ഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്രസർക്കാർ ഇന്ന് സുപ്രിംകോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കും. കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോൾ സിബിഐയോടും എൻടിഎയോടും തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് നിർദേശിച്ചിരുന്നു. നാളെയാണ് കേസിൽ വിശദമായ വാദം കേൾക്കുന്നത്.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കൂടുതൽ വ്യക്തത വരുത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് സുപ്രിംകോടതി നിർദേശിച്ചത്. ഇന്ന് വൈകിട്ട് അഞ്ചുമണിക്കകം റിപ്പോർട്ട് സമർപ്പിക്കണം. ഒപ്പം സിബിഐയും ദേശീയ പരീക്ഷാ ഏജൻസിയും തൽസ്ഥിതി റിപ്പോർട്ടും ഇന്ന് സമർപ്പിക്കും. അതേസമയം, ചോദ്യപേപ്പർ ചോർച്ചയുടെ വ്യാപ്തി മനസ്സിലാക്കിയതിനു ശേഷമായിരിക്കും പുനഃപരീക്ഷ അടക്കമുള്ള കാര്യങ്ങളിൽ സുപ്രിംകോടതി തീരുമാനമെടുക്കുക. 24 ലക്ഷം വിദ്യാർഥികളെ ബാധിക്കുന്ന കാര്യമായതിനാൽ പുനഃപരീക്ഷ നടത്തുക പ്രയാസകരമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
പുനഃപരീക്ഷ നടത്തരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിദ്യാർഥികൾ കഴിഞ്ഞ ദിവസവും പ്രതിഷേധങ്ങൾ ഉയർത്തിയിരുന്നു. അതുകൊണ്ടുതന്നെ നാളത്തെ സുപ്രിംകോടതിയുടെ വിധി ഏറെ നിർണായകമാണ്. ചോദ്യപേപ്പർ ചോർച്ചയിൽ രണ്ടുപേരെ കൂടി സിബിഐ ഇന്നലെ അറസ്റ്റ് ചെയ്തു. ഒരു ഉദ്യോഗാർഥിയും അറസ്റ്റിലായ മറ്റൊരു ഉദ്യോഗാർഥിയുടെ പിതാവുമാണ് ബിഹാറിൽ നിന്ന് അറസ്റ്റിലായത്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട 6 എഫ്ഐആറുകൾ ആണ് സിബിഐ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ 30 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.