നീറ്റ് പരീക്ഷ വിവാദം; നിലപാട് കടുപ്പിച്ച് സുപ്രീംകോടതി

നീറ്റ് പരീക്ഷ വിവാദം; നിലപാട് കടുപ്പിച്ച് സുപ്രീംകോടതി
നീറ്റ് പരീക്ഷ വിവാദം; നിലപാട് കടുപ്പിച്ച് സുപ്രീംകോടതി

ദില്ലി: നീറ്റ് പരീക്ഷ ക്രമക്കേടില്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്കും കേന്ദ്ര സര്‍ക്കാരിനും നോട്ടീസ് അയച്ച് സുപ്രീംകോടതി. പരീക്ഷയുടെ പവിത്രതയെ ബാധിച്ചെന്ന് ചൂണ്ടിക്കാട്ടിയ കോടതി നോട്ടീസിന് മറുപടി നല്‍കണമെന്നും പറഞ്ഞു. നീറ്റ് പരീക്ഷയില്‍ ക്രമക്കേട് നടന്നുവെന്നാണ് ഉയര്‍ന്നുവരുന്ന ആരോപണം. ഇതിനെതിരെ രാജ്യതലസ്ഥാനത്ത് വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു. ഇടതു വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് മുന്നിലാണ് പ്രതിഷേധിച്ചത്. എസ്എഫ്‌ഐ അടക്കമുള്ള ഇടത് വിദ്യാര്‍ത്ഥി സംഘടനകളാണ് പ്രതിഷേധം നടത്തിയത്. നീറ്റ് പരീക്ഷ നടത്തിപ്പിലെ അഴിമതി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണം, സര്‍വകലാശാലകള്‍ക്ക് പ്രവേശന പരീക്ഷകള്‍ നടത്താനുള്ള സ്വയം ഭരണാധികാരത്തില്‍ കൈ കടത്തരുത് തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നിവേദനം നല്‍കുകയായിരുന്നു.

ഇതിനിടെ ഭരണാനുകൂല വിദ്യാര്‍ഥി സംഘടനയായ എബിവിപി എന്‍ടിഎ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി. എബിവിപി ഭാരവാഹികള്‍ എന്‍ടിഎ ഡയറക്ടറെ കണ്ടു നിവേദനം നല്‍കി. എംഎസ്എഫും ദില്ലിയില്‍ പ്രതിഷേധം നടത്തി. ഫലം പ്രഖ്യാപിച്ചപ്പോള്‍ 67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചതാണ് പ്രധാന ചര്‍ച്ചയാകുന്നത്. ഇതില്‍ ആറ് പേര്‍ ഒരേ സെന്ററില്‍ നിന്ന് പരീക്ഷ എഴുതിയവരാണെന്ന ആരോപണവും പരാതിക്കാര്‍ ഉന്നയിക്കുന്നു. ഒന്നാം റാങ്ക് ലഭിച്ചവരില്‍ 47 പേര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയെന്നാണ് എന്‍ടിഎ പറയുന്നത്. എന്‍സിഇആര്‍ടി പാഠപുസ്തകത്തിലെ ഉത്തരത്തിന്റെ പിഴവിനാണ് ഗ്രേസ് മാര്‍ക്ക് എന്നാണ് എന്‍ടിഎ വീശദീകരിക്കുന്നത്. ഒപ്പം രണ്ടാം റാങ്ക് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സമയം കിട്ടിയില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിലുമാണ് ഗ്രേസ് മാര്‍ക്ക് നല്‍കിയത്. മുന്‍കോടതി വിധികളുടെ അടിസ്ഥാനത്തിലാണ് ഗ്രേസ് മാര്‍ക്ക് നല്‍കിയതെന്നാണ് എന്‍ടിഎ വ്യക്തമാക്കുന്നത്. എന്നാല്‍, ഇതില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ആക്ഷേപം ഉന്നയിക്കുകയാണ്.

Top