ഫിൻലൻഡിൽ റഷ്യക്ക് എതിരെ നാറ്റോ പോർമുന, ബദൽ സൈനിക സഖ്യത്തിന് റഷ്യയും തയ്യാറാകും?

ഫിൻലൻഡിൽ റഷ്യക്ക് എതിരെ നാറ്റോ പോർമുന, ബദൽ സൈനിക സഖ്യത്തിന് റഷ്യയും തയ്യാറാകും?
ഫിൻലൻഡിൽ റഷ്യക്ക് എതിരെ നാറ്റോ പോർമുന, ബദൽ സൈനിക സഖ്യത്തിന് റഷ്യയും തയ്യാറാകും?

ഷ്യ എന്തിന് യുക്രെയ്‌നെ ആക്രമിച്ചു എന്ന് ചോദിക്കുന്നവര്‍ റഷ്യന്‍ അതിര്‍ത്തിയായ ഫിന്‍ലന്‍ഡിലേക്ക് ഒന്നു നോക്കണം. ഇവിടെ ഒരു കവചിത ബ്രിഗേഡിനെ വിന്യസിക്കാനാണ് അമേരിക്കന്‍ സഖ്യകക്ഷിയായ നാറ്റോ ലക്ഷ്യമിടുന്നത്. അമേരിക്കയിലെ സൈനിക മേധാവികളെയും ഹെല്‍സിങ്കിയിലെ സര്‍ക്കാര്‍ ഉറവിടങ്ങളെയും ഉദ്ധരിച്ച് ഇല്‍തലെഹ്തി പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

റഷ്യയ്‌ക്കെതിരെ പ്രതിരോധം തീര്‍ക്കുന്ന നാറ്റോ ഫിന്‍ലന്‍ഡിന്റെ തെക്ക്-കിഴക്കന്‍ പ്രദേശമായ മിക്കേലിയില്‍ 4,000 മുതല്‍ 5,000 സൈനികരെ വിന്യസിക്കുമെന്നാണ് ആധികാരികമായി ഈ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏകദേശം 51,000 ജനസാന്ദ്രതയുള്ള മിക്കേലി റഷ്യന്‍ അതിര്‍ത്തിയില്‍ നിന്ന് 140 കിലോമീറ്റര്‍ മാത്രം അകലെയാണ് സ്ഥിതിചെയ്യുന്നത്.

അയല്‍രാജ്യങ്ങളായ സ്വീഡനില്‍ നിന്നും നോര്‍വേയില്‍ നിന്നുമുള്ള നാറ്റോ സൈനികര്‍ ഈ പദ്ധതിയില്‍ അണിചേരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളും അറിയിച്ചിരിക്കുന്നത്. റഷ്യയ്‌ക്കെതിരായ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള നാറ്റോ സൈനികരെയും വിന്യസിക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

മിക്കേലിയില്‍ നാറ്റോ സൈനിക ആസ്ഥാനം സ്ഥാപിക്കുന്നത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വരും ആഴ്ചകളില്‍ ഉണ്ടാകുമെന്നാണ് ഇല്‍തലെഹ്തി റിപ്പോര്‍ട്ട് ചെയ്യുന്നത്. റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തെക്കുറിച്ചുള്ള ആശങ്കകള്‍ ചൂണ്ടിക്കാട്ടി ഫിന്‍ലന്‍ഡ് 2023 ഏപ്രിലിലാണ് നാറ്റോ അംഗമായത്.

റഷ്യയുടെ വടക്ക്-പടിഞ്ഞാറന്‍ ഭാഗത്ത് പ്രതിരോധം തീര്‍ക്കുമെന്ന് പ്രതിജ്ഞയെടുത്തുകൊണ്ടാണ് ഈ നീക്കത്തോട് റഷ്യ പ്രതികരിച്ചിരുന്നത്. റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ സംഘര്‍ഷാവസ്ഥയുണ്ടായാല്‍ രാജ്യത്തെ സൈനികര്‍ക്കൊപ്പം മറ്റ് നാറ്റോ രാജ്യങ്ങളില്‍ നിന്നുള്ള സൈനികര്‍ സഹായത്തിന് എത്തുമെന്ന കണക്കുകൂട്ടലിലാണ് ഫിന്‍ലന്‍ഡ് ഭരണകൂടം മുന്നോട്ട് പോകുന്നത്. അതേസമയം, ഫിന്‍ലന്‍ഡിന്റെ ഈ നടപടി റഷ്യയുടെ പ്രതികാരം വിളിച്ച് വരുത്തുമോ എന്ന ഭയത്തിനും കാരണമായിട്ടുണ്ട്.

