CMDRF

ദേശീയപാത നിര്‍മാണ സാമഗ്രികള്‍ കവര്‍ന്ന സംഭവം; മൂന്നുപേര്‍ പിടിയില്‍

ദേശീയപാത നിര്‍മാണ സാമഗ്രികള്‍ കവര്‍ന്ന സംഭവം; മൂന്നുപേര്‍ പിടിയില്‍
ദേശീയപാത നിര്‍മാണ സാമഗ്രികള്‍ കവര്‍ന്ന സംഭവം; മൂന്നുപേര്‍ പിടിയില്‍

ആറ്റിങ്ങല്‍: ദേശീയപാത നിര്‍മാണത്തിന് സൂക്ഷിച്ചിരുന്ന സാമഗ്രികള്‍ കവര്‍ന്ന സംഭവത്തില്‍ മൂന്നുപേരെ ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലയിലെ കഴക്കൂട്ടം മുതല്‍ കടമ്പാട്ടുകോണം വരെയുള്ള ദേശീയ പാത 66 ന്റെ നിര്‍മാണത്തിനായി കരാര്‍ കമ്പനിയുടെ കൊല്ലമ്പുഴ, മാമം യാര്‍ഡുകളില്‍ ശേഖരിച്ച് സൂക്ഷിച്ചിരുന്ന മെറ്റലുകള്‍, കമ്പികള്‍ അടക്കമുള്ള ലക്ഷക്കണക്കിന് രൂപ വില വരുന്ന നിര്‍മാണ സാമഗ്രികള്‍ കവര്‍ച്ച ചെയ്ത് സംഘത്തില്‍പ്പെട്ട പത്തനംതിട്ട ആറന്മുള താഴത്തേതില്‍ വീട്ടില്‍ മനോജ് (49), കല്ലമ്പലം തോട്ടയ്ക്കാട് വെടിമണ്‍കോണം പൂത്തന്‍വിളവീട്ടില്‍ വിമല്‍രാജ് (34), വര്‍ക്കല ചെറുന്നിയൂര്‍ വെണ്ണിയോട് വായനശാലക്ക് സമീപം മനോജ് (44) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ദേശീയപാതയുടെ കരാര്‍ കമ്പനിയായ ആര്‍.ഡി.എസ് മുന്‍ ജീവനക്കാരനായ മനോജ് കേസില്‍ പിടികൂടാനുള്ള ബിഹാര്‍ സ്വദേശിയുമായി ചേര്‍ന്ന് കഴിഞ്ഞ കുറെ നാളുകളായി നിര്‍മാണ സാമഗ്രികള്‍ മോഷ്ടിച്ചു വരുകയായിരുന്നു. ഇത് കണ്ടെത്തിയ കമ്പനി പരാതി നല്‍കിയതിനെതുടര്‍ന്ന് ആറ്റിങ്ങല്‍ പൊലീസ് നട ത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.മോഷ്ടിച്ചെടുത്തവ ചില സ്വകാര്യ നിര്‍മാണ കമ്പനി കള്‍ക്കും സ്വകാര്യ യാര്‍ഡുകളിലും പകുതി വിലക്ക് വിറ്റഴിക്കുകയായിരുന്നു കമ്പനിയുടെതന്നെ ലോറികളും എസ്‌കവേറ്ററും ഉപയോഗിച്ചായിരുന്നു മോഷണം പ്രതികള്‍ നാഷനല്‍ ഹൈവേയുടെ പണിക്കാരാണെന്നുകരുതി പൊലീസ് ഇവരെ ശ്രദ്ധിക്കാറില്ലായിരുന്നു.

ആറ്റിങ്ങല്‍ ഡിവൈ.എസ്.പി മഞ്ജുലാലിന്റെ നേതൃത്വത്തില്‍ ആറ്റിങ്ങല്‍ എസ്.എച്ച്.ഒ ജി. ഗോപകുമാര്‍, എസ്.ഐമാരായ സജിത്ത്.എസ്, ജിഷ്ണു എം.എസ്, എസ്.സി.പി.ഒ മാരായ മനോജ്കുമാര്‍.കെ, ശരത്കുമാര്‍ എല്‍.ആര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി ഇനിയും കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.

Top