CMDRF

നാറ്റോ സൈനിക സഖ്യത്തിലെ തുർക്കിയും ബ്രിക്സിലേക്ക്, റഷ്യയുടെ തന്ത്രത്തിൽ അടിപതറുന്നത് അമേരിക്ക

പ്രകൃതിവിഭവങ്ങളും സാങ്കേതികവിദ്യയും കൈവശമുള്ള രാജ്യങ്ങളുടെ കൂട്ടുകെട്ടായും ബ്രിക്‌സ് മാറുന്നതിനാല്‍ ആര്‍ട്ടിക് പ്രദേശത്തെ പര്യവേക്ഷണവും ഖനനവും ചരക്കുഗതാഗതവും സംബന്ധിച്ച ബ്രിക്‌സിലെ ചര്‍ച്ചകള്‍ക്കും പ്രസക്തി ഏറെയാണ്. അമേരിക്കയുടെയും കാനഡയുടെയും ഉറക്കംകെടുത്തുന്ന നീക്കം കൂടിയാണിത്.

നാറ്റോ സൈനിക സഖ്യത്തിലെ തുർക്കിയും ബ്രിക്സിലേക്ക്, റഷ്യയുടെ തന്ത്രത്തിൽ അടിപതറുന്നത് അമേരിക്ക
നാറ്റോ സൈനിക സഖ്യത്തിലെ തുർക്കിയും ബ്രിക്സിലേക്ക്, റഷ്യയുടെ തന്ത്രത്തിൽ അടിപതറുന്നത് അമേരിക്ക

ലോകം സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുകയും പുതിയ ശാക്തിക ചേരികള്‍ രൂപപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ റഷ്യയില്‍ നടക്കുന്ന ഈ വര്‍ഷത്തെ ബ്രിക്സ് ഉച്ചകോടി ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഇന്ത്യയും റഷ്യയും ചൈനയും ബ്രസീലും ദക്ഷിണാഫ്രിക്കയും നേതൃത്വം കൊടുക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ നിലവില്‍ 36 രാജ്യങ്ങളാണ് പ്രതിനിധീകരിക്കുന്നത്. അതില്‍ത്തന്നെ 22 രാഷ്ട്രത്തലവന്മാരാണ് പങ്കെടുക്കുന്നത്. കൂടാതെ, ആറ് അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കും.

ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ പങ്കെടുക്കുന്ന ആദ്യ ബ്രിക്‌സ് ഉച്ചകോടിയാണ് ഇതെന്നതും ശ്രദ്ധേയമാണ്. ബ്രിക്‌സിന്റെ ഭാവി വിപുലീകരണത്തെക്കുറിച്ചും ഒരു പുതിയ അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥയുടെ രൂപീകരണത്തെക്കുറിച്ചും ഉച്ചകോടിയില്‍ പ്രത്യേക ചര്‍ച്ച തന്നെ നടക്കും. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന എന്നിവ ചേര്‍ന്ന് 2006-ല്‍ രൂപീകരിച്ച ബ്രിക്സ് കൂട്ടായ്മയില്‍ 2011-ല്‍ ദക്ഷിണാഫ്രിക്കയും ചേരുകയായിരുന്നു. പിന്നീട്, എത്യോപ്യ, ഈജിപ്ത്, ഇറാന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവയും ഈ കൂട്ടായ്മയുടെ ഭാഗമായി. ഇതിനുപുറമെ, 30-ലധികം രാജ്യങ്ങളാണ് ബ്രിക്‌സില്‍ അംഗത്വത്തിനായി അപേക്ഷിച്ചിരിക്കുന്നത്.

BRICS

നിലവില്‍ ലോക ജനസംഖ്യയുടെ 45% ത്തിലധികം പ്രതിനിധീകരിക്കുകയും ആഗോള ജിഡിപിയുടെ വിഹിതത്തില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള G7 ബ്ലോക്കിനെ പിന്തള്ളുകയും ചെയ്തതിനാല്‍, ലോകത്തിലെ ഏറ്റവും ശക്തമായ കൂട്ടായ്മയായി ബ്രിക്‌സ് ഇതിനകം തന്നെ മാറിക്കഴിഞ്ഞിട്ടുണ്ട്. എന്തിനേറെ അമേരിക്ക നേതൃത്വം കൊടുക്കുന്ന സൈനിക സഖ്യമായ നാറ്റോയില്‍ അംഗമായ തുര്‍ക്കി പോലും നിലവില്‍ ബ്രിക്‌സ് അംഗത്വത്തിന് ഔദ്യോഗികമായി അപേക്ഷിച്ചിരിക്കുകയാണ്. ഇങ്ങനെ ചെയ്യുന്ന ആദ്യത്തെ നാറ്റോ രാജ്യവും തുര്‍ക്കി തന്നെയാണ്. അമേരിക്കന്‍ ചേരിയെ സംബന്ധിച്ച് ഇത് വന്‍ തിരിച്ചടിയാണ്.

