ബംഗളൂരു: കേന്ദ്ര ബജറ്റിൽ നിർമല സീതാരാമനെ കുറ്റപ്പെടുത്തി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബജറ്റിൽ നേരിട്ട അവഗണനയിൽ പ്രതിഷേധം അറിയിച്ചായിരുന്നു കുറ്റപ്പെടുത്തൽ. ബജറ്റിൽ ഒരു തരത്തിലുള്ള അനീതിയും സംഭവിച്ചിട്ടില്ലെന്ന നിർമല സീതാരാമന്റെ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ സർക്കാർ ബജറ്റ് വിഹിതത്തിൽ അനീതി കാട്ടി. ബി.ജെ.പി സർക്കാർ കർണാടകയെ കാണുന്നത് അഴിമതി നിറഞ്ഞ സംസ്ഥാനമായിട്ടാണ്. ഈ അനീതിക്കെതിരെ എല്ലാവരും പ്രതിഷേധിക്കണം -ഡൽഹിയിൽ നടന്ന പാർട്ടി യോഗത്തിൽ സിദ്ധരാമയ്യ പറഞ്ഞു.
എൻ.ഡി.എ സഖ്യങ്ങളുള്ള ആന്ധ്ര പ്രദേശ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ ചെറിയ പദ്ധതികൾക്ക് പോലും ഫണ്ട് അനുവദിച്ചു. എന്തുകൊണ്ട് കർണാടകക്ക് തന്നില്ല. അടിസ്ഥാന സൗകര്യങ്ങൾക്കുൾപ്പെടെ മുൻ ബജറ്റിൽ കർണാടക്ക് നൽകിയ ഉറപ്പുകളെക്കുറിച്ചും സിദ്ധരാമയ്യ ചോദ്യങ്ങൾ ഉന്നയിച്ചു.
സ്‌പെഷ്യൽ ഗ്രാന്റുകൾ, ജലാശയങ്ങൾക്കുള്ള വികസനത്തിന് ആവശ്യമായ തുക, ബംഗളൂരുവിലെ റിങ് റോഡ് തുടങ്ങിയവക്കായി ഫണ്ടുകൾ അനുവദിച്ചതായി ഫിനാൻസ് കമ്മീഷൻ റിപ്പോർട്ടുകളിലുണ്ട്. രാജ്യത്ത് വ്യവസായ നിക്ഷേപങ്ങളിൽ 31 ശതമാനം ഇപ്പോൾ കുറവുണ്ട്. ഇതിന് കാരണം ആരെന്നറിയുമോ, നയങ്ങളും പദ്ധതികളും ഉണ്ടാക്കുന്ന കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ.
കേന്ദ്ര സർക്കാറിന് വേണ്ടി വലിയതോതിൽ ആദായ വരുമാനം നേടികൊടുത്തിട്ടും കർണാടകക്കും മഹാരാഷ്ട്രക്കുമൊക്കെ എന്താണ് ബജറ്റിൽ തിരിച്ച് കിട്ടിയത്? എപ്പോഴൊക്കെ കർണാടക ഇവർ സന്ദർശിച്ചിട്ടുണ്ടോ അപ്പോഴൊക്കെയും കള്ളങ്ങളാണ് പറഞ്ഞിട്ടുള്ളത്. മുമ്പും ഇതുപോലെ കള്ളങ്ങൾ പറഞ്ഞിട്ടുണ്ട് -സിദ്ധരാമയ്യ പറഞ്ഞു.