CMDRF

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇമ്യൂണോളജിയിൽ പി.എച്ച്.ഡി.

2024-25 വിൻറർ സെഷനിലെ പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇമ്യൂണോളജിയിൽ പി.എച്ച്.ഡി.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇമ്യൂണോളജിയിൽ പി.എച്ച്.ഡി.

കേന്ദ്ര ബയോടെക്നോളജി ഡിപ്പാർട്മെന്റിന്റെ കീഴിലെ ബയോടെക്നോളജി റിസർച്ച് ആൻഡ് ഇനവേഷൻ കൗൺസിൽ (ബി.ആർ.ഐ.സി.) സ്വയംഭരണ ഗവേഷണസ്ഥാപനമായ, ന്യൂഡൽഹി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജി (എൻ.ഐ.ഐ.), 2024-25 വിൻറർ സെഷനിലെ പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ഇമ്യൂണോളജി, ഇൻഫക്ഷ്യസ് ആൻഡ് ക്രോണിക് ഡിസീസ് ബയോളജി, മോളിക്യുലാർ ആൻഡ് സെല്ലുലാർ ബയോളജി, കെമിക്കൽ ബയോളജി, സ്ട്രക്ചറൽ ബയോളജി, കംപ്യൂട്ടേഷണൽ ബയോളജി തുടങ്ങിയ ഇൻറർഡിസിപ്ലിനറി മേഖലകളിലെ ഗവേഷണങ്ങളിലാണ് കേന്ദ്രത്തിൽ അവസരമുള്ളത്.

യോഗ്യത

സയൻസിൽ ഏതെങ്കിലും ബ്രാഞ്ചിൽ (ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് തുടങ്ങിയവ) എം.എസ്‌സി., എം.ടെക്., എം.ബി.ബി.എസ്., എം.ഫാം., ഇൻറഗ്രേറ്റഡ് എം.എസ്‌സി., ജവാഹർലാൽ നെഹ്റു സർവകലാശാലാ വ്യവസ്ഥകൾപ്രകാരമുള്ള തത്തുല്യയോഗ്യത എന്നിവയിലൊന്നുള്ളവർക്ക് അപേക്ഷിക്കാം.

സീനിയർ സെക്കൻഡറി (പ്ലസ്ടു), ബിരുദതല യോഗ്യതാപരീക്ഷകളിൽ ഓരോന്നിലും മൊത്തം 60 ശതമാനം മാർക്ക്, മാസ്റ്റേഴ്സ്‌തല യോഗ്യതാപരീക്ഷയിൽ മൊത്തം 55 ശതമാനം മാർക്ക്/തത്തുല്യഗ്രേഡ്, അപേക്ഷകർക്ക് ഉണ്ടായിരിക്കണം. പട്ടിക/ഒ.ബി.സി./ സാമ്പത്തിക പിന്നാക്കം/ഭിന്നശേഷി വിഭാഗക്കാർക്ക് ഓരോ യോഗ്യതാപരീക്ഷയിലും സൂചിപ്പിച്ച മാർക്കിൽ അഞ്ചുശതമാനം ഇളവ് ലഭിക്കും (55/50 ശതമാനം). മാർക്ക് ശതമാനം അടുത്ത പൂർണസംഖ്യയിലേക്ക് ക്രമപ്പെടുത്താൻ അനുവാദമില്ല.

Also Read:കംബൈൻഡ് മെഡിക്കല്‍ സര്‍വീസസ് പരീക്ഷയുടെ അഭിമുഖ ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു

2024-25 അക്കാദമിക് വർഷം യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും, താത്‌കാലികമായി അപേക്ഷിക്കാം.

തിരഞ്ഞെടുപ്പ്

ഒക്ടോബർ 27-ന് ദേശീയതലത്തിൽ, വിവിധ കേന്ദ്രങ്ങളിലായി സ്ഥാപനം നടത്തുന്ന കംപ്യൂട്ടർ അധിഷ്ഠിത എൻ.ഐ.ഐ. പ്രവേശനപരീക്ഷ വഴിയാണ് അഡ്‌മിഷൻ. ഒന്നരമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയ്ക്ക് 60 ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങൾ ഉണ്ടാകും. ശരിയുത്തരം 3 മാർക്ക്. ഉത്തരം തെറ്റിയാൽ ഒരുമാർക്ക് നഷ്ടമാകും. മോക് ടെസ്റ്റുകൾ ഒക്ടോബർ 7-നുശേഷം വെബ്സൈറ്റിൽ ലഭ്യമാക്കും. തിരഞ്ഞെടുക്കപ്പെടുന്നവർ, ന്യൂഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാലയുടെ അക്കാദമിക് അഫിലിയേഷനോടെ, എൻ.ഐ.ഐ. പിഎച്ച്.ഡി. പ്രോഗ്രാമിന് എൻറോൾ ചെയ്യപ്പെടും.ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെ.ആർ.എഫ്.) ആയി പ്രതിമാസം 37,000 രൂപ ലഭിക്കും. സി.എസ്.ഐ.ആർ., യു.ജി.സി., ഐ.സി.എം.ആർ., ഡി.ബി.ടി., ഡി.എസ്.ടി. തുടങ്ങിയവയുടെ ഫെലോഷിപ്പ് ഉള്ളവർക്ക് ബന്ധപ്പെട്ട ഏജൻസി വ്യവസ്ഥകൾപ്രകാരം ഫെലോഷിപ്പ് സ്വീകരിക്കാം.റെസിഡൻഷ്യൽ രീതിയിൽ നടത്തുന്ന പ്രോഗ്രാമിലേക്ക് പ്രവേശനം നേടുന്നവർക്ക് ഹോസ്റ്റൽ സൗകര്യം അനുവദിക്കും.

Top