Also Read: ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നേരെ ആക്രമണം; മുഹമ്മദൻസിന് 1 ലക്ഷം രൂപ പിഴ

ഒക്ടോബര്‍ 22 ന് തുടങ്ങുന്ന ബ്രിക്സ് ഉച്ചകോടിയുടെ ആദ്യ ദിവസം തന്നെ, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍… ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംങുമായും, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പ്രത്യേകം ചര്‍ച്ച നടത്തുന്നത് ഇന്ത്യ-ചൈന ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ സഹായകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബ്രിക്‌സ് ഉച്ചകോടിക്ക് മുന്‍പായി തന്നെ ഇന്ത്യ-ചൈന അതിര്‍ത്തിയിലെ നിയന്ത്രണ രേഖയില്‍ നിന്ന് ഇരു രാജ്യങ്ങളും സേനാ പിന്മാറ്റത്തിന് ധാരണയിലെത്തിയത് സുപ്രധാന വഴിത്തിരിവായി മാറിയിട്ടുണ്ട്. അമേരിക്കന്‍ ചേരിയെ സംബന്ധിച്ച് ഇത് തികച്ചും അപ്രതീക്ഷിതമായ തീരുമാനമാണ്.

Vikram Misri

സേനാപിന്മാറ്റത്തിന് ഇന്ത്യയും ചൈനയും ധാരണയിലെത്തിയതായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് അറിയിച്ചിരിക്കുന്നത്. ഇതോടൊപ്പം തന്നെ നിയന്ത്രണ രേഖയില്‍ നിര്‍ത്തിവെച്ചിരുന്ന ഇരു രാജ്യങ്ങളുടെയും പട്രോളിങ് വീണ്ടും ആരംഭിച്ചുവെന്നും വിക്രം മിസ്രി അറിയിച്ചിട്ടുണ്ട്. ഗല്‍വാന്‍ സംഘര്‍ഷത്തിനുശേഷം ദീര്‍ഘനാളായി തുടരുന്ന തര്‍ക്കമാണിപ്പോള്‍ സുപ്രധാന തീരുമാനത്തിലൂടെ ഇരു രാജ്യങ്ങളും പരിഹരിച്ചിരിക്കുന്നത്. ദെപ്‌സാങ്, ഡെംചോക്ക് എന്നീ മേഖലകളില്‍ നിന്നും സേനാ പിന്മാറ്റത്തിനും ധാരണയായിട്ടുണ്ട്.

2020 ലെ ഗാല്‍വന്‍ സംഘര്‍ഷത്തിന് ശേഷം ആയിരത്തോളം ചതുരശ്ര കിലോമീറ്ററിലധികം കടന്നുകയറി നാലോളം പോസ്റ്റുകളാണ് ചൈന സ്ഥാപിച്ചിരുന്നത്. ഇതിനെതിരെ പ്രതിരോധത്തിനായി സേനാവിന്യാസം ശക്തമാക്കിയും സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയുമാണ് ഇന്ത്യ തിരിച്ചടിച്ചത്. നയതന്ത്ര ചര്‍ച്ചകള്‍ ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ നടന്നെങ്കിലും അത് ലക്ഷ്യം കണ്ടിരുന്നില്ല. എന്നാല്‍, പിന്നീട് റഷ്യയുടെ ശക്തമായ ഇടപെടലാണ് ഇരു രാജ്യങ്ങള്‍ക്കിടയിലും സമവായത്തിന് ഇപ്പോള്‍ കളമൊരുക്കിയിരിക്കുന്നത്.

S. Jaishankar

ലഡാക്ക് സംഘര്‍ഷത്തിന് ശേഷം ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ചൈനീസ് ഭരണാധികാരികളുമായി ആദ്യ കൂടിക്കാഴ്ച നടത്തിയത് തന്നെ മോസ്‌കോയില്‍ വച്ചാണ്. ഇതിന്റെ തുടര്‍ച്ചയായി കഴിഞ്ഞ ഓഗസ്റ്റില്‍… ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍… റഷ്യയിലെ ലെനിന്‍ഗ്രാഡില്‍ വെച്ച് ചൈനീസ് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ചയും നടത്തുകയുണ്ടായി. ഈ രണ്ട് ചര്‍ച്ചകളിലും 70 ശതമാനത്തോളം പുരോഗതിയുണ്ടായതായാണ് പിന്നീട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി തന്നെ തുറന്ന് പറഞ്ഞിരുന്നത്. ഇതാണിപ്പോള്‍ ഫലപ്രാപ്തിയില്‍ എത്തിനില്‍ക്കുന്നത്.

