ടെൽ അവീവ്: ബന്ദികളെ വിട്ടയക്കുന്നതിലും, വെടി നിർത്തൽ കരാർ ചർച്ചകളിലും ബെഞ്ചമിൻ നെതന്യാഹു പരാജയപ്പെട്ടതോടെ ഭരണകൂടത്തിനെതിരെ പ്രതിഷേധവുമായി ഇസ്രയേൽ ജനത. രാജ്യത്തെ ഏറ്റവും വലിയ ട്രേഡ് യൂണിയനായ ഹിസ്ട്രഡിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപക പൊതുപണിമുടക്ക് ആരംഭിച്ചിരിക്കുകയാണ് ഇപ്പോൾ. പതിനായിരക്കണക്കിന് ഇസ്രായേല്‍ പൗരന്മാരാണ് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് തെരുവിലിറങ്ങിയത്.
പണിമുടക്കിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് യായിര്‍ ലാപിഡും രംഗത്തെത്തി. 2023 മാർച്ചിന് ശേഷം ഇസ്രയേലിൽ നടക്കുന്ന ഏറ്റവും വലിയ പണിമുടക്കാണിത്. പണിമുടക്ക് വിമാന സർവിസുകളെയും ബാധിച്ചു. ടെൽ അവീവിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ ഇന്ന് രാവിലെ രണ്ട് മണിക്കൂർ പണിമുടക്കുണ്ടായി. ഏഴ് വിമാനങ്ങൾക്ക് പുറപ്പെടാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും ഷെഡ്യൂൾ ചെയ്ത മറ്റ് വിമാനങ്ങൾ പറക്കില്ലെന്ന് യെനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
Also Read: ആദ്യ എംആര്‍എന്‍എ വാക്‌സിന്‍ ഏഴ് രാജ്യങ്ങളില്‍ പരീക്ഷിച്ച് തുടങ്ങി
യുദ്ധം സർക്കാർ കൈകാര്യം ചെയ്യുന്നതിലുള്ള വ്യാപകമായ ജനരോഷത്തിനിടയിലാണ് ഹമാസ് തടവിലാക്കിയ ആറു ബന്ദികളുടെ മരണവാർത്ത പുറത്തുവന്നത്. ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കാനുള്ള കരാർ സർക്കാർ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡസൻ കണക്കിന് പ്രതിഷേധക്കാർ ടെൽ അവീവിലെ ഇബ്ൻ ഗ്വിറോൾ സ്ട്രീറ്റ് വളഞ്ഞു. പ്രതിഷേധക്കാരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, നെതന്യാഹുവിന്റെ മന്ത്രി സഭയിലെ ചില തീവ്ര ചിന്താഗതിക്കാരുടെ കടുംപിടുത്തമാണ് വെടിനിര്‍ത്തല്‍ കരാര്‍ നീളുന്നതിന് കാരണമെന്ന് ആരോപണമുയർന്നതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഹമാസ് വെടിനിര്‍ത്തല്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനാലാണ് അവര്‍ ബന്ദികളെ കൊലപ്പെടുത്തിയതെന്നുമാണ് ഈ വിഷയത്തില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചത്.