CMDRF

‘നാഷണല്‍ ഹെറാള്‍ഡ്’ രാഹുലിനുള്ള കുരുക്കോ..?

‘നാഷണല്‍ ഹെറാള്‍ഡ്’ രാഹുലിനുള്ള കുരുക്കോ..?
‘നാഷണല്‍ ഹെറാള്‍ഡ്’ രാഹുലിനുള്ള കുരുക്കോ..?

സ്വതന്ത്ര ഇന്ത്യയെക്കാള്‍ പ്രായമുള്ള ഒരു പത്രം. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ചുക്കാന്‍ പിടിച്ച് നിര്‍മ്മിച്ച നാഷണല്‍ ഹെറാള്‍ഡ് എന്ന ഈ പത്രത്തിന് ഇന്ത്യയുടെ ചരിത്രത്തില്‍ ചേര്‍ത്ത് വെക്കാനും ഒരുപാട് അഭിമാന നിമിഷങ്ങളുണ്ട്. 5,000 സ്വാതന്ത്ര്യ സമര സേനാനികളെ ഓഹരി ഉടമകളാക്കി 1938 ല്‍ അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡ് (എജെഎല്‍) എന്ന കമ്പനിയാണ് ഈ പത്രം പ്രസിദ്ധീകരിച്ചിരുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരം കൊടുംമ്പിരി കൊണ്ടിരിക്കുന്ന സമയത്ത് സമരാവേശം ജനങ്ങളിലെത്തിക്കാന്‍ മുതുമുത്തച്ചന്‍ തുടങ്ങിയ പത്രവുമായി ബന്ധപ്പെട്ടുടലെടുത്ത കേസില്‍ എങ്ങനെയാണ് രാഹുലും അമ്മ സോണിയയും പ്രതികളായത്..? എന്താണ് നാഷണല്‍ ഹെറാള്‍ഡ് ..? എന്താണ് നാഷണല്‍ ഹെറാള്‍ഡ് കേസ്..?

5,000 സ്വാതന്ത്ര്യ സമര സേനാനികള്‍ ഓഹരി ഉടമകളായ, അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡ് എന്ന കമ്പനി ആരുടെയും സ്വകാര്യ സ്വത്തല്ലായിരുന്നു. ശക്തമായ ലേഖനങ്ങളും, എഴുത്തുകളും. നിഷ്പക്ഷമായി കാര്യങ്ങള്‍ അവതരിപ്പിച്ച് ജനങ്ങള്‍ക്ക് വേണ്ട കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുക എന്നതായിരുന്നു കമ്പനി ലക്ഷ്യം. കമ്പനി ഖ്വാമി ആവാസ് എന്ന് ഉര്‍ദ്ദുവിലും നവജീവന്‍ എന്ന് ഹിന്ദിയിലുമായി രണ്ട് പത്രങ്ങള്‍കൂടി പ്രസിദ്ധീകരിച്ചിരുന്നു. 1942 ല്‍ ബ്രിട്ടീഷ് ഭരണകൂടം പത്രത്തെ പിരിച്ചുവിട്ടിരുന്നെങ്കിലും മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തുറന്ന് പ്രവര്‍ത്തിച്ചു. 1947 ല്‍ സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം പ്രധാനമന്ത്രി സ്ഥാനമേല്‍ക്കുന്നതിന് വേണ്ടി നെഹ്‌റു ചെയര്‍മാന്‍ സ്ഥാനം രാജി വെയ്ക്കുകയായിരുന്നു.

എന്നാല്‍ സ്വതന്ത്ര ഇന്ത്യയിലെ കച്ചവടശ്രേണിയില്‍ അതിജീവിക്കാന്‍ കഴിയാതെ 2008 ല്‍ പ്രസിദ്ധീകരണം തുടങ്ങി എഴുപതാം വര്‍ഷം കമ്പനി പൂട്ടി. നാഷണല്‍ ഹെറാള്‍ഡ് അടച്ചുപൂട്ടിയതോടെ വിവാദങ്ങള്‍ ഉയര്‍ന്നുപൊങ്ങി. പത്രം അടച്ചുപൂട്ടിയപ്പോള്‍ ജീവനക്കാരെ ആനുകൂല്യങ്ങള്‍ നല്‍കി പിരിച്ചുവിടുന്നതിനും, പത്രത്തിന്റെ ബാധ്യതകള്‍ തീര്‍ക്കുന്നതിനുമായി നാഷണല്‍ ഹെറാള്‍ഡിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡിന് കോണ്‍ഗ്രസ് 90 കോടി രൂപ വായ്പ നല്‍കി. എന്നാല്‍ വായ്പ തിരിച്ചടയ്ക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടു. 2010 ല്‍ യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്ത് സോണിയ ഗാന്ധിയും, രാഹുല്‍ ഗാന്ധിയും ഡയറക്ടര്‍മാരായി നാഷണല്‍ ഹെറാള്‍ഡിന്റെ കെട്ടിടത്തില്‍ യംഗ് ഇന്ത്യ ലിമിറ്റഡ് എന്ന ഒരു കമ്പനി പണിതുയര്‍ത്തുന്നു.