Also Read: വയനാട്ടിലെ ജനങ്ങള്‍ക്ക് പ്രിയങ്കയേക്കാള്‍ മികച്ച നേതാവിനെ നിര്‍ദേശിക്കാനാകില്ല; രാഹുല്‍ ഗാന്ധി

ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷം ഉണ്ടാകാതിരിക്കേണ്ടതും നല്ല ബന്ധത്തില്‍ ശക്തമായി മുന്നോട്ട് പോകേണ്ടതും റഷ്യയെ സംബന്ധിച്ച് നിര്‍ബന്ധമുള്ള കാര്യമാണ്. പുതിയ ലോകക്രമത്തില്‍ റഷ്യയും, ഇന്ത്യയും, ചൈനയും ഒരുമിച്ച് നിന്നാല്‍ അത് അമേരിക്കന്‍ ചേരിക്ക് ഉണ്ടാക്കുന്ന തിരിച്ചടി എത്രത്തോളമാണെന്നത് റഷ്യയ്ക്ക് കൃത്യമായി അറിയാം. അമേരിക്കന്‍ ഉപരോധ ഭീഷണി തള്ളിക്കളഞ്ഞ് റഷ്യയില്‍ നിന്നും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഇപ്പോഴും വാങ്ങുന്ന ഇന്ത്യയും റഷ്യയുമായുള്ള അടുപ്പത്തിന് വലിയ പ്രാധാന്യമാണുള്ളത്.

India and China

റഷ്യയുടെ ആവശ്യം അവഗണിക്കാന്‍ ചൈനയ്ക്കും പ്രയാസമാണ്. അവരും ആത്യന്തികമായി റഷ്യയെ പിണക്കി ഇന്ത്യയുമായി ഒരു സംഘര്‍ഷത്തിന് ആഗ്രഹിക്കുന്നില്ല. ഇന്ത്യയുമായുള്ള ഉടക്ക് ചൈനയുടെ സാമ്പത്തിക മേഖലയെ ബാധിച്ചതും ഇപ്പോഴത്തെ സമവായ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. ഖലിസ്ഥാന്‍ തീവ്രവാദികളുടെ പേരില്‍ പാശ്ചാത്യശക്തികളുമായുള്ള ബന്ധത്തില്‍ കല്ലുകടിയുണ്ടാവുന്നതിനിടെയാണ് ചൈനയുമായുള്ള അതിര്‍ത്തിത്തര്‍ക്കത്തില്‍ ശമനവും പാക്കിസ്ഥാനുമായുള്ള ബന്ധത്തില്‍ അയവും വന്നുതുടങ്ങിയിരിക്കുന്നത്. രണ്ടിന് പിന്നിലും റഷ്യയുടെ ഇടപെടലാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്ത്യ, റഷ്യ, ചൈന സഹകരണം ശക്തമാക്കേണ്ടതിന്റെ അനിവാര്യത റഷ്യയില്‍ വച്ച് നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ പുടിന്‍ മുന്നോട്ട് വയ്ക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായുള്ള ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൂടിക്കാഴ്ചയില്‍ ആര്‍ട്ടിക് പ്രദേശത്ത് സംയുക്ത ശാസ്ത്രപര്യവേക്ഷണങ്ങള്‍ നടത്താനുള്ള പദ്ധതിയും ചര്‍ച്ചയ്ക്ക് വരും. മഞ്ഞുമൂടിക്കിടക്കുന്ന ആര്‍ട്ടിക് സമുദ്രത്തിലൂടെ കടന്നുപോകാവുന്ന കപ്പലുകള്‍ റഷ്യന്‍ സഹകരണത്തോടെ ഇന്ത്യയില്‍ നിര്‍മിക്കുന്നതിനും അതിലൂടെ ചരക്ക് കൈമാറ്റം നടത്തുന്നത് സംബന്ധിച്ചുള്ള സാങ്കേതിക ചര്‍ച്ചകള്‍ നിലവില്‍ നടന്നുവരികയാണ്.

