കണ്ണൂർ: കണ്ണൂരിലെ മുൻ എ.ഡി.എം ആയിരുന്ന നവീൻ ബാബു കൈക്കൂലി ആവശ്യപ്പെട്ടിട്ടില്ലെന്ന് റിട്ട. അധ്യാപകൻ ഗംഗാധരൻ. എ.ഡി.എമ്മിന്റെ മരണത്തിന് ഉത്തരവാദി എന്ന ആരോപണമുയർന്ന പി.പി. ദിവ്യയുടെ മുൻകൂർ ജാമ്യഹരജിൽ ഗംഗാധരന്റെ പേര് പരാമർശിച്ചിരുന്നു. ഹർജിയിൽ പറയുന്നതാനുസരിച്ച് ഗംഗാധരനിൽ നിന്ന് നവീൻ ബാബു കൈക്കൂലി വാങ്ങിയെന്നായിരുന്നു ദിവ്യയുടെ ആരോപണം. ഇത് സംബന്ധിച്ച് ഒരു പരാതി ഗംഗാധരൻ നൽകിയിട്ടുണ്ടെന്നും ദിവ്യ പരാമർശിച്ചിരുന്നു.
തന്റെ സ്ഥലത്തെ മണ്ണ് നീക്കുന്നതിന് എതിരായ സ്റ്റോപ്പ് മെമ്മോയുമായി ബന്ധപ്പെട്ടാണ് താൻ എ.ഡി.എമ്മിനെ കണ്ടതെന്ന് ഗംഗാധരൻ വ്യക്തമാക്കി. എ.ഡി.എമ്മിന്റെ ഇടപെടലിൽ അതൃപ്തി തോന്നിയ ഗംഗാധരൻ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. എ.ഡി.എം അധികാരം ദുർവിനിയോഗം ചെയ്തതായി പറഞ്ഞിട്ടുണ്ട്. എന്നാൽ അദ്ദേഹം ഒരിക്കൽ പോലും കൈക്കൂലി ചോദിച്ചതായി എവിടെയും പറഞ്ഞിട്ടില്ലെന്നും ഗംഗാധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
Also Read: നവീന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് എം വി ഗോവിന്ദൻ
ഗംഗാധരൻ പറയുന്നത്..
‘ഞാന്‍ വിജിലന്‍സില്‍ പരാതി കൊടുക്കുന്നത് 2024 സെപ്തംബര്‍ നാലിനാണ്. പരാതി ആറുപേജുണ്ട്. കൈക്കൂലിയുമായി ബന്ധപ്പെട്ട് അതിൽ ഒന്നുമില്ല. കൈക്കൂലി ചോദിച്ചെന്ന ദിവ്യയുടെ വാദം തന്നെ തെറ്റാണ്. പരിഹരിക്കാമായിരുന്നിട്ടും നവീന്‍ ബാബു ഫയല്‍ സംബന്ധമായി ഒരു നീതികാട്ടിയില്ല. ഒരു ഫോണ്‍ വിളിച്ച് പരിഹരിക്കാവുന്ന പ്രശ്‌നമേയുണ്ടായിരുന്നുള്ളൂ’-ഗംഗാധരന്‍ പറഞ്ഞു.