റഷ്യയ്ക്ക് ചുറ്റം നാറ്റോ സൈനികരെയും ആയുധങ്ങളെയും വിന്യസിച്ച് ആ രാജ്യത്തിന് സുരക്ഷാ ഭീഷണി ഉയര്‍ത്തുക എന്നത് അമേരിക്കയുടെ അജണ്ടയാണ്. മാറിവരുന്ന ലോകക്രമത്തില്‍ അമേരിക്കയുടെ നില പരുങ്ങലിലാകുമെന്ന് കണ്ടാണ് ഇത്തരമൊരു നീക്കം ആ രാജ്യം നടത്തുന്നത്. മാത്രമല്ല ഇറാനും, ചൈനയും, ഉത്തര കൊറിയയും, ഉള്‍പ്പെടെ അമേരിക്കയുടെ ശത്രുരാജ്യങ്ങളെ യോജിപ്പിച്ച്, നാറ്റോയ്ക്ക് ഒരു ബദല്‍ സംവിധാനം റഷ്യ കൊണ്ടുവരുമോ എന്ന ഭയവും അമേരിക്കയ്ക്ക് ഉണ്ട്. ഒരു സഖ്യത്തിന്റെയും ഭാഗമല്ലാത്ത ഇന്ത്യയ്ക്ക് പോലും അമേരിക്കയേക്കാള്‍ അടുപ്പം റഷ്യയോടാണ് ഉള്ളത്.

ഇന്ത്യാ-പാക്ക് യുദ്ധത്തില്‍ പാക്കിസ്ഥാനെ സഹായിക്കാന്‍ എത്തിയ അമേരിക്കന്‍ യുദ്ധക്കപ്പലുകളെ തുരത്തിയത് അന്ന് സോവിയറ്റ് യൂണിയന്റെ യുദ്ധക്കപ്പലുകളാണ്. സോവിയറ്റ് യൂണിയന്‍ പിന്നീട് റഷ്യയായി മാറിയെങ്കിലും ആ അടുപ്പം അന്നും ഇന്നും ഇരു രാജ്യങ്ങളും കാത്തുസൂക്ഷിക്കുന്നുണ്ട്. ഇന്ത്യ ഇപ്പോഴും സൈനിക ആവശ്യങ്ങള്‍ക്ക് പ്രധാനമായും ആശ്രയിക്കുന്ന രാജ്യമാണ് റഷ്യ. ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ മിസൈല്‍ പ്രതിരോധ സംവിധാനമായ എസ്.400 അടുത്തിടെയാണ് ഇന്ത്യയ്ക്ക് കൈമാറിയിരുന്നത്. അമേരിക്കയെ ആക്രമിക്കുന്നത് പ്രധാന ലക്ഷ്യമായി കരുതുന്ന ഇറാനും, ഉത്തരകൊറിയയ്ക്കും ധാരാളം ആയുധങ്ങള്‍ റഷ്യ ഇതിനകം തന്നെ കൈമാറിയതായ റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

