ദില്ലി: നീറ്റ്-യുജി കേസിൽ ബീഹാറിൽ ഒരാൾ കൂടി അറസ്റ്റിൽ. ചോദ്യപേപ്പർ ചോർത്തിയ കേസിലെ സൂത്രധാരനെന്ന് കരുതുന്ന ‘റോക്കി’ എന്നറിയപ്പെടുന്ന രാകേഷ് രഞ്ജനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.
അറസ്റ്റിന് ശേഷം പാറ്റ്‌നയിലും കൊൽക്കത്തയിലും ഇയാളുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളിൽ അന്വേഷണ ഏജൻസി നടത്തിയ പരിശോധനയിൽ രേഖകൾ കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിയെ 10 ദിവസത്തേക്ക് സിബിഐ കസ്റ്റഡിയിൽ വിട്ടു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 33 ആയി.
നീറ്റ് ചോദ്യപേപ്പർ ചോർത്തിയത് പരീക്ഷക്ക് വേണ്ടി ജാർഖണ്ഡിലെ സ്കൂളിലേക്ക് കൊണ്ടുപോകും വഴിയാണെന്നാണ് സിബിഐ കണ്ടെത്തൽ. ചോർത്തിയ പരീക്ഷാ പേപ്പറുകൾ 50 ലക്ഷം വരെ വാങ്ങി ബീഹാറിലെ വിദ്യാർത്ഥികൾക്ക് എത്തിച്ചു.
പരീക്ഷാ പേപ്പർ ചോർന്ന വിഷയം വ്യക്തമായിരുന്നിട്ടും, സ്കൂൾ അധികൃതർ ഇക്കാര്യം സമയത്ത് എൻടിഎയെ അറിയിച്ചില്ല. വിവരം അറിഞ്ഞ ശേഷം എൻടിഎയും തെളിവുകൾ മറച്ചു വച്ചെന്നാണ് സിബിഐ റിപ്പോർട്ടിൽ വിശദീകരിക്കുന്നത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെയും പ്രതിസ്ഥാനത്ത് നിർത്തുന്ന റിപ്പോർട്ടാണ് സിബിഐ തയ്യാറാക്കിയത്.