ഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്രസർക്കാരും എൻ.ടി.എയും സി.ബി.ഐയും നാളെ വൈകിട്ട് അഞ്ചുമണിക്കകം സുപ്രിം കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കണം. ചോദ്യപേപ്പർ ചോർച്ചയുടെ വ്യാപ്തി മനസ്സിലാക്കിയതിനു ശേഷം ആയിരിക്കും പുനഃപരീക്ഷ അടക്കമുള്ള കാര്യങ്ങളിൽ സുപ്രിംകോടതി തീരുമാനമെടുക്കുക. ചോദ്യപേപ്പർ ചോർച്ചയിൽ വിശദമായ റിപ്പോർട്ട് തയ്യാറാക്കാനാണ് കേന്ദ്രസർക്കാർ ഒരുങ്ങുന്നത്. ഇന്നലെ കേസ് പരിഗണിച്ച സുപ്രിംകോടതി വിശദമായ വാദം കേൾക്കുന്നതിനായി കേസ് വ്യാഴാഴ്ച മാറ്റിവെച്ചത് വിദ്യാർഥികൾക്കിടയിൽ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. പുനഃപരീക്ഷ നടത്തരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് വിദ്യാർഥികൾ കഴിഞ്ഞ ദിവസവും പ്രതിഷേധങ്ങൾ ഉയർത്തിയിരുന്നു.
അതുകൊണ്ടുതന്നെ വ്യാഴാഴ്ച സുപ്രിം കോടതിയുടെ വിധി ഏറെ നിർണായകമാണ്. 24 ലക്ഷം വിദ്യാർഥികളെ ബാധിക്കുന്ന കാര്യമായതിനാൽ പുനപരീക്ഷ നടത്തുക പ്രയാസകരമാണെന്ന് കോടതി ഇന്നലെ നിരീക്ഷിച്ചിരുന്നു. നാളെ വൈകിട്ട് 5 മണിക്ക് മുൻപായിട്ട് സുപ്രീംകോടതിയിൽ പൂർണമായ റിപ്പോർട്ട് സമർപ്പിക്കേണ്ടത്. അതിനുശേഷം ആയിരിക്കും പുനഃപരീക്ഷ വേണമോ വേണ്ടയോ എന്നുള്ള കാര്യത്തിൽ സുപ്രിം കോടതി തീരുമാനം എടുക്കുക. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നിലവിലുള്ള കേസുകളിലെ അന്വേഷണ പുരോഗതിയും വിശദാംശങ്ങളും സി.ബി.ഐ സത്യവാങ് മൂലമായി സമർപ്പിക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്.ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജികൾ പരിഗണിക്കുന്നത്.