ഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിൽ ജന്തർമന്തറിൽ പ്രതിഷേധ സമരം നടത്തി യൂത്ത് കോൺഗ്രസ്. എൻടിഎ നിരോധിക്കുക, നീറ്റ് വീണ്ടും നടത്തുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധം നടത്തുന്നത്. അഗ്നിവീർ പദ്ധതി നിർത്തലാക്കണമെന്നും പ്രതിഷേധത്തിൽ ആവശ്യമുന്നയിക്കുന്നുണ്ട്. ദേശീയ അധ്യക്ഷൻ ബിവി ശ്രീനിവാസിന്റെ നേതൃത്വത്തിൽ ആണ് സമരം നടത്തുന്നത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണമെന്നും ഇത് ഒറ്റപ്പെട്ട സംഭവമാണെന്ന പ്രസ്താവന അപലപനീയമാണെന്നും പറഞ്ഞ ബിവി ശ്രീനിവാസ് വിദ്യാർഥികൾക്ക് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം. പരീക്ഷയെഴുതിയവരിൽ കൂടുതലും ദരിദ്രരായ വിദ്യാർഥികളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത ദിവസം തന്നെ കേന്ദ്രമന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്തുമെന്നും ബിവി ശ്രീനിവാസ് പറഞ്ഞു.