കൊച്ചി : മലയാള സിനിമയുടെ പൊന്നമ്മയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി. കളമശ്ശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച കവിയൂര്‍ പൊന്നമ്മയുടെ ഭൗതിക ശരീരത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നൂറു കണക്കിന് ആളുകളാണ് എത്തിയത്. സിനിമയില്‍ കവിയൂര്‍ പൊന്നമ്മയുടെ അമ്മ വാത്സല്യം ഏറെ അനുഭവിച്ച നടന്‍ മോഹന്‍ലാല്‍, മമ്മൂട്ടി, സിദ്ദിഖ്, കുഞ്ചന്‍, മനോജ് കെ ജയന്‍, രവീന്ദ്രന്‍ സംവിധായകന്മാരായ രഞ്ജി പണിക്കര്‍, ബി ഉണ്ണികൃഷ്ണന്‍ തുടങ്ങി നിരവധി പേര്‍ അമ്മയെ അവസാനമായി ഒരുനോക്ക് കാണാന്‍ എത്തി. വൈകിട്ട് നാലുമണിക്ക് ആലുവ കരുമാലൂരിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം.
അമ്മ വേഷങ്ങളുടെ നിറപ്പകര്‍ച്ചയായിരുന്നു ആറ് പതിറ്റാണ്ട് നീണ്ട കവിയൂര്‍ പൊന്നമ്മയുടെ അഭിനയ ജീവിതം. 1965 ല്‍ കുടുംബിനി എന്ന ചിത്രത്തില്‍ അമ്മയായെത്തിയ കവിയൂര്‍ പൊന്നമ്മയ്ക്ക് പിന്നീട് മലയാള സിനിമയിലുടനീളം അമ്മ മുഖമായിരുന്നു. 14 വയസ് മുതല്‍ 79 വയസ് വരെ നീളുന്ന കലാസപര്യയ്ക്കാണ് കവിയൂര്‍ പൊന്നമ്മ വിട പറയുമ്പോള്‍ തിരശ്ശീല വീഴുന്നത്. പാട്ടുകാരിയാകാന്‍ ആഗ്രഹിച്ച കവിയൂര്‍ പൊന്നമ്മ തോപ്പില്‍ ഭാസിയുടെ മൂലധനം എന്ന നാടകത്തിലൂടെയാണ് അഭിനയലോകത്തേക്ക് കടന്നത്.
Also Read: കവിയൂര്‍ പൊന്നമ്മയുടെ സംസ്‌കാരം ഇന്ന്
17-ാം വയസ്സില്‍ ശ്രീരാമ പട്ടാഭിഷേകം എന്ന ചിത്രത്തിലെ മണ്ഡോദരിയുടെ വേഷത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് കടന്നത്. പ്രേംനസീറും സത്യനും മുതല്‍ മുന്‍നിര താരങ്ങളുടെയെല്ലാം അമ്മയായി. മാതൃദുഃഖം അനുഭവിപ്പിക്കാന്‍ ഹിസ് ഹൈനസ് അബ്ദുള്ളയിലെ ഉണ്ണീ. എന്നൊരൊറ്റ വിളി മാത്രം മതിയാകും പൊന്നമ്മയ്ക്ക്. പേറ്റുനോവറിയാതെ കിട്ടിയ മക്കളെ പോറ്റിയ യശോദയായിരുന്നു മലയാളി സിനിമയ്ക്ക് കവിയൂര്‍ പൊന്നമ്മ.