CMDRF

നീറ്റ് ക്രമക്കേട്; രണ്ട് വിദ്യാർത്ഥികളുടെ സ്കോർകാർഡിൽ വൻപൊരുത്തക്കേട്

നീറ്റ് ക്രമക്കേട്; രണ്ട് വിദ്യാർത്ഥികളുടെ സ്കോർകാർഡിൽ വൻപൊരുത്തക്കേട്
നീറ്റ് ക്രമക്കേട്; രണ്ട് വിദ്യാർത്ഥികളുടെ സ്കോർകാർഡിൽ വൻപൊരുത്തക്കേട്

പട്ന: നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ ഉൾപ്പെട്ട ബിഹാറിലെ നാല് വിദ്യാർഥികളുടെ നീറ്റ് പരീക്ഷകളുടെ സ്കോർകാർഡ് പുറത്തുവിട്ട് ദേശീയ മാധ്യമം. ഇവയിൽ രണ്ടുപേരുടെ സ്കോർ കാർഡിൽ വൻ വ്യത്യാസങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാർഥികളിൽ ഒരാളാണ് അനുരാഗ് യാദവ്. കോട്ടയിലെ കോച്ചിങ് സെന്ററിലാണ് അനുരാഗ് പരിശീലനം നടത്തിയിരുന്നത്. പരീക്ഷയ്ക്കുമുമ്പ് അമ്മാവനായ സികന്ദർ വിളിച്ച് സമസ്തിപുരിലേക്ക് മടങ്ങാൻ നിർദേശിച്ചെന്നും പരീക്ഷയുടെ തലേദിവസം രാത്രി ചോദ്യപേപ്പർ ലഭിച്ചെന്നും വിദ്യാർഥി അന്വേഷണ സംഘത്തിന് മുൻപാകെ സമ്മതിച്ചിട്ടുണ്ട്. തൊട്ടടുത്ത ദിവസം നടക്കുന്ന പരീക്ഷയുടെ ചോദ്യപേപ്പറുകളായിരുന്നു തനിക്ക് ലഭിച്ചതെന്ന് അനുരാഗ് യാദവ് പറഞ്ഞാതായി എൻ.ഡി.ടി.വി. റിപ്പോർട്ടിൽ പറയുന്നു.

അനുരാഗിന് നീറ്റ് പരീക്ഷയിൽ 720-ൽ 185 മാർക്കായിരുന്നു ലഭിച്ചത്. 54.84 ശതമാനമായിരുന്നു എല്ലാ വിഷയത്തിലുമായി അനുരാഗിന് ലഭിച്ച സ്കോർ. എന്നാൽ വിഷയങ്ങൾ ഓരോന്നായി എടുത്തുനോക്കുമ്പോൾ വൻ വ്യത്യാസമാണ് കാണാൻ സാധിക്കുക. ഫിസിക്സിന് 85.8 ശതമാനമാണ് അനുരാഗിന് ലഭിച്ചത്. ബയോളജിക്ക് 51 ശതമാനവും. എന്നാൽ കെമിസ്ട്രിക്ക് ലഭിച്ചത് അഞ്ച് ശതമാനം മാത്രമാണ്. പരീക്ഷാ പേപ്പർ തലേ ദിവസം രാത്രിയിൽ ലഭിച്ചതിനാൽ പഠിക്കാനും മനപ്പാഠമാക്കാനും വേണ്ടത്ര സമയം കിട്ടിയിരുന്നില്ലെന്ന് വിദ്യാർഥി സമ്മതിച്ചതായി എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു. അനുരാഗിന് ലഭിച്ച ഓൾ ഇന്ത്യ റാങ്ക് 10,51,525 ആണ്. കാറ്റഗറി റാങ്കിൽ ഒബിസി വിഭാഗത്തിൽ 4,67,824 ആണ്.

ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അമിത് ആനന്ദ്, നിതീഷ് കുമാർ എന്നീ വിദ്യാർഥികളിൽ നിന്ന് സിക്കന്ദർ യാദവേന്ദു 30-32 ലക്ഷം രൂപ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. നാല് വിദ്യാർഥികളിൽ അനുരാഗിനെയാണ് ഇപ്പോൾ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മൂന്നുപേരെ അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്. ഇതിൽ ഒരാളുടെ സ്കോർ 720-ൽ 300 ആണ്. ഓവറോൾ 73.37 ശതമാനമാണ് നീറ്റ് സ്കോർ. എന്നാൽ ഓരോ വിഷയം എടുത്ത് നോക്കിയാൽ ഇവിടെയും വൻതോതിൽ പൊരുത്തക്കേടുകൾ കാണാൻ സാധിക്കും. ബയോളജിയിൽ 87.8 ശതമാനം മാർക്കാണ് ഈ വിദ്യാർഥിക്ക് ലഭിച്ചത്. എന്നാൽ ഫിസിക്സിലും കെമിസ്ട്രിയിലും 15.5, 15.3 ശതമാനം എന്നിങ്ങനെയാണ് ലഭിച്ചത്. അതേസമയം ആരോപണം നേരിടുന്ന മറ്റു രണ്ടു വിദ്യാർഥികളുടെ സ്കോർ കാർഡുകളിൽ ഇത്തരത്തിൽ പൊരുത്തക്കേടുകൾ കാണാൻ സാധിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ ഒരാൾ 581 മാർക്കും, മറ്റൊരാൾ 483 മാർക്കുമാണ് കിട്ടിയത്.

ജൂൺ നാലിന് പ്രസിദ്ധീകരിച്ച നീറ്റ് പരീക്ഷാ ഫലത്തിൽ വൻതോതിൽ ക്രമക്കേടുകളുണ്ടെന്നാണ് ഉയർന്ന ആരോപണം. ഇതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ ചോദ്യപേപ്പർ ചോർച്ച കണ്ടെത്തുകയും ഇതേത്തുടർന്ന അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുകയും ചെയ്തിരുന്നു. നീറ്റ് പരീക്ഷയിൽ 67 വിദ്യാർഥികൾ 720/ 720 മാർക്ക് നേടിയിരുന്നു. ഇതിൽ ആറ് വിദ്യാർഥികൾ ഹരിയാണയിലെ ഒരു സെന്ററിൽ നിന്നുള്ളവരായിരുന്നു. ഗ്രേസ് മാർക്കിനെച്ചൊല്ലിയും വൻതോതിൽ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ പരീക്ഷ റദ്ദാക്കുന്നതിലേക്ക് നീങ്ങിയിരുന്നില്ല. അതേസമയം യു.ജി.സി. നെറ്റിൽ സമാന പ്രശ്നം ചൂണ്ടിക്കാട്ടി പരീക്ഷ റദ്ദാക്കിയിരുന്നു. പരീക്ഷ കഴിഞ്ഞതിന്റെ തൊട്ടുപിന്നാലെയായിരുന്നു റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

Top