റഷ്യ യുക്രെയ്നെ ആക്രമിച്ചതിന് ഒരൊറ്റ കാരണമാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അത് നാറ്റോ സഖ്യത്തില്‍ ചേരാനുള്ള തീരുമാനമാണ്. റഷ്യയുടെ അയല്‍ രാജ്യവും പഴയ സോവിയറ്റ് യൂണിയന്റെ ഭാഗവുമായ യുക്രെയ്ന്‍ നാറ്റോയില്‍ അംഗമായാല്‍ റഷ്യയുടെ ഈ അതിര്‍ത്തിയിലും അമേരിക്കന്‍ ആയുധങ്ങള്‍ വിന്യസിക്കപ്പെടും. അത് റഷ്യയ്ക്ക് ഉണ്ടാക്കുന്ന സുരക്ഷാ ഭീഷണി മുന്‍നിര്‍ത്തിയാണ് ഇത്തരം നിലപാട് സ്വീകരിക്കരുതെന്ന് റഷ്യ പലവട്ടം യുക്രെയ്‌നോട് ആവശ്യപ്പെട്ടിരുന്നത്. അത് കേള്‍ക്കാതെ അമേരിക്കന്‍ താല്‍പര്യപ്രകാരം യുക്രെയ്ന്‍ മുന്നോട്ട് പോയതോടെ സൈനിക നടപടിക്ക് റഷ്യയും നിര്‍ബന്ധിതമാവുകയാണ് ഉണ്ടായത്. അതാണ് ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുന്നത്.

റഷ്യ ആക്രമിച്ചാല്‍ അമേരിക്ക നേരിട്ട് യുദ്ധരംഗത്ത് ഇറങ്ങുമെന്നാണ് യുക്രെയ്ന്‍ കരുതിയിരുന്നത്. എന്നാല്‍, ആയുധങ്ങളും കൂലിപ്പടയാളികളും നല്‍കുന്നതിന് അപ്പുറം നേരിട്ട് റഷ്യയോട് ഏറ്റുമുട്ടാന്‍ നാറ്റോയിലെ ഒരു രാജ്യവും ഇതുവരെ തയ്യാറായിട്ടില്ല. അതിന് പ്രധാന കാരണം റഷ്യ ആണവായുധം പ്രയോഗിക്കും എന്ന മുന്നറിയിപ്പ് തന്നെയാണ്. ഇതോടെ പെട്ടുപോയത് യുക്രെയ്‌നാണ്. പാശ്ചാത്യ മാധ്യമങ്ങളിലൂടെയുള്ള മുന്നേറ്റമല്ലാതെ റഷ്യയെ സമ്മര്‍ദ്ദത്തിലാക്കുന്ന ഒരു ആക്രമണം പോലും നടത്താന്‍ അമേരിക്കന്‍ ആയുധങ്ങള്‍ കൈവശമുണ്ടായിട്ടും യുക്രെയ്‌ന് സാധിച്ചിട്ടില്ല. നിരവധി തന്ത്രപ്രധാനമായ യുക്രെയ്ന്‍ പ്രദേശങ്ങള്‍ ഇപ്പോള്‍ തന്നെ റഷ്യയുടെ കൈവശമാണ് ഉള്ളത്. സ്വന്തം പ്രദേശത്ത് യുക്രെയ്ന്‍ സൈന്യത്തെ കയറ്റി അവിടെവച്ച് അവരെ വധിക്കുക എന്ന തന്ത്രമാണ് റഷ്യ ഇപ്പോള്‍ പയറ്റുന്നത്. ഇങ്ങനെ കൊല്ലപ്പെട്ടവരില്‍ അമേരിക്കന്‍ കൂലിപ്പട്ടാളവും ഉള്‍പ്പെടും. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് കാരണക്കാരായ നാറ്റോയ്ക്ക് ഇതെല്ലാം നോക്കിനില്‍ക്കാനേ ഇപ്പോള്‍ കഴിയുന്നുള്ളൂ. അതാകട്ടെ, ഒരു യാഥാര്‍ത്ഥ്യവുമാണ്.

സോവിയറ്റ് യൂണിയന്‍ വലുതാകുന്നതും ലോകസ്വാധീനം നേടുന്നതും തടയാന്‍ അമേരിക്ക മുന്‍കൈ എടുത്ത് രൂപീകരിച്ച സൈനിക സഖ്യമാണ് നാറ്റോ. നാറ്റോ എന്നാല്‍, ‘നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍’ എന്നാണ് അര്‍ത്ഥം.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം കിഴക്കന്‍ യൂറോപ്പില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ സോവിയറ്റ് യൂണിയന്‍ സമ്മതിച്ചിരുന്നില്ല. ഇതോടൊപ്പം 1948 ല്‍ ജര്‍മ്മനിയെ സോവിയറ്റ് യൂണിയന്‍ വളയുകയും ചെയ്തതോടെയാണ് 1949-ല്‍ സോവിയറ്റ് യൂണിയന് എതിരായി നാറ്റോ രൂപമെടുത്തിരുന്നത്.