യംഗ് ഇന്ത്യന്‍ ലിമിറ്റഡ് കമ്പനിയില്‍ സോണിയയ്ക്കും രാഹുലിനും 76 ശതമാനം ഓഹരി പങ്കാളിത്തമാണുണ്ടായിരുന്നത്. ശേഷിച്ച, 24 ശതമാനം ഓഹരികള്‍ പാര്‍ട്ടി ട്രഷറര്‍ ആയിരുന്ന മോത്തിലാല്‍ വോറയും ജനറല്‍ സെക്രട്ടറിയായിരുന്ന ഓസ്‌കാര്‍ ഫെര്‍ണാണ്ടയ്ക്കും ആയിരുന്നു. കോണ്‍ഗ്രസ് നല്‍കിയ 90 കോടി വായ്പ പിന്നീട്, യംഗ് ഇന്ത്യയുടെ പേരിലായി. അപ്പോള്‍ സ്വാഭാവികമായും എജെഎല്‍ യംഗ് ഇന്ത്യയ്ക്ക് പണം നല്‍കണമെന്ന് വരുന്നു. പണം നല്‍കാന്‍ കഴിയാത്തതിനാല്‍ എജെഎല്ലിന്റെ ഓഹരികള്‍ വെറും 50 ലക്ഷം രൂപയ്ക്ക് യംഗ് ഇന്ത്യ വാങ്ങുകയും, രണ്ടായിരം കോടി രൂപയോളം വരുന്ന നാഷണല്‍ ഹെറാള്‍ഡിന്റെ ആസ്തി സോണിയയും രാഹുലും ഡയറക്ടര്‍മാരായ കമ്പനിയുടെ പേരിലാകുകയും ചെയ്യുന്നു. പിന്നാലെ കേസും…

2013 ലാണ് മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ പരാതിയുമായി എത്തിയത്. കോടിക്കണക്കിന് രൂപയുടെ മൂല്യമുള്ള സ്വത്തുക്കള്‍ തെറ്റായ രീതിയില്‍ ഏറ്റെടുക്കാന്‍ ഗാന്ധി കുടുംബം തന്ത്രങ്ങള്‍ ഉപയോഗിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വാണിജ്യ ആവശ്യങ്ങള്‍ക്കായി പണം നല്‍കാന്‍ അനുവാദമില്ല. കോണ്‍ഗ്രസ് നല്‍കിയ വായ്പ നിയമവിരുദ്ധമാണ്, ഓഹരി വിശദാംശങ്ങള്‍ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ മറച്ചുവച്ചു, പൊതുസ്വത്ത് സ്വകാര്യ ആവശ്യത്തിനായി ഉപയോഗിച്ചു, അതിനായി ഗൂഢാലോചന നടത്തി, ഓഹരി ഉടമകളെ അറിയിക്കാതെ വഞ്ചിച്ചു എന്നിങ്ങനെയാണ് സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ ആരോപണങ്ങള്‍. 2014 ഓഗസ്റ്റിലാണ് കേസില്‍ ഇഡി അന്വേഷണം നടക്കുന്നത്. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ നടത്തിപ്പുകാരായിരുന്ന എജെഎല്ലിന്റെ ബാധ്യതകളും ഓഹരികളും യങ് ഇന്ത്യന്‍ ലിമിറ്റഡ് എന്ന കമ്പനി ഏറ്റെടുത്തതില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്നാണ് ഇഡി അന്വേഷിക്കുന്നത്.

എന്നാല്‍ ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ വൈര്യം തീര്‍ക്കുകയാണെന്നാണ് കേസില്‍ കോണ്‍ഗ്രസിന്റെ പ്രതികരണം. ഹെറാള്‍ഡ് പ്രസാധകരായ എജെഎല്ലിന് സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായപ്പോള്‍ കോണ്‍ഗ്രസ് പണം നല്‍കി രക്ഷകനായത് അതിന്റെ ചരിത്രപരമായ പൈതൃകത്തില്‍ വിശ്വസിച്ചതുകൊണ്ടാണെന്നും പാര്‍ട്ടി പറഞ്ഞു. കേസില്‍, രാഹുലിനും സോണിയയ്ക്കുമൊപ്പം മോത്തിലാല്‍ വോറ, ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, മാധ്യമപ്രവര്‍ത്തകന്‍ സുമന്‍ ദുബെ, സാങ്കേതിക വിദഗ്ധന്‍ സാം പിത്രോദ എന്നിവരെയും പ്രതി ചേര്‍ത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് 2022 ജൂണില്‍ നാല് തവണയായി ഏകദേശം 40 മണിക്കൂറോളം ഇ.ഡി ഉദ്യോഗസ്ഥര്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് 2022 ജൂലൈയില്‍ മൂന്നു ദിവസങ്ങളിലായി 11 മണിക്കൂറോളമാണ് സോണിയ ഗാന്ധിയെ ചോദ്യം ചെയ്തത്. എന്നാല്‍ ആര് വേണമെങ്കിലും വരട്ടെ താന്‍ കാത്തിരിക്കുകയാണെന്നാണ് രാഹുലിന്റെ നിലപാട്. പണമില്ലാഞ്ഞിട്ടാണോ , അതോ ഉണ്ടായിട്ടാണോ വെളുപ്പിക്കല്‍ നടന്നതെന്ന വിശദീകരണങ്ങള്‍ക്ക് കേസില്‍ അന്തിമ തീരുമാനം ആകേണ്ടതുണ്ട്.

REPORT : ANURANJANA KRISHNA .S

Top