുടെ ഫോട്ടോഗ്രാഫിനെ കളിയാക്കുകയായിരുന്നു ട്രംപ്. ഈ ഫോട്ടോ കണ്ടപ്പോള്‍ കമലയേക്കാള്‍ ഭംഗി തനിക്കുണ്ടെന്ന് തോന്നി. കമലയുടെ ഫോട്ടോ ഒന്നും കൊള്ളില്ലാത്തതുകൊണ്ട് മാഗസിന്റെ പബ്ലിഷര്‍മാര്‍ക്ക് നന്നായി ചിത്രം വരയ്ക്കുന്ന ഒരാളെ കൊണ്ടുവരേണ്ടിവന്നുവെന്നും ട്രംപ് പരിഹസിച്ചു.

Top