ന്യൂഡല്‍ഹി: 78-ാം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പിലാക്കുമെന്ന സൂചന കൂടി നൽകി. നിലവിലെ സിവില്‍ കോഡ് വര്‍ഗീയമാണെന്നും മതേതര ബദലിനായാണ് വാദിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. 75 വര്‍ഷക്കാലമായി നമ്മള്‍ ഇതുമായാണ് ജീവിക്കുന്നത്. മതപരമായ വിവേചനം ഇല്ലാതാക്കാന്‍ നമ്മള്‍ മതേതര സിവില്‍കോഡ് നടപ്പിലാക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടികാട്ടി.
‘രാജ്യത്ത് മതേതര സിവില്‍കോഡ് ഉണ്ടാക്കേണ്ടത് കാലഘത്തിന്റെ ആവശ്യം ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എങ്കില്‍ മാത്രമെ മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനത്തില്‍ നിന്നും നമുക്ക് മുക്തരാവാനാകൂ…എന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് ഏകസിവില്‍ കോഡ് നടപ്പിലാക്കിയ രാജ്യത്തെ ഏക സംസ്ഥാനം ഉത്തരാഖണ്ഡാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന വാഗ്ദാനമായിരുന്നു ഏക സിവില്‍കോഡ്. വിവാഹം, വിവാഹമോചനം, ഭൂമി, സ്വത്തുക്കള്‍, പിന്തുടര്‍ച്ചാവകാശം എന്നിവയില്‍ എല്ലാ പൗരന്മാര്‍ക്കും ഒരേ നിയമം വ്യവസ്ഥ ചെയ്യുന്ന നിയമമാണ് ഏക സിവില്‍ കോഡ്.