സംസ്ഥാനത്തെ 2 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

സംസ്ഥാനത്തെ 2 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
സംസ്ഥാനത്തെ 2 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ 2 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൊല്ലം കരവാളൂർ കുടുംബാരോഗ്യ കേന്ദ്രത്തിനും തൃശൂർ ദേശമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിനുമാണ് അം​ഗീകാരം ലഭിച്ചത്. കൊല്ലം കരവാളൂർ കുടുംബാരോഗ്യ കേന്ദ്രം 91 ശതമാനം സ്‌കോറോടെയും തൃശൂർ ദേശമംഗലം കുടുംബാരോഗ്യ കേന്ദ്രം 91.48 ശതമാനം സ്‌കോറോടെയുമാണ് അം​ഗീകാരം നേടിയെടുത്തത്. ഇതോടെ സംസ്ഥാനത്തെ 176 ആശുപത്രികള്‍ എന്‍.ക്യു.എ.എസ്. അംഗീകാരവും 77 ആശുപത്രികള്‍ പുന:അംഗീകാരവും നേടിയെടുത്തു. അഞ്ചു ജില്ലാ ആശുപത്രികൾ, നാലു താലൂക്ക് ആശുപത്രികൾ, ഒമ്പത് സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 41 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 117 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് എൻക്യുഎഎസ് അംഗീകാരം നേടിയവ.

8 വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകള്‍ വിലയിരുത്തിയാണ് ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. എന്‍.ക്യു.എ.എസ്. അംഗീകാരത്തിന് 3 വര്‍ഷ കാലാവധിയാണുളളത്. 3 വര്‍ഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വര്‍ഷാവര്‍ഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എൻക്യുഎഎസ് അംഗീകാരം ലഭിക്കുന്ന പിഎച്ച്സികൾക്ക് രണ്ടു ലക്ഷം രൂപ വീതവും മറ്റ് ആശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസെന്റീവ് ലഭിക്കും. കുടുതല്‍ ആശുപത്രികള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരം നേടിയെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.

Top