തുടക്കത്തില്‍ 12 രാഷ്ട്രങ്ങളാണ് നാറ്റോ അംഗങ്ങളായിരുന്നത്- അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, കാനഡ, ഇറ്റലി, നെതര്‍ലാന്റ്സ്, ഐസ്ലാന്റ്, ബെല്‍ജിയം, ലക്സംബര്‍ഗ്, നോര്‍വേ, പോര്‍ച്ചുഗല്‍, ഡെന്‍മാര്‍ക്ക് എന്നിവ ആയിരുന്നു ഇത്. ഇപ്പോള്‍ 30 രാഷ്ട്രങ്ങള്‍ നാറ്റോയില്‍ അംഗങ്ങളാണ്. ഇതില്‍ 28 എണ്ണം യൂറോപ്യന്‍ രാഷ്ട്രങ്ങളും, രണ്ടെണ്ണം വടക്കനമേരിക്കന്‍ രാഷ്ട്രങ്ങളുമാണ്. ഒരു പൊതു സുരക്ഷാനയത്തില്‍ പ്രവര്‍ത്തിക്കുന്ന സൈനിക സഖ്യമാണ് നാറ്റോ. ഏതെങ്കിലും നാറ്റോ രാജ്യത്തെ വേറെയൊരു രാജ്യം ആക്രമിച്ചാല്‍ അത് അധിനിവേശമായി കണക്കാക്കി എല്ലാ നാറ്റോ രാജ്യങ്ങളും അധിനിവേശത്തിനെതിരെ ആയുധമെടുക്കും എന്നതാണ് നയം.

സോവിയറ്റ് യൂണിയന്‍ തകര്‍ന്നപ്പോള്‍ 1991 ല്‍ 15 പുതിയ രാജ്യങ്ങളാണ് രൂപപ്പെട്ടിരുന്നത്. അര്‍മേനിയ, അസര്‍ബൈജാന്‍, ബെലാറസ്, എസ്തോണിയ, ജോര്‍ജിയ, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ലാത്വിയ, ലിത്വാനിയ, മോള്‍ഡോവ, റഷ്യ, താജിക്കിസ്ഥാന്‍, തുര്‍ക്ക്മെനിസ്ഥാന്‍, യുക്രെയ്ന്‍, ഉസ്ബെക്കിസ്ഥാന്‍ എന്നിവ ആയിരുന്നു ഇത്.

സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെയാണ് യഥാര്‍ത്ഥത്തില്‍ അമേരിക്ക ലോകപൊലീസായി മാറിയത്. പിന്നീട് അമേരിക്കയുടെ നേതൃത്വത്തില്‍ നാറ്റോയെ വിപുലീകരിക്കാന്‍ ശ്രമവും തുടങ്ങി. സോവിയറ്റ് യൂണിയനില്‍ നിന്നും പുറത്തുവന്ന രാജ്യങ്ങള്‍ ഒന്നൊന്നായി നാറ്റോ അംഗങ്ങളായി മാറുന്നതാണ് പിന്നീട് ലോകം കണ്ടത്. അങ്ങനെ ലാത്വിയ, ലിത്വാനിയ, എസ്തോണിയ എന്നിവ 2004 ല്‍ നാറ്റോയില്‍ അംഗങ്ങളായി. യുക്രെയ്‌നെ നാറ്റോയില്‍ ചേര്‍ക്കാന്‍ ശ്രമം നടന്നതും ഇതിന് തൊട്ടുപിന്നാലെയാണ്.

