കയറാന്‍ ആളില്ലാതെ സര്‍വീസ് മുടങ്ങി നവകേരള ബസ്

കയറാന്‍ ആളില്ലാതെ സര്‍വീസ് മുടങ്ങി നവകേരള ബസ്
കയറാന്‍ ആളില്ലാതെ സര്‍വീസ് മുടങ്ങി നവകേരള ബസ്

കോഴിക്കോട്: സര്‍വീസ് മുടങ്ങി നവകേരള ബസ്. കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന ബസിന്റെ സര്‍വീസാണ് ആളില്ലാത്തതിനാല്‍ മുടങ്ങിയത്. ബുധനും, വ്യാഴവും ബസ് സര്‍വീസ് നടത്തിയില്ല. ഒരാള്‍ പോലും ടിക്കറ്റ് ബുക്ക് ചെയ്തിട്ടില്ലെന്നാണ് കെഎസ്ആര്‍ടിസിയുടെ വിശദീകരണം. മേയ് അഞ്ചു മുതലാണ് കോഴിക്കോട് – ബെംഗളൂരു റൂട്ടില്‍ ബസ് സര്‍വീസ് നടത്തിയിരുന്നത്.

നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച ബസായിരുന്നു ഇത്, ആധുനിക രീതിയില്‍ എസി ഫിറ്റ് ചെയ്ത ബസില്‍ 26 പുഷ് ബാക്ക് സീറ്റുകളാണുള്ളത്, ഫുട് ബോര്‍ഡ് ഉപയോഗിക്കുവാന്‍ കഴിയാത്തവരായ ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്‍മാര്‍ തുടങ്ങിയവര്‍ക്ക് കയറുന്നതിനായി പ്രത്യേകം തയാറാക്കിയ, യാത്രക്കാര്‍ക്ക് തന്നെ ഓപ്പറേറ്റ് ചെയ്യാവുന്ന തരത്തിലുള്ള ഹൈഡ്രോളിക് ലിഫ്റ്റും ക്രമീകരിച്ചിരുന്നു.

ശുചിമുറി, വാഷ്‌ബേസിന്‍, ടിവി, മ്യൂസിക് സിസ്റ്റം, മൊബൈല്‍ ചാര്‍ജര്‍ സംവിധാനങ്ങളും ഒരുക്കിയിരുന്നു. എന്നാല്‍ ഈ സംവിധാനങ്ങളും ഉയര്‍ന്ന നിരക്കും ആളുകളെ ആകര്‍ഷിച്ചില്ല. നവകേരള ബസ് കട്ടപ്പുറത്താകാതെ സംരക്ഷിക്കേണ്ടത് കെഎസ്ആര്‍ടിസിയുടെ മാത്രമല്ല സര്‍ക്കാരിന്റെ കൂടി അഭിമാന പ്രശ്‌നമാണ്.

Top