നെടുമങ്ങാട്ട് 26.11 കോടി ചെലവിൽ ആധുനിക മാർക്കറ്റ് : ജി.​ആ​ർ. അ​നി​ൽ

ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായാലുടന്‍ നിര്‍മാണ പ്രവൃത്തി ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

നെടുമങ്ങാട്ട് 26.11 കോടി ചെലവിൽ ആധുനിക മാർക്കറ്റ് : ജി.​ആ​ർ. അ​നി​ൽ
നെടുമങ്ങാട്ട് 26.11 കോടി ചെലവിൽ ആധുനിക മാർക്കറ്റ് : ജി.​ആ​ർ. അ​നി​ൽ

നെടുമങ്ങാട്: നെടുമങ്ങാട്ട് കിഫ്ബി ഫണ്ട് വിനിയോഗിച്ച് 71,000 സ്‌ക്വയര്‍ ഫീറ്റില്‍ 26.11 കോടി രൂപ ചെലവില്‍ ആധുനിക മാര്‍ക്കറ്റ് നിര്‍മിക്കുമെന്ന് മന്ത്രി ജി.ആര്‍. അനില്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. നഗരസഭയുടെ പഴയ മാര്‍ക്കറ്റ് പൊളിച്ചു മാറ്റിയാണ് പുതിയത് നിര്‍മിക്കുക. 2019 നവംബറില്‍ 18 കോടിയുടെ ഭരണാനുമതി ലഭിച്ച ഈ പദ്ധതി ഈ മാസം റിവൈസ്ഡ് എഫ്.എസിലൂടെ പദ്ധതി തുക 26.11 കോടി രൂപയായി ഉയര്‍ത്തി. സെപ്റ്റംബര്‍ 23ന് നടപടികള്‍ പൂര്‍ത്തിയായ ടെന്‍ഡര്‍ വ്യാഴാഴ്ച പ്രസിദ്ധീകരിച്ചു. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായാലുടന്‍ നിര്‍മാണ പ്രവൃത്തി ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

നാല് നിലകളിലായി അത്യാധുനികസൗകര്യങ്ങളോടുകൂടിയ മാര്‍ക്കറ്റാണ് ഉദ്ദേശിക്കുന്നത്. ബേസ്‌മെന്റ് ഫ്‌ലോറില്‍ ടൂവീലര്‍-ഫോര്‍ വീലര്‍ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യവും ഇതോടൊപ്പം ഇലക്ട്രിക്കല്‍ പാനല്‍മുറിയും ഉള്‍പ്പെടുന്നു. ഗ്രൗണ്ട് ഫ്‌ലോറില്‍ 48 ഫിഷ്, ഡ്രൈ ഫിഷ് സ്റ്റാളുകളും ഇറച്ചി, ചിക്കന്‍ എന്നിവയുടെ വില്‍പനക്കായി 24 സ്റ്റാളുകളും ഉള്‍പ്പെടെ ആകെ 72 കടകളാണ് നിര്‍മിക്കുക. ഇതോടൊപ്പം ഓഫീസ് റൂം, സി.സി.ടി.വി കണ്‍ട്രോള്‍ റൂം, സെക്യൂരിറ്റി റൂം എന്നിവയും ഈ നിലയില്‍ ഉള്‍പ്പെടുന്നു. ഒന്നാം നിലയില്‍ പഴം-പച്ചക്കറി- പലചരക്ക് കടകള്‍, മണ്‍പാത്ര സ്റ്റാളുകള്‍, സ്റ്റേഷനറി സ്റ്റാളുകള്‍, മറ്റ് അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഉള്‍പ്പെടെ 112 കടകളാണുള്ളത്. രണ്ടാം നിലയില്‍ എട്ട് ഫുഡ് ഔട്ട്‌ലെറ്റുകളിലൂടെ 120 പേര്‍ക്ക് ഒരേ സമയം ഭക്ഷണം കഴിക്കാനാകുന്ന ഫുഡ് കോര്‍ട്ടും സ്റ്റാഫ് റൂമുകളും സര്‍വിസ് ഏരിയയുമാണ്. എല്ലാ നിലകളിലും അത്യാധുനിക ടോയ്ലറ്റ് സൗകര്യമുണ്ട്. ഈ കെട്ടിടത്തില്‍ മൂന്ന് പാസഞ്ചര്‍ ലിഫ്റ്റുകളും ഒരു സര്‍വിസ് ലിഫ്റ്റും കൂടാതെ മഴവെള്ള സംഭരണി, ഫയര്‍ എക്‌സിറ്റ്, 33കെ വാട്ട് കപ്പാസിറ്റിയുള്ള സോളാര്‍ പാനലുകള്‍, ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ എന്നിവയും ഉള്‍പ്പെടും.

Also Read:ഡോ. ജവാദ് ഹസ്സന്റെ ആത്മകഥ പ്രകാശനം ചെയ്തു

മാര്‍ക്കറ്റിന്റെ ശുചിത്വം ഉറപ്പുവരുത്താന്‍ എല്ലാ നിലയിലും കൃത്രിമ വെന്റിലേഷനും അസംസ്‌കൃത മത്സ്യത്തിന്റെയും മാംസത്തിന്റെയും ഗന്ധം കുറക്കാന്‍ മെക്കാനിക്കല്‍ വെന്റിലേഷന്‍ സൗകര്യവുമുണ്ടാകും. സ്പ്രിങ്ക്‌ളര്‍ സംവിധാനമുള്ള അത്യാധുനിക അഗ്‌നിസുരക്ഷാസംവിധാനവും മാര്‍ക്കറ്റിലുണ്ടാകും.ജൈവമാലിന്യ നിര്‍മാര്‍ജനത്തിന് ബയോഗ്യാസ് സംസ്‌കരണ പ്ലാന്റ് നിര്‍മിക്കും.മാര്‍ക്കറ്റ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ പ്രദേശവാസികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളും ആരോഗ്യപ്രദവും ശുചിത്വപൂര്‍ണവുമായ മെച്ചപ്പെട്ട സൗകര്യവും ലഭ്യമാകുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു

Top