നീറ്റ് ചോദ്യപേപ്പർ ചോർച്ച; അടിയന്തര പ്രമേയത്തിന് അനുമതി തേടാൻ ഇന്ത്യാ സഖ്യം

നീറ്റ് ചോദ്യപേപ്പർ ചോർച്ച; അടിയന്തര പ്രമേയത്തിന് അനുമതി തേടാൻ ഇന്ത്യാ സഖ്യം

ഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച വിഷയം പാര്‍ലമെന്റിൽ അവതരിപ്പിക്കാൻ ഇന്ത്യാ സഖ്യം. നാളെ പാർലമെന്റിന്റെ ഇരുസഭകളിലും അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടും. നീറ്റ് വിഷയം ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിക്കും. വിഷയത്തില്‍ ചര്‍ച്ച അനുവദിച്ചില്ലെങ്കില്‍ സഭയ്ക്ക് പുറത്ത് പ്രതിഷേധിക്കാനും സഖ്യം തീരുമാനിച്ചതായാണ് വിവരം.

ഇന്ത്യ സഖ്യത്തിലെ മുഴുവൻ പാർട്ടികളും അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകുമെന്നാണ് വിവരം. നീറ്റ് വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെടാനും നീക്കമുണ്ട്. വ്യാഴാഴ്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന ഇന്ത്യാ സഖ്യ കക്ഷികളുടെ യോഗത്തിലാണ് തീരുമാനം.

നീറ്റ്, അഗ്നിവീര്‍, വിലക്കയറ്റം, തൊഴിലില്ലായ്മ, മിനിമം താങ്ങുവില, സിബിഐ, ഇ.ഡി തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളെയും ഗവര്‍ണര്‍മാരുടെ ഓഫിസുകളെയും ദുരുപയോഗം ചെയ്യല്‍ എന്നീ വിഷയങ്ങളും രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍മേലുള്ള ചര്‍ച്ചയ്ക്കിടെ പാര്‍ലമെന്റില്‍ ഉന്നയിക്കും.

Top