ചാത്തന്നൂര്‍: ദേശീയപാത നിര്‍മാണ ദുരിതത്തിനിടെ പൊലീസിന്റെ പെറ്റിയടി. ചാത്തന്നൂര്‍ ജങ്ഷനില്‍ ഗതാഗതം നിയന്ത്രിക്കുന്ന ഹോം ഗാര്‍ഡാണ് വാഹനങ്ങളുടെ ഫോട്ടോയെടുത്ത് പെറ്റി രജിസ്റ്റര്‍ ചെയ്യുന്നത്. വാഹനങ്ങളുടെ ഉടമസ്ഥര്‍ ഇത് അറിയുന്നത് പോലുമില്ല. ഒരു വാഹനത്തിന് തന്നെ ദിനവും കൂടുതല്‍ തവണ പെറ്റിയടിച്ച സംഭവങ്ങളുണ്ട്.
ദേശീയപാത നിര്‍മാണപ്രവൃത്തികള്‍ നടക്കുന്നത് മൂലം അടിപ്പാതയിലും മറ്റുമാണ് നാട്ടുകാര്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. നോ പാര്‍ക്കിങ് ബോര്‍ഡുകളോ പൊലീസിന്റെ ട്രാഫിക് മുന്നറിയിപ്പോ ഇവിടെയില്ല. അതുകൊണ്ട് തന്നെ ജോലിക്ക് പോകുന്നവരും മറ്റും വാഹനങ്ങള്‍ സുരക്ഷിതമായി അടിപാതയിലും മറ്റ് ട്രാഫിക് പ്രശ്‌നങ്ങള്‍ ഇല്ലാത്ത ഭാഗങ്ങളിലുമാണ് പാര്‍ക്ക് ചെയ്യുന്നത്. പലപ്പോഴും വാഹനം പാര്‍ക്ക് ചെയ്ത് സാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ കയറുന്ന സമയത്താണ് ഹോം ഗാര്‍ഡിന്റെ ഫോട്ടോയെടുപ്പ്. വാഹനം പാര്‍ക്ക് ചെയ്യുന്ന സമയത്ത് ഹോം ഗാര്‍ഡ് വിലക്കാറുമില്ല.
ഇത്തരത്തില്‍ പെറ്റി കിട്ടുന്നത് കൂടുതലായും സ്ത്രീകള്‍ക്കാണ്. ഒരാള്‍ക്ക് പത്ത് പെറ്റി വരെ കിട്ടിയിട്ടുണ്ടെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഹോം ഗാര്‍ഡിന്റെ ഇത്തരം നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.