Vladimir Putin and Narendra Modi

ആഗോളതാപനം മൂലം ഉത്തരധ്രുവ പ്രദേശത്തെ മഞ്ഞുരുകുന്നതിനോടൊപ്പം അവിടെയുള്ള ധാതുസമ്പത്ത് ഖനനം ചെയ്യാവുന്ന രീതിയില്‍ ലഭ്യമായിത്തുടങ്ങുമെന്നാണ് റഷ്യ കണക്കുകൂട്ടുന്നത്. ആ സംരംഭങ്ങളില്‍ ചൈനയോടൊപ്പം ഇന്ത്യയെയും പങ്കാളിയാക്കാനാണ് റഷ്യയ്ക്ക് താല്‍പര്യം.ഉത്തരധ്രുവഭാഗത്തോട് ചേര്‍ന്ന് റഷ്യയെപ്പോലെതന്നെ വിസ്തൃതമായ ഭൂമിയുള്ള കാനഡയും… ഇന്ത്യയും തമ്മിലുള്ള ബന്ധം മോശമായിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് റഷ്യയുടെ ഈ നീക്കങ്ങള്‍ എന്നതും ശ്രദ്ധേയമാണ്.

Also Read: പി പി ദിവ്യക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി യൂത്ത് കോണ്‍ഗ്രസ്

നിലവില്‍ ജനവാസമില്ലാത്ത കിഴക്കന്‍ സൈബീരിയന്‍ പ്രദേശങ്ങളില്‍ വിപുലമായ തോതില്‍ ചൈനീസ് കമ്പനികള്‍ ധാതുഖനനം നടത്തുന്നുണ്ട്. ഒരു റഷ്യക്കാരന്‍ പോലുമില്ലാത്ത ഈ പ്രദേശങ്ങളുടെ ഉടമസ്ഥാവകാശം തന്നെ ചൈനയുടെ കൈകളിലേക്ക് വഴുതിപ്പോകുമോ എന്ന ആശങ്കയും റഷ്യന്‍ നേതൃത്വത്തിനുണ്ട്. അതിനാല്‍ അവിടെയും ചൈനയെ നിലയ്ക്ക് നിര്‍ത്താന്‍ ഇന്ത്യന്‍ കമ്പനികളെയും സാങ്കേതികവിദഗ്ധരെയും ആകര്‍ഷിക്കാനാണ് റഷ്യ പദ്ധതിയിടുന്നത്.

America

പ്രകൃതിവിഭവങ്ങളും സാങ്കേതികവിദ്യയും കൈവശമുള്ള രാജ്യങ്ങളുടെ കൂട്ടുകെട്ടായും ബ്രിക്‌സ് മാറുന്നതിനാല്‍ ആര്‍ട്ടിക് പ്രദേശത്തെ പര്യവേക്ഷണവും ഖനനവും ചരക്കുഗതാഗതവും സംബന്ധിച്ച ബ്രിക്‌സിലെ ചര്‍ച്ചകള്‍ക്കും പ്രസക്തി ഏറെയാണ്. അമേരിക്കയുടെയും കാനഡയുടെയും ഉറക്കംകെടുത്തുന്ന നീക്കം കൂടിയാണിത്. ചൈനീസ് പ്രസിഡന്റുമായും ഇന്ത്യന്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചകള്‍ക്ക് ശേഷം ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസ, ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍-സിസി, ഇപ്പോള്‍ ബ്രിക്സ് ന്യൂ ഡെവലപ്മെന്റ് ബാങ്കിന്റെ തലവനായ ബ്രസീല്‍ മുന്‍ പ്രസിഡന്റ് ദില്‍മ റൂസെഫ് എന്നിവരുമായും റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ഉഭയകക്ഷി ചര്‍ച്ച നടത്തും.

ഉച്ചകോടിയുടെ മൂന്നാമത്തെയും അവസാനത്തെയും ദിവസം പുടിന്‍ പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ്, ലാവോഷ്യന്‍ പ്രസിഡന്റ് തോംഗ്ലൂണ്‍ സിസൗലിത്ത്, മൗറിറ്റാനിയന്‍ പ്രസിഡന്റ് മുഹമ്മദ് ഔള്‍ഡ് ഗസോവാനി, ബൊളീവിയന്‍ പ്രസിഡന്റ് ലൂയിസ് ആര്‍സ് കാറ്റകോറ എന്നിവരുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. തുടര്‍ന്ന് അദ്ദേഹം ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, വിയറ്റ്‌നാം പ്രധാനമന്ത്രി ഫാം മിന്‍ ചിന്‍ എന്നിവരുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. റഷ്യ-യുക്രെയിന്‍ യുദ്ധവും, പശ്ചിമേഷ്യയിലെ സംഘര്‍ഷവും… ആണവായുധ ഭീഷണിയായി മുന്നില്‍ നില്‍ക്കുന്നതിനാല്‍ മറ്റ് ലോക രാജ്യങ്ങളും ഏറെ പ്രാധാന്യത്തോടെയാണ് റഷ്യയില്‍ നടക്കുന്ന…പതിനാറാം ബ്രിക്‌സ് ഉച്ചകോടിയെ നോക്കിക്കാണുന്നത്.

Express View

വീഡിയോ കാണാം

Top