ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യത്തിന് 272ല്‍ താഴെ സീറ്റുകള്‍ നേടാനെ കഴിയൂ എന്ന് സാമ്പത്തിക വിദഗ്ധനും കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്റെ ഭര്‍ത്താവുമായ ഡോ. പരകാല പ്രഭാകര്‍. ബിജെപിക്ക് തനിയെ 200 മുതല്‍ 220 സീറ്റുകള്‍ വരെ മാത്രമെ ലഭിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
2014ലെ തിരഞ്ഞെടുപ്പ് രംഗം ഹിന്ദുത്വയുടെ പശ്ചാത്തലത്തിലായിരുന്നില്ല എന്ന് പരകാല പ്രഭാകര്‍ ചൂണ്ടിക്കാണിച്ചു. ‘പോരാട്ടം രാജ്യത്തെ ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലല്ല ഹിന്ദുക്കളും മുസ്ലിങ്ങളും ഒരു കൈയ്യിലും തൊഴിലില്ലായ്മയും ദാരിദ്രവും മറുകൈയ്യിലുമാണ് എന്നായിരുന്നു അന്ന് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന മോദി രാജ്യം മുഴുവന്‍ നടന്ന് പറഞ്ഞത്. അഴിമതിക്കെതിരായി ഉയര്‍ന്ന് വന്ന മുന്നേറ്റം അടക്കം എല്ലാ വിഭാഗങ്ങളുടെയും പിന്തുണ ബിജെപിക്ക് അനുകൂലമായി മാറി. അപ്പോഴും 31 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. 2019ല്‍ ബാലാകോട്ടിന്റെയും പുല്‍വാമയുടെയും പശ്ചാത്തലത്തില്‍ നാല് മുതല്‍ അഞ്ച് വരെ ശതമാനം വോട്ടാണ് കൂടുതല്‍ ലഭിച്ചത്. ഏറ്റവും മോശമായ സാമ്പത്തിക നയസമീപനമാണ് പിന്നീട് ഉണ്ടായത്. ഇത് രാജ്യത്ത് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.’- അദ്ദേഹം പറഞ്ഞു.
എന്‍ഡിഎയിലെ ഒരു പാര്‍ട്ടി പോലും ആശയപരമായി ബിജെപിയോട് സ്വഭാവികമായി ചേര്‍ന്നു നില്‍ക്കുന്ന സഖ്യകക്ഷിയല്ലെന്നും പ്രഭാകര്‍ പറഞ്ഞു. ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാത്ത സാഹചര്യം വന്നാല്‍ സഖ്യകക്ഷികളില്‍ ചിലര്‍ എന്‍ഡിഎ വിട്ടുപോയേക്കാം. സ്വന്തം നിലയില്‍ ശക്തമായ നേട്ടം ബിജെപി കൈവരിച്ചില്ലെങ്കില്‍ സഖ്യകക്ഷികളില്‍ പലരും രണ്ടാമതൊരു ആലോചന നടത്തിയേക്കാമെന്നും പരകാല പ്രഭാകര്‍ ചൂണ്ടിക്കാണിച്ചു. നാല് ഘട്ട തിരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ ബിജെപി കേവലഭൂരിപക്ഷം നേടിക്കഴിഞ്ഞുവെന്ന അമിത്ഷായുടെ അവകാശവാദത്തെയും പരകാല പ്രഭാകര്‍ ചോദ്യം ചെയ്തു. അമിത്ഷായുടെ അവകാശവാദം അതിരു കവിഞ്ഞതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.