CMDRF

പരസ്യങ്ങൾക്കുള്ള പ്രതിഫലം വർധിപ്പിച്ച് നീരജ് ചോപ്ര

പരസ്യങ്ങൾക്കുള്ള പ്രതിഫലം വർധിപ്പിച്ച് നീരജ് ചോപ്ര
പരസ്യങ്ങൾക്കുള്ള പ്രതിഫലം വർധിപ്പിച്ച് നീരജ് ചോപ്ര

ദില്ലി: പാരിസ് ഒളിംപിക്‌സിലെ വെള്ളിമെഡൽ നേട്ടത്തിന് പിന്നാലെ പരസ്യങ്ങൾക്കുള്ള പ്രതിഫലം വർധിപ്പിച്ച് ജാവലിൻ ത്രോ താരം നീരജ് ചോപ്ര. ഒന്നരക്കോടി രൂപയാണ് നീരജ് പ്രതിഫലത്തിൽ വർധിപ്പിച്ചത്. പരിക്കുമായി മത്സരിച്ചിട്ടും 89.45 മീറ്റർ ദൂരത്തോടെയാണ് നീരജ് ചോപ്ര പാരിസ് ഒളിംപിക്‌സിൽ വെള്ളിമെഡൽ നേടിയത്. തുടർച്ചയായി രണ്ടാം ഒളിംപിക്‌സിലും മെഡൽ സ്വന്തമാക്കിയതോടെ നീരജിന്റെ പരസ്യ വരുമാനവും കുത്തനെ ഉയർന്നു. നിലവിൽ മൂന്നുകോടി രൂപയാണ് ഓരോ പരസ്യബ്രാൻഡുകൾക്കായി നീരജ് പ്രതിഫലം പറ്റുന്നത്.

ഇത് നാലരക്കോടി രൂപയായി ഉയർത്തി. ക്രിക്കറ്റ് താരങ്ങൾ കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പരസ്യവരുമാനമുള്ള കായികതാരവും നീരജാണ്. 21 ബ്രാൻഡുകളുമായാണ് നീരജിന് പരസ്യ കരാറുള്ളത്. പാരീസിലെ മെഡൽ നേട്ടത്തോടെ എട്ട് കമ്പനികളുമായി നീരജ് ഉടൻ പരസ്യ കരാറിലെത്തും. ഈവർഷം അവസാനിക്കും മുന്നേ നീരജ് 34 കന്പനികളുമായി കരാറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ പരസ്യവരുമാനത്തിൽ ക്രിക്കറ്റിലെ പലതാരങ്ങളെയും മറികടക്കാൻ നീരജിനാവും. ഇതിനിടെ വ്യാഴാഴ്ചത്തെ ലൊസെയ്ൻ ഡയമണ്ട് ലീഗിൽ പങ്കെടുക്കുമെന്ന് നീരജ് വ്യക്തമാക്കി. നേരത്തേ, പുറത്തിറക്കിയ പട്ടികയിൽ നീരജിന്റെ പേരില്ലായിരുന്നു.

അതേസമയം, ജർമനിയിലാണ് നീരജ് ഇപ്പോഴുള്ളത്. ഒളിംപിക്‌സിന് ശേഷം വിദഗ്ധ ചികിത്സയ്ക്കായി നീരജ് ജർമനിയിലേക്ക് പോവുകയായിരുന്നു. നേരത്തേ തന്നെ ഡോക്ടർമാർ ശസ്ത്രക്രിയ നിർദേശിച്ചിരുന്നെങ്കിലും ഒളിംപിക്സ് മുന്നിൽകണ്ട് നീരജ് ചികിത്സ വൈകിപ്പിക്കുക ആയിരുന്നു. മാത്രമല്ല, ഇത്തവണ പല മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു. ഇതുകൊണ്ടുതന്നെ ജാവലിൻ ത്രോ ഫൈനലിലെ നീരജിന്റെ ആറ് അവസരങ്ങളിൽ അഞ്ചും ഫൗളായി. ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ജൂണിൽ തന്നെ നീരജ് സൂചിപ്പിച്ചിരുന്നു. ഒളിംപിക്സിന് ശേഷം ഇത് ഉപ്പിക്കുകയും ചെയ്തു.

Top