നീറ്റ് പരീക്ഷാ ക്രമക്കേട്; എല്ലാ സർക്കാർ പരീക്ഷയുടെയും വിശ്വാസ്യത തകർന്നുവെന്ന് കെ സി വേണുഗോപാൽ

നീറ്റ് പരീക്ഷാ ക്രമക്കേട്; എല്ലാ സർക്കാർ പരീക്ഷയുടെയും വിശ്വാസ്യത തകർന്നുവെന്ന് കെ സി വേണുഗോപാൽ

ആലപ്പുഴ: നീറ്റ് പരീക്ഷാ ക്രമക്കേട് പുറത്തു വന്നതോടെ എല്ലാ സർക്കാർ പരീക്ഷകളുടെയും വിശ്വാസ്യത തകർന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ചോദ്യപേപ്പർ വിൽപ്പനയാണ് നടന്നത്. മാനവ വിഭവശേഷി വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാന് ഇതിൻ്റെ ധാർമ്മിക ഉത്തരവാദിത്തമുണ്ട്. ഇതിനെല്ലാം കണക്ക് പറഞ്ഞ് മന്ത്രിയെ കൊണ്ട് ലോക്സഭയിൽ ഉത്തരം പറയിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പരീക്ഷാ ക്രമക്കേട് തടയാൻ പര്യാപ്തമായ അന്വേഷണവും പരിഹാരവും ഉണ്ടാകുന്നത് വരെ സമരം തുടരും. ഇത്രയായിട്ടും പ്രധാനമന്ത്രി മൗനത്തിലാണ്. നീറ്റ് പരീക്ഷ ഒഴിവാക്കണമെന്ന ആവശ്യത്തിൽ കോൺഗ്രസ് നിലപാട് സ്വീകരിച്ചിട്ടില്ല. തമിഴ്നാട് മുഖ്യമന്ത്രി ദീർഘകാലമായി ആവശ്യപ്പെടുന്ന വിഷയമാണ്. പുതിയ സാഹചര്യത്തിൽ കോൺഗ്രസ് ആലോചന നടത്തുമെന്നും വേണുഗോപാൽ പറഞ്ഞു.

ഇന്ത്യൻ രാഷ്ട്രീയ സാഹചര്യം പൂർണമായി മാറുന്ന തിരഞ്ഞെടുപ്പാണ് കഴിഞ്ഞത്. ഇതിന് രാജ്യത്തെ വോട്ടർമാർക്ക് നന്ദി പറയണം. രാഷ്ട്രീയ പാർട്ടിക്ക് സ്വതന്ത്രമായി പ്രവർത്തിക്കാവുന്ന സാഹചര്യമില്ലായിരുന്നു. മതേതരത്വത്തിനും ജനാധിപത്യത്തിനും ഉണ്ടായിരുന്ന ഭീഷണി വലിയ അളവിൽ മാറി. എന്നാൽ ബിജെപി സർക്കാർ മാറുമെന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം വിമർശിച്ചു. കൊടിക്കുന്നിൽ സുരേഷിന് പ്രോടേം സ്പീക്കർ പദവി നൽകാത്തത് കീഴ്വഴക്ക ലംഘനമാണെന്ന് പറഞ്ഞ വേണുഗോപാൽ തെറ്റായ തീരുമാനമാണിതെന്നും ചൂണ്ടിക്കാട്ടി. സീനിയർ എംപിയെ ആണ് പ്രോട്ടേം സ്പീക്കർ ആക്കേണ്ടിയിരുന്നത്. പിന്നാക്ക വിഭാഗത്തിൽ നിന്ന് എട്ട് പ്രാവശ്യം എംപിയായ നേതാവാണ്. അത്തരം നേതാവിനെ പ്രോട്ടേം സ്പീക്കറാക്കാത്തത് ദളിത് സമൂഹത്തോടുള്ള വെല്ലുവിളിയാണ്. കോൺഗ്രസിൻ്റെ പ്രതിഷേധം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും കെസി പറഞ്ഞു. കൊടിക്കുന്നിലിനെ പ്രതിപക്ഷ നേതാവ് ആക്കണമെന്ന കെ സുരേന്ദ്രന്റെ ആവശ്യത്തിനും കെസി വേണുഗോപാൽ മറുപടി നൽകി. കോൺഗ്രസിൻ്റെ കാര്യം കോൺഗ്രസ് തീരുമാനിക്കുമെന്നായിരുന്നു മറുപടി.

Top