യുക്രെയ്ന്‍ കൂടി നാറ്റോയില്‍ അംഗരാജ്യമായാല്‍ റഷ്യ പൂര്‍ണ്ണമായും പ്രതിരോധത്തിലായി പോകും. ഈ ആശങ്കയാണ് സൈനിക നടപടിക്ക് റഷ്യയെ പ്രേരിപ്പിച്ചിരുന്നത്. സ്വന്തം രാജ്യത്തിന്റെ സുരക്ഷയില്‍ ആശങ്കയുള്ള ഏതൊരു ഭരണാധികാരിയും സ്വീകരിക്കുന്ന നിലപാടാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും സ്വീകരിച്ചിരിക്കുന്നത്. അമേരിക്കയുടെ ഹിഡന്‍ അജണ്ട എന്താണെന്നത് ഫിന്‍ലന്‍ഡിലെ പുതിയ സൈനിക നീക്കത്തിലൂടെ വ്യക്തമായതിനാല്‍ കൂടുതല്‍ കടുത്ത നടപടിയിലേക്ക് റഷ്യയും ഇനി കടക്കാന്‍ തന്നെയാണ് സാധ്യത. ഇതുവരെ യുക്രെയ്‌നോട് റഷ്യ യുദ്ധം പ്രഖ്യാപിച്ചിട്ടില്ല. കേവലം ഒരു സൈനിക നടപടി മാത്രമായാണ് ഈ പോരാട്ടത്തെ റഷ്യ കാണുന്നത്. അവര്‍ ഇനി ഈ നിലപാട് മാറ്റിയാല്‍ വന്‍ പ്രത്യാഘാതമാണ് അമേരിക്കന്‍ ചേരിക്ക് നേരിടേണ്ടി വരിക. അത്രയ്ക്കും കലിപ്പിലാണ് റഷ്യ ഇപ്പോള്‍ ഉള്ളത്. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷവും ഗാസയിലെ യുദ്ധവും എല്ലാം വഴിമാറി അമേരിക്ക എന്ന ‘പൊതു ശത്രുവിലേക്ക് കേന്ദ്രീകരിക്കപ്പെട്ടാല്‍ പിന്നെ പിടിച്ചുനില്‍ക്കാന്‍ നാറ്റോ സഖ്യത്തിനു പോലും കഴിയുകയില്ല. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആണവായുധങ്ങള്‍ ഉള്ള രാജ്യം എന്ന നിലയില്‍ റഷ്യയെ അമേരിക്ക ഭയക്കുക തന്നെ വേണം. റഷ്യ പറഞ്ഞാല്‍ ആണവ മിസൈല്‍ അയയ്ക്കാന്‍ സന്നദ്ധനായ ഒരു ഭരണാധികാരി ഉത്തരകൊറിയയ്ക്കുമുണ്ട്. ഒന്നും നഷ്ടപ്പെടാനില്ലാത്ത രാജ്യമെന്ന വിശേഷണമുള്ള രാജ്യമാണിത്. പോരാടുക – അല്ലെങ്കില്‍ മരിക്കുക എന്നതാണ് ഹമാസിന്റെയും ഇറാന്റെയും പോരാളികളുടെ നിലപാട്. ഈ ആര്‍ജ്ജവത്തോടൊപ്പം റഷ്യയുടെ സൈനിക – ആണവ കരുത്തുകൂടി ചേര്‍ന്നാല്‍ ആര്‍ക്കും തോല്‍പ്പിക്കാന്‍ കഴിയാത്ത മഹാശക്തിയായാണ് അത് മാറുക. ലോകം അവസാനിക്കണമോ അതോ നിലനില്‍ക്കണമോ എന്ന കാര്യത്തില്‍ ഇനി നിലപാട് സ്വീകരിക്കേണ്ടത് അമേരിക്കയും അവരുടെ ഒപ്പമുള്ള രാജ്യങ്ങളുമാണ്. ലോകത്തെ ഒരു രാജ്യത്തിലും ഇനി നാറ്റോയ്ക്ക് അധിനിവേശം നടത്താന്‍ കഴിയില്ല. ആ കാലമൊക്കെ കഴിഞ്ഞു. അമേരിക്കന്‍ തലസ്ഥാനത്ത് ഒരു ചെറിയ ബോംബ് വീണാല്‍ പോലും തീരാവുന്ന അഹങ്കാരമേ അമേരിക്കയ്ക്ക് ഉള്ളൂ. അമേരിക്കന്‍ വീരഗാഥ പാടുന്നവര്‍ അതും തിരിച്ചറിയുന്നത് നല്ലതാണ്.

EXPRESS VIEW

Top