CMDRF

നീറ്റ് പരീക്ഷ; ഹർജികളിലെ വാദം ജൂലൈ 18ലേക്ക് മാറ്റി

നീറ്റ് പരീക്ഷ; ഹർജികളിലെ വാദം ജൂലൈ 18ലേക്ക് മാറ്റി
നീറ്റ് പരീക്ഷ; ഹർജികളിലെ വാദം ജൂലൈ 18ലേക്ക് മാറ്റി

ഡൽഹി: നീറ്റ് ഹർജികളിൽ വാദം കേൾക്കുന്നത് മാറ്റിവെച്ച് സുപ്രീംകോടതി. ജൂലൈ 18നായിരിക്കും ഇനി ഹർജികളിൽ വാദം കേൾക്കുക. കേന്ദ്രസർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ എതിർകക്ഷികൾക്ക് മറുപടി സമർപ്പിക്കാനും സുപ്രീംകോടതി അനുവദിച്ചു. നീറ്റ് ഹർജികളിൽ തിങ്കളാഴ്ച പരിഗണിക്കുമെന്നാണ് സുപ്രീംകോടതി അറിയിച്ചത്. എന്നാൽ, വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കോടതിയിൽ ഹാജരാകാനാവില്ലെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. തുടർന്ന് കേസ് ജൂലൈ 18ലേക്ക് മാറ്റുകയായിരുന്നു.

അതേസമയം, മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് – യു.ജിയുടെ ചോദ്യപ്പേപ്പർ ചോർന്നിട്ടില്ലെന്നും ലോക്ക് പൊട്ടിയിട്ടില്ലെന്നും ആവർത്തിച്ച് നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) രംഗത്തെത്തി. ഒരു പരീക്ഷാ കേന്ദ്രത്തിലെ ആറ് പേർക്ക് മുഴുവൻ മാർക്കും ലഭിച്ചത്, സമയനഷ്ടം മൂലം ഗ്രേസ് മാർക്ക് നൽകിയതിനാലാണ്. എന്നാൽ ജൂൺ 23ന് നടത്തിയ പുനഃപരീക്ഷയിൽ ഇവർക്ക് മുഴുവൻ മാർക്കും നേടാനായില്ല. ഇതോടെ 720ൽ 720 മാർക്കും നേടിയവരുടെ എണ്ണം 67ൽനിന്ന് 61 ആയി കുറഞ്ഞെന്നും എൻ.ടി.എ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

ഹരിയാനയിലെ ഝജ്ജറിൽ നിന്നുള്ള വിദ്യാർഥികൾക്കാണ് പുനഃപരീക്ഷയിൽ മാർക്ക് കുറഞ്ഞത്. മുഴുവൻ മാർക്ക് നേടിയ 61ൽ 17 പേർക്ക് പ്രൊവിഷനൽ ഉത്തര സൂചിക പ്രസിദ്ധീകരിച്ചപ്പോൾ തന്നെ ഫുൾ മാർക്ക് ഉണ്ടായിരുന്നു. മറ്റ് 44 പേർക്ക് ഫിസിക്സ് പേപ്പറിൻറെ ഉത്തര സൂചിക റിവിഷൻ നടത്തിയതിനു ശേഷമാണ് മുഴുവൻ മാർക്ക് ലഭിച്ചത്. ഉത്തരസൂചികയിൽ തെറ്റുണ്ടെങ്കിൽ അത് ചൂണ്ടിക്കാനുള്ള അവസരം വിദ്യാർഥികൾക്ക് നൽകിയിരുന്നു. ഈ സമയത്ത് ഫിസിക്സ് പേപ്പറിലെ ഒരു ചോദ്യത്തിൻറെ ഉത്തരത്തെ നിരവധിപേർ ചോദ്യം ചെയ്തു.

എൻ.സി.ഇ.ആർ.ടിയുടെ പഴയ പുസ്തകത്തിലും പുതിയതിലും ഇതിന് വ്യത്യസ്ത ഉത്തരങ്ങളാണുണ്ടായിരുന്നത്. ഇതോടെ രണ്ട് ഓപ്ഷനുകൾ ശരിയായി പരിഗണിക്കാമെന്ന് സബ്ജക്ട് എക്സ്പേർട്ടുകൾ തീരുമാനിക്കുകയായിരുന്നു. ഇതിൻറെ ഫലമായി 44 പേർക്ക് കൂടി ഫുൾ മാർക്ക് ലഭിച്ചെന്നും എൻ.ടി.എ വ്യക്തമാക്